Saturday 25 September 2021 12:46 PM IST : By സ്വന്തം ലേഖകൻ

അടച്ചിട്ട മുറിയിൽ വലിയ ശബ്ദം, പിന്നെ കേട്ടത് അമ്മയുടെ നിലവിളി: വാതിൽ ചവിട്ടി പൊളിച്ചപ്പോൾ...

kannur-muyipra

മുയിപ്രയിലെ ക്രൂരമായ കൊലപാതകത്തിനു കാരണം സതീശന്റെ മാനസിക അസ്വാസ്ഥ്യമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. മാവില സതീശൻ ഭാര്യയെയും 9 മാസം പ്രായമായ മകനെയും വെട്ടിയതിനു ശേഷം കത്തി കൊണ്ടു സ്വയം വെട്ടി മരിച്ച വാർത്തയാണ് രാവിലെ നാട്ടുകാർ അറിഞ്ഞത്. അറിഞ്ഞവരെല്ലാം ഓടിയെത്തി. മുയിപ്രയിൽ നിന്നു ചുണ്ടക്കുന്നിലേക്കുള്ള ഞെക്ലി റോഡരികിലെ വീട്ടിലായിരുന്നു സംഭവം. 

വർഷങ്ങൾക്കു മുൻപു പിതാവ് മരിച്ചതിനു ശേഷം മാതാവ് മാവില ദേവകി ആയിരുന്നു സതീശൻ ഉൾപ്പെടെ 4 മക്കളെ വളർത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന സതീശൻ ഹോട്ടൽ തൊഴിലാളിയായിരുന്നു. 5 വർഷം മുൻപാണ് അഞ്ജുവിനെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം ഒരു പ്രാവശ്യം ഗൾഫിൽ പോയി. 4 വർഷമായി നാട്ടിലാണ്. കഠിനാധ്വാനം ചെയ്തു സാമ്പത്തിക ഉയർച്ച നേടിയ വ്യക്തിയായിരുന്നു സതീശൻ എന്ന് പരിസരവാസികൾ പറയുന്നു. കുറച്ചു നാളായി ഇയാൾ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നുവെന്നു പറയുന്നു.

അടച്ചിട്ട മുറിയിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ദേവകിയുടെ നിലവിളി കേട്ടാണു നാട്ടുകാർ ഓടിക്കൂടിയത്. കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്ത് മറ്റു വീടുകളൊന്നും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സതീശന്റെ സഹോദരനും സുഹൃത്തുക്കളും എത്തി വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണു മുറിക്കുള്ളിൽ ചോരയിൽ കുതിർന്നു കിടക്കുന്നവരെ കണ്ടത്. സതീശൻ വീട്ടിൽ വച്ചു തന്നെ മരിച്ചിരുന്നു. ഭാര്യ അഞ്ജുവിനെയും കുട്ടിയെയും കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

കണ്ണൂർ റൂറൽ എസ്പി ഡോ.നവനീത് ശർമ, തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ, കുടിയാൻമല സിഐ അരുൺകുമാർ, കണ്ണൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ധനഞ്ജയബാബു എന്നിവർ കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും എത്തിയിരുന്നു.

More