Monday 04 November 2024 12:13 PM IST : By സ്വന്തം ലേഖകൻ

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനു ഇടയിലേക്ക് വീണു; വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

kannur-train78989

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിലേക്ക് വീഴാതിരുന്നതും ട്രെയിനിലോ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലോ തട്ടാതിരുന്നതുമാണ് രക്ഷയായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 8ന് ആണ് സംഭവം. 

മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ തലശ്ശേരി സ്വദേശിനി, മംഗളൂരുവിലേക്ക് പോകാനായി തലശ്ശേരിയിൽ നിന്നാണ് പുതുച്ചേരി എക്സ്പ്രസിൽ കയറിയത്. ട്രെയിൻ കണ്ണൂരിൽ നിർത്തിയപ്പോൾ സാധനം വാങ്ങാനായി പ്ലാറ്റ്ഫോമിലെ കടയിലേക്കു പോയി. സാധനങ്ങൾ വാങ്ങി യുപിഐ വഴി പണം നൽകാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. സാധനങ്ങൾ തിരിച്ചേൽപിച്ച് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. 

വാതിലിന്റെ അരികിലെ കമ്പിയിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. കണ്ടുനിന്നവർ ബഹളം വച്ചതിനെത്തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അപ്പോഴേക്കും നാലു കോച്ചുകൾ പെൺകുട്ടിയെ കടന്നുപോയി. റെയിൽവേ പൊലീസും യാത്രക്കാരും ചേർന്ന് കുട്ടിയെ വലിച്ച് പുറത്തെടുത്തു. 

ദേഹത്ത് പോറലേറ്റതൊഴിച്ചാൽ മറ്റു പരുക്കുകളില്ല. ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പിന്നീട് രക്ഷിതാക്കൾ എത്തിയശേഷം മറ്റൊരു ട്രെയിനിൽ യാത്ര തുടർന്നു.

Tags:
  • Spotlight