Saturday 06 March 2021 02:30 PM IST : By സ്വന്തം ലേഖകൻ

സ്വര്‍ണമുണ്ടെന്ന് സംശയം, 45 ലക്ഷത്തിന്റെ വാച്ച് 'പൊളിച്ചു കയ്യില്‍ കൊടുത്ത്' കസ്റ്റംസ്: കേടാക്കിയെന്നു പരാതിയുമായി യാത്രക്കാരന്‍

watch

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കേടാക്കിയെന്ന സംഭവത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസിനും പരാതി നല്‍കി. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 2.50നു ദുബായില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്.

.കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും കൂടി പരാതി നല്‍കി. സ്വര്‍ണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച് യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. 

ടെക്‌നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച് കേടാക്കി എന്നാണ് ആക്ഷേപം.മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരന്‍ 2017ല്‍ ദുബായിലെ ഷോറൂമില്‍നിന്ന് 2,26,000 ദിര്‍ഹം (ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലധികം) നല്‍കി വാങ്ങിയ വാച്ച് അടുത്തിടെ ഇസ്മായിലിനു നല്‍കുകയായിരുന്നു എന്നും വാച്ച് കേടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ കെ.കെ.മുഹമ്മദ് അക്ബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയതായി പ്രസിഡന്റ് കെ.എം.ബഷീറും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍