Tuesday 11 August 2020 01:09 PM IST : By സ്വന്തം ലേഖകൻ

അപകടത്തില്‍ മരിച്ച ഭാര്യ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍! കാഴ്ച കണ്ട് സ്തബ്ധരായി അതിഥികള്‍; സംഭവിച്ചത്

stattue

ചില മരണങ്ങള്‍... അപ്രതീക്ഷിത വിടവാങ്ങലുകള്‍.. അവയെല്ലാം കാലമെത്ര കഴിഞ്ഞാലും നമ്മുടെ ജീവിതത്തില്‍ ജ്വലിക്കുന്ന ഓര്‍മകളായി നില്‍ക്കും. നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും നമ്മളെ വിട്ട് പോയവര്‍ നമുക്ക് എത്രയും പ്രിയപ്പെട്ടവരായിരുന്നു എന്ന തോന്നലുണ്ടാക്കുന്നത്. വിടപറഞ്ഞു പോയവരുടെ അഭാവം നിഴലിച്ചു നില്‍ക്കുന്ന സന്തോഷ നിമിഷങ്ങള്‍ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. കര്‍ണാടകയിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത്. ഹൃദയപ്പാതിയായ ഭാര്യ മാധവിയെ ഒരപകടത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തില്‍ മറ്റൊരു സുപ്രധാന വേളയില്‍ ആ ഭാര്യയുടെ മറക്കാത്ത ഓര്‍മകളെ അദ്ദേഹം തിരികെ കൊണ്ടു വന്നു. അത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. 

ഇക്കഴിഞ്ഞ ഓഗസ്റ്റ്  8നായിരുന്നു കര്‍ണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന സുപ്രധാന ചടങ്ങ്. സ്വീകരണമേറ്റു വാങ്ങി ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികള്‍ ഒരു  നിമിഷം ആ കാഴ്ച കണ്ട് അമ്പരന്നു പോയി. സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് സോഫയില്‍ പുഞ്ചിരിയോടെ ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ ഇരിക്കുന്നു.  മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്ന് സംശയിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന 'വ്യക്തി' ഇരുന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചുരുളഴിഞ്ഞത് വലിയൊരു സ്‌നേഹത്തിന്റെ കഥ കൂടിയാണ്. 

ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയായിരുന്നു അതിഥികളെ വരവേല്‍ക്കാന്‍ ആതിഥേയന്‍ കാത്തുവച്ചിരുന്നത്. പുതിയൊരു വീടെന്ന സ്വപ്‌നം മനസില്‍ താലോലിച്ച ഭാര്യ മരിച്ചു പോയെങ്കിലും ആ ഓര്‍മകളെ തിരികെ വിളിക്കുകയായിരുന്നു ശ്രീനിവാസ മൂര്‍ത്തി. അതും നിശ്ചല പ്രതിമയിലൂടെ. മരണശേഷം ഭാര്യയുടെ സ്വപ്‌നം സഫലീകരിക്കാനാണ് ഇങ്ങനെയൊരു ശ്രമമെന്ന്  അദ്ദേഹം പറയുന്നു. ഭാര്യയെ എന്നും ഓര്‍ക്കാന്‍ എന്തെങ്കിലും പ്രത്യേകത വീട്ടില്‍ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിര്‍മിക്കാന്‍ കാരണമായത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂര്‍ണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓര്‍ക്കാന്‍ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം.

മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണ് ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ ഒന്നാകെ ഉലച്ചു.