Friday 07 August 2020 09:43 PM IST : By സ്വന്തം ലേഖകൻ

കേരളത്തിന് ദു:ഖവെള്ളി; കരിപ്പൂരില്‍ വിമാനാപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്; വിമാനം താഴ്ചയിലേക്ക് വീണ് രണ്ടായി പിളര്‍ന്നു

karipur

കേരളത്തിനിന്ന് കറുത്ത ദിനം. ഇടുക്കി രാജമലയിലെ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ ജീവന്‍വെടിഞ്ഞ വാര്‍ത്തയ്ക്കു പിന്നാലെ കരിപ്പൂര്‍ വിമാനാപകട വാര്‍ത്ത. എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടം. വിമാനം 35 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം വിമാനത്തിന്റെ പൈലറ്റ് മരിച്ചുവെന്നാണ് പ്രാഥമിക വിവരം. സഹപൈലറ്റിനും ഗുരുഗരമായ പരുക്കുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയാണ് മരിച്ചതെന്നാണ് വിവരം. ഫസ്റ്റ് ഓഫിസര്‍ അഖിലേഷിന് ഗുരുതരപരുക്ക്. 

ദുബായില്‍ നിന്നുള്ള 190 യാത്രക്കാരുണ്ടായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ്-കോഴിക്കോട് വിമാനമാണ് (ഐ എക്‌സ് 1344) അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെയാണ് സംഭവം. വിമാനത്തിന് സാരമായ കേടുപാട് പറ്റി.  സ്ഥലത്തു ശക്തമായ മഴയുണ്ട്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. വിമാനം ഇറങ്ങേണ്ട റണ്‍വേയില്‍ നിന്നും ഏറെ മുന്നോട്ടു മാറിയാണ് വിമാനം ഇറങ്ങിയത്. ലാന്‍ഡിങ്ങില്‍ വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.