Saturday 23 May 2020 04:32 PM IST

കരിമീന്‍ കറുമുറെ അകത്താക്കും മുമ്പ് ഇതൊന്നു കേട്ടോളൂ...ഹൃദയമുള്ളവര്‍ പിന്നെ തൊടില്ല!

V N Rakhi

Sub Editor

fish

കേരളത്തെക്കുറിച്ചു പറയുമ്പോള്‍ എവിടെയെങ്കിലുമൊക്കെ പ്രതിനിധിയായി കരിമീനും കയറി വരും. മലയാളികളുടെ ഊണിനെക്കുറിച്ചു പറയുമ്പോഴും കരിമീനിന് വന്‍ ഡിമാന്‍ഡാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമീനിന് ആരാധകരേറെ. ചിക്കിലി ഇത്തിരി എണ്ണിക്കൊടുത്താണെങ്കിലും കരിമീനും കൂട്ടി വിശാലമായൊരു പിടിപിടിച്ച് സായൂജ്യമടയുന്നവര്‍ അതിലുമേറെ.

ഈ കരിമീനിനെ എപ്പോഴെങ്കിലും അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലാത്തവര്‍ അറിയാനായി കരിമീന്റെ ജീവിതകഥ പങ്കുവയ്ക്കുകയാണ് ദ മലയാളി ക്ലബ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗമായ കണ്ണന്‍ അനില്‍കുമാര്‍. കരിമീന്‍ എന്ന ഏകപത്‌നീവ്രതക്കാരനെയും അവന്റെ ജീവിതത്തെയും കുറിച്ച് വിശദമായി പോസ്റ്റില്‍ പറയുന്നു.ഒരിക്കല്‍ ഇണയെ നഷ്ടപ്പെട്ടാല്‍ കരിമീന്‍ പിന്നീടൊരിണയെ സ്വീകരിക്കുകയില്ലത്രേ. മാത്രമല്ല, ഭക്ഷണം തേടിപ്പോകാതെ മുട്ടകള്‍ക്കു കാവല്‍ നിന്നും കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ ഒരാള്‍ കാവല്‍ നിന്ന് മറ്റെയാള്‍ മാത്രം ഭക്ഷണം തേടിപ്പോയും മറ്റു മത്സ്യങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ എപ്പോഴും സംരക്ഷിക്കുന്നവയാണ് കരിമീന്‍ അച്ഛനമ്മമാര്‍ എന്നും പറയുന്നു.

പരിപാവനമായ ഭാര്യാഭര്‍തൃബന്ധം പഠിപ്പിച്ചുതരുന്ന കരിമീന്‍ തന്നെയാണ് കേരളത്തിന്റെ സ്വന്തം മീന്‍ എന്ന് ഊന്നിപ്പറയുന്നതാണ് എഫ് ബി പോസ്റ്റ്. ''ഒരിക്കല്‍ ഒരു ഇണയെ തിരഞ്ഞെടുത്താല്‍ പിന്നെ അതിന്റെ കൂടെ മാത്രമേ കരിമീന്‍ കഴിയുകയുള്ളൂ. ആ ബ്രീഡിങ് പെയര്‍ പോയാല്‍ പിന്നെ ആ മത്സ്യം വേറെ ഇണയുമായി ചേരില്ല. അതുകൊണ്ട് കരിമീനുകള്‍ അവയുടെ ഇണയെ കണ്ടെത്തിയ ശേഷം മാത്രമേ ബ്രീഡിങ്ങിനായി ഞങ്ങള്‍ അവയെ വേര്‍തിരിച്ച് നിക്ഷേപിക്കാറുള്ളൂ. പേരെന്റല്‍ കെയര്‍ നല്‍കുന്ന രണ്ട് മത്സ്യങ്ങളാണ് കരിമീനും ഏയ്ഞ്ചല്‍ ഫിഷും. ഇവ രക്ഷിതാക്കളെപ്പോലെ എപ്പോഴും കുഞ്ഞുങ്ങളുടെ കൂടെ കൊണ്ടുനടന്ന് സംരക്ഷിക്കുന്ന മത്സ്യങ്ങളാണ്.' കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസി(KUFOS)ലെ ഫിഷിങ് ടെക്‌നോളജി അസിസ്റ്റന്റ് ആയ സനീര്‍ നീറുങ്കല്‍ പറയുന്നു. ഏതായാലും ഇനി കരിമീനിനെ കാണുമ്പോള്‍ ഇതൊക്കെ ഒന്ന് മനസ്സില്‍ തെളിയുന്നത് നല്ലതായിരിക്കും എന്നു ചുരുക്കം.

Tags:
  • Spotlight