Thursday 18 July 2019 05:10 PM IST : By സ്വന്തം ലേഖകൻ

സ്വകാര്യ സ്കൂളല്ല, ഇതു സർക്കാർ സ്കൂൾ! അടച്ചു പൂട്ടലിന്റെ വക്കിൽ നിന്നും ഉയിർത്തെഴുന്നേറ്റത് മികവിന്റെ വഴിയിലേക്ക്

school-new

‘പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾക്കു പകരം പുത്തന്‍ മൂന്നുനില കെട്ടിടം. ക്ലാസ്സ് മുറികളെല്ലാം സ്മാർട്ടായി. കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിവയ്ക്കെല്ലാം വെവ്വേറെ ലബോറട്ടറികൾ. രണ്ടുനില ലൈബ്രറി, പഴയ കുപ്പക്കുഴി ഇപ്പോൾ ബാസ്കറ്റ് ബോൾ കോർട്ടാണ്. ബാസ്ക്കറ്റ് ബോൾ/ വോളിബോൾ/ ബാഡ്മിന്റൺ ഇൻഡോർ കോർട്ടിന്റെ താഴത്തെനില ഭക്ഷണശാലയാണ്. സ്റ്റീം കിച്ചൺ, ആംഫി തിയേറ്റർ, 50000 ലിറ്ററിന്റെ ജലസംഭരണി, 30 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ, മരങ്ങൾക്കു ചുറ്റും കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ. വേണമെങ്കിൽ ചാരിയിരിക്കുകയോ കിടക്കുകയോ ആവാം’ മന്ത്രി ഡോ.ടി.എം തോമസ് ഐസക് പറയുന്നത് ഒരു സ്വകാര്യ സ്കൂളിനെക്കുറിച്ചല്ല, സർക്കാർ സ്കൂളിനെക്കുറിച്ചാണ്. പന്ത്രണ്ട് വർഷം മുമ്പ് തൊണ്ണൂറോളം കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാരപറമ്പ് സ്കൂള്‍ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നതിനെക്കുറിച്ചാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

നടക്കാവ് സ്കൂളിന്റെ മാതൃകയിൽ കാരാപറമ്പ് സ്കൂളും അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. നടക്കാവ് സ്കൂളിനെയും എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ പ്രിസം പദ്ധതിയെക്കുറിച്ചും ഞാൻ ഒരു ലേഖനം എഴുതിയിട്ടുണ്ട് (http://dr-tm-thomas-isaac.blogspot.com/…/%E0%B4%A8%E0%B4%9F…). പന്ത്രണ്ട് വർഷം മുമ്പ് തൊണ്ണൂറോളം കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്കൂളാണിത്. ആയിരത്തിലേറെ കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സ്കൂളാണ്. ഇപ്പോൾ എഴുനൂറിൽപ്പരം കുട്ടികളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് എം.എൽ.എ.യ്ക്കൊപ്പം ഞാൻ ചെല്ലുമ്പോൾ ഹെഡ്മിസ്ട്രസും പ്രിൻസിപ്പലും സ്കൂൾ മാനേജ്മെന്റെും കമ്മറ്റി ചെയർമാനും മദർ പി.ടി.എ അധ്യക്ഷയും കുറച്ചധികം അധ്യാപകരും സന്നിഹിതരായിരുന്നു.

പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾക്കു പകരം പുത്തന്‍ മൂന്നുനില കെട്ടിടം. ക്ലാസ്സ് മുറികളെല്ലാം സ്മാർട്ടായി. കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിവയ്ക്കെല്ലാം വെവ്വേറെ ലബോറട്ടറികൾ. രണ്ടുനില ലൈബ്രറി, പഴയ കുപ്പക്കുഴി ഇപ്പോൾ ബാസ്കറ്റ് ബോൾ കോർട്ടാണ്. ബാസ്ക്കറ്റ് ബോൾ/ വോളിബോൾ/ ബാഡ്മിന്റൺ ഇൻഡോർ കോർട്ടിന്റെ താഴത്തെനില ഭക്ഷണശാലയാണ്. സ്റ്റീം കിച്ചൺ, ആംഫി തിയേറ്റർ, 50000 ലിറ്ററിന്റെ ജലസംഭരണി, 30 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ, മരങ്ങൾക്കു ചുറ്റും കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ. വേണമെങ്കിൽ ചാരിയിരിക്കുകയോ കിടക്കുകയോ ആവാം.

സമ്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന സ്കൂൾ എന്ന ബഹുമതിയും സ്കൂളിനു ലഭിച്ചുകഴിഞ്ഞു. പഴയ മരങ്ങളൊന്നും മുറിച്ചിട്ടില്ല. ചിലയിടങ്ങളിൽ മരത്തിനുവേണ്ടി കെട്ടിടങ്ങൾ വളഞ്ഞുകൊടുക്കുന്നതും കണ്ടു. ഇവിടേയ്ക്ക് ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സോളാർ പാനലിൽ നിന്നാണ് ലഭിക്കുന്നത്. ബയോഗ്യാസ് പ്ലാന്റും തുമ്പോർമുഴി എയറോബിന്നുമുണ്ട്. ശുചിമുറികളിലെ സൌകര്യങ്ങൾ മാത്രമല്ല, വൃത്തിയും നമ്മെ അത്ഭുതപ്പെടുത്തും. ആദ്യമായിട്ടാണ് ഞാന്‍ ദുർഗന്ധമില്ലാത്ത ഒരു സ്കൂൾ ശുചിമുറിയിൽ പോകുന്നത്.

എത്ര അഭിമാനത്തോടെയാണ് അധ്യാപകർ ഓരോ സൗകര്യങ്ങളേയും കുറിച്ച് വിശദീകരിച്ചു തന്നത്. എന്നിട്ടും എന്തുകൊണ്ട് എഴുന്നൂറു കുട്ടികൾ മാത്രം? കാരാപ്പറമ്പ് സ്കൂൾ മലയാളം മീഡിയം ആണ്. രക്ഷാകർത്താക്കൾക്ക് ഇംഗ്ലീഷ് മീഡിയത്തോടാണ് കമ്പം. മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾ ഇംഗ്ലീഷ് മീഡിയം കുട്ടികളെക്കാൾ നന്നായി ഇംഗ്ലീഷ് പറയിക്കുന്നതിനുള്ള വെല്ലുവിളി കാരാപറമ്പ് സ്കൂൾ ഏറ്റെടുത്തു കഴിഞ്ഞു.