Wednesday 11 July 2018 05:31 PM IST

‘ഇക്കയൊന്ന് വീട്ടിൽ വന്നാൽ മതി അള്ളാ...’; ഫഹദിന്റെ പ്രാർത്ഥനകൾ വിഫലം, ഫിറോസിന് കണ്ണീരോടെ വിട

Binsha Muhammed

fahad-cover

‘എന്റെ ഇക്കാക്ക വീട്ടിൽ വന്നാൽ മതിയായിരുന്നു, അള്ളാ...’ പറഞ്ഞു മുഴുമിക്കാൻ ഉള്ളിൽ തളം കെട്ടി നിന്നിരുന്ന സങ്കടക്കടൽ ഫഹദിനെ അനുവദിച്ചില്ല. കണ്ടു നിന്നവർക്കും കണ്ണീർ വാർക്കാനേ ആകുമായിരുന്നുള്ളൂ. ഇക്കയുടെ ജീവൻ തിരിച്ചു കിട്ടാൻ കരഞ്ഞു കലങ്ങിയ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഫഹദിനെ അല്ലെങ്കിലും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്?

ഫഹദിന്റെയും ഇക്ക ഫിറോസിന്റെയും കൂട്ടുകാരുടെയുമെല്ലാം കാൽപ്പന്തുകളിക്കും സൊറ പറച്ചിലുകൾക്കും നിശബ്ദ പശ്ചാത്തലമായി മാത്രം നിന്നിട്ടുള്ള കണ്ണൂർ കടലായിയിലെ അഴിമുഖം രൗദ്രഭാവം പൂണ്ട ദിനമായിരുന്നു അന്ന്. കാനാമ്പുഴയിലെ മണൽപ്പരപ്പിലെ അന്നത്തെ സായാഹ്നം ഓർത്തെടുക്കുമ്പോൾ ഫഹദിന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകും.

fahad-1

പന്തെടുക്കാൻ അഴിയിൽ ഇറങ്ങവേ കാൽ മുറിഞ്ഞ് അനിയൻ ഫഹദും പിന്നാലെ കൂട്ടുകാരനും വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷപപെടുത്താൻ ഇറങ്ങിയതായിരുന്നു ഫിറോസ്. കൂടെപ്പിറപ്പിനെയും കൂട്ടുകാരനെയും ആഴങ്ങൾക്ക് വിട്ടു കൊടുക്കാൻ മനസു വന്നില്ല. ഫിറോസ് ഇരുവരെയും രക്ഷിക്കാനിറങ്ങി. രണ്ടു ജീവനുകളെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചപ്പോഴേക്കും ഫിറോസ് ചെളിയിൽ പുതഞ്ഞു പോയിരുന്നു. ഒട്ടുന്ന ചെളിയിൽ അധിക നേരം നിലയുറപ്പിക്കാൻ ആ കുഞ്ഞു കാലുകൾക്കാകുമായിരുന്നില്ല.

രണ്ട് ജീവനുകളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിൽ നാട്ടുകാർ നിൽക്കുമ്പോൾ അഴിമുഖത്തെ ചെളിക്കുണ്ടിൽ ഫിറോസ് എന്ന പതിനഞ്ചുകാരൻ ജീവനു വേണ്ടി മല്ലിടുകയായിരുന്നു. കാലിൽ മുറിവ് പറ്റി അബോധാവസ്ഥയിലായിരുന്ന ഫഹദിനും ചങ്ങാതിക്കും തങ്ങളുടെ ഇക്ക ഉള്ളിൽ ജീവനു വേണ്ടി പിടയുകയാണെന്ന് പറയാൻ ആകുമായിരുന്നില്ല.

fahad-2

ഫഹദ് ബോധം വീണ്ടെടുക്കുന്ന സമയമത്രയും ഫിറോസിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വൈകി. ഫിറോസിന്റെ പാതി ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു പിന്നീട്. ഒന്നു ശ്വാസമെടുക്കാൻ പോലുമാകാതെ ശ്വാസകോശത്തിൽ ചെളി നിറഞ്ഞ ഇക്കഴിഞ്ഞ 5 ദിവസം വരെയും കോഴിക്കോട്ടെ ഏതോ ഒരു സ്വകാര്യ ആശുപത്രിയിൽ മരണവുമായി ഫിറോസ് മല്ലിട്ടു.

ഫിറോസിന്റെ ജീവൻ തിരികെ വിട്ടാൻ ഏതറ്റം വരെയും പോകാൻ ഒരുക്കമായിരുന്നു ആ നിർദ്ധന കുടുംബം. പക്ഷേ ജീവൻ നിലനിർത്താനും മെച്ചപ്പെട്ട ചികിത്സയ്ക്കും പണം തന്നെ വേണമെന്നിരിക്കേ കണ്ണീർവാർക്കാനേ അവർക്കാകുമായിരുന്നുള്ളൂ. ആകെയുള്ള ആശ്രയം ഉള്ളുരുക്കുന്ന പ്രാർത്ഥന മാത്രം.

fahad-4

ഫഹദാകട്ടെ, കാനാമ്പുഴയിലെ മണൽപ്പരപ്പിൽ കാൽപ്പന്തു കളിക്കാനും സൊറ പറയാനും തന്റെ ഇക്ക തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു. ഇഷ്ട ടീമായ ഫ്രാൻസ് റഷ്യൻ ലോകകപ്പിൽ മുത്തമിടുന്ന നാളെണ്ണി കാത്തിരിപ്പായിരുന്നു ഫഹദും ഇക്ക ഫിറോസും.

പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം അസ്തമിച്ചു. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളെ വിഫലമാക്കി ആശുപത്രിയിൽ നിന്നും ആ അറിയിപ്പെത്തി. ഫിറോസ് അനിവാര്യമായ വിധിക്ക് വിളികേട്ട് ഈ ലോകത്തു നിന്നും മടങ്ങി.

fahad--5

ഇന്ന് മൈതാനപ്പള്ളിയിലെ ഖബറിസ്ഥാനിൽ, മൈലാഞ്ചിച്ചെടികൾക്കിടയിൽ അധികം വലിപ്പമില്ലാത്ത ഖബറിൽ ഫിറോസുണ്ട്. അവന്റെ കളിചിരികൾ നിറഞ്ഞ കാനാമ്പുഴയിലെ മണൽപ്പരപ്പും കടലായിയിലെ അഴിമുഖവും ആ ഖബറിനോട് ചേർന്ന് നിശബ്ദ പശ്ചാത്തലമൊരുക്കി മാറി നിൽപ്പുണ്ട്. പക്ഷേ ആ മണൽപ്പരപ്പിൽ ഫുട്ബോൾ കളിക്കാനും സൊറ പറയാനും ഫിറോസ് മാത്രമില്ലല്ലോ?

fahad-3