Saturday 05 November 2022 11:10 AM IST : By സ്വന്തം ലേഖകൻ

‘തിരിഞ്ഞില്ലായിരുന്നു എങ്കിൽ ചവിട്ട് അടിവയറ്റിൽ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നു’: പ്രതിയെ വിട്ടയച്ച് പൊലീസ്

rajasthan-boy-kicked

കാറിൽ ചാരി നിന്നതിന്റെ പേരിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി വ്യാപക ആക്ഷേപം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് ഉണർന്നത്. കുട്ടിയെ ചവിട്ടിയ യുവാവിനെ കേസെടുക്കാതെ വിട്ടയച്ചതാണ് പൊലീസിനെതിരെ ആക്ഷേപമുയരാൻ കാരണം.

ഇത്രയും ഗുരുതരമായ സംഭവത്തിലെ പ്രതിയെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിനു ശേഷം വിട്ടയച്ചത് പൊലീസിനു നാണക്കേടായി. പ്രതിയെ ആദ്യം വിട്ടയച്ചതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പൊലീസിനു വീഴ്ച പറ്റിയെങ്കിൽ അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും വ്യക്തമാക്കി.

അതേസമയം, പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയെന്നാണ് തലശ്ശേരി എഎസ്പി പി.നിധിൻ രാജ് പറയുന്നത്. പൊലീസ് ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഇടപെട്ടു. ‌അഡ‍്വ. സുജിത്ത് മോഹനനെ കുട്ടിയുടെ നിയമ കാര്യങ്ങൾക്കായി നിയമിച്ചു.

റിമാൻഡ് റിപ്പോർട്ട് ‘മരണം വരെ സംഭവിക്കാമായിരുന്നു’

പുതിയ ബസ് സ്റ്റാൻഡിൽ നാരങ്ങാപ്പുറത്ത് യുവാവിന്റെ ചവിട്ടേറ്റ കുട്ടി പെട്ടെന്നു തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ട് കുട്ടിയുടെ അടിവയറ്റിൽകൊണ്ട് മരണം വരെ സംഭവിക്കാമായിരുന്നുവെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗതാഗത തടസ്സമുണ്ടാക്കി പൊതു സ്ഥലത്തു പാർക്ക് ചെയ്തിരുന്ന കാറിലാണു‍ കുട്ടി ചാരി നിന്നത്. കാറിന്റെ ഡ്രൈവറായ ‍കെ.ഷിഹാദാണ് (20) കാറിൽ നിന്ന് ഇറങ്ങി വന്ന് കുട്ടിയെ ആക്രമിച്ചത്. ആദ്യം കുട്ടിയുടെ തലയ്ക്ക് ഇടിച്ചു.

മാറാതിരുന്നപ്പോൾ വീണ്ടും കാൽ കൊണ്ട് ചവിട്ടി. പെട്ടെന്നു തിരിഞ്ഞതിനാൽ ചവിട്ട് പുറത്താണേറ്റത്. ഇക്കാര്യത്തിൽ പ്രതി കുറ്റകരമായ നരഹത്യാശ്രമം നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഫോട്ടോ കുട്ടിയെ കാണിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ബിഇഎംപി ഹൈസ്കൂൾ പരിസരത്ത് വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.

ഒഴിഞ്ഞുമാറി എഎസ്പി 

തലശ്ശേരി സംഭവത്തിലെ പ്രതിയെ വ്യാഴം രാത്രി കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയച്ചതാണോയെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകാതെ തലശ്ശേരി എഎസ്പി പി.നിതിൻ രാജ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി: ‘സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊലീസ് സ്ഥലത്ത് എത്തി. വൈദ്യസഹായം ഉറപ്പുവരുത്തി.

സിസിടിവി ദൃശ്യങ്ങളിൽ നിന്നു വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ്, വാഹനം കണ്ടെത്തി. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. ഇന്നലെ രാവിലെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് കൃത്യമായി ഇടപെട്ടു, കേസ് റജിസ്റ്റർ ചെയ്തു. മൈനറായതിലാനും അതിഥിത്തൊഴിലാളിയുടെ കുട്ടിയായതിനാലും ആവശ്യമായ നടപടികളെല്ലാം വീഴ്ചയില്ലാതെ ചെയ്തിട്ടുണ്ട്.  

അന്വേഷിക്കും: ഡിജിപി 

തലശ്ശേരി സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസിനു വീഴ്ച സംഭവിച്ചുവോയെന്നതു തലശ്ശേരി എസിപി അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പൊലീസിനു വീഴ്ച പറ്റിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എഡിജിപി എം.ആർ.അജിത്കുമാറും പറഞ്ഞു.