Saturday 28 March 2020 03:05 PM IST : By സ്വന്തം ലേഖകൻ

'ആരൊക്കെയോ ചെയ്തുകൂട്ടിയ സാമൂഹ്യ ബോധമില്ലായ്മ; കുറ്റബോധത്തിന്റെ ഉമിത്തീയിൽ വെന്തുരുകുകയാണ് ഈ നാട്'; കുറിപ്പ്

kasargod54tfyugugh

ദിവസം ചെല്ലും തോറും കൊറോണ ജനങ്ങൾക്കിടയിൽ പടർത്തുന്ന ഭീതി ചെറുതല്ല. കഴിഞ്ഞ ദിവസം കാസർഗോഡ് മാത്രം 34 പേർ രോഗബാധിതരായി. കാസർകോട് ജില്ലയിൽ ഇന്നലെ  രോഗം സ്ഥിരീകരിച്ച 34 പേരിൽ മുൻപ് രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പതിനൊന്ന് പേർക്കാണ് കൊറോണ പൊസിറ്റീവായത്. 25 പേർ ദുബായിൽ നിന്നെത്തിയവരാണ്. ഇതിൽ ഒൻപത് സ്ത്രീകളും 11, 16 വയസുള്ള കുട്ടികളും ഉൾപ്പെടുന്നു. കുറച്ചുപേരുടെ സാമൂഹ്യ ബോധമില്ലായ്മയാണ് ഇത്രയധികം പേരിലേക്ക് രോഗം പടരാൻ കാരണമായത്. ഈ വിഷയത്തിൽ ജിതേഷ് മംഗലത്ത് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.  

ജിതേഷ് മംഗലത്ത് എഴുതിയ കുറിപ്പ് വായിക്കാം; 

അത് മുന്നിലെത്തി നിൽക്കുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു വികാരമുണ്ട്; പേരറിയാത്ത ഒരു വികാരം. ഓഫീസിലേക്കു പോകാൻ നിരത്തിലിറങ്ങുമ്പോൾ കാണുന്ന എണ്ണത്തിൽ കുറഞ്ഞ മാസ്കുകൾക്കു പിന്നിലെ കണ്ണുകളിലും, ഓരോ ട്രാഫിക് ജംഗ്ഷനിലും കൈകാണിച്ച് കാര്യം തിരക്കുന്ന പൊലീസുകാരന്റെ കണ്ണുകളിലും, ബാങ്കിലെത്തുന്ന ഓരോ കസ്റ്റമറുടെ കണ്ണിലും അത് തിരിച്ചറിയാൻ കഴിയുന്നുണ്ട്. 

ക്വാളിഫ്ലവർ നാളെയുണ്ടാവുമോ എന്ന ചോദ്യത്തിന് സ്ഥിരം പച്ചക്കറി വാങ്ങുന്ന കടയിലെ സുകുമാരേട്ടൻ നൽകിയ വിളറിയ ചിരിയിൽ 'നാളെ ഉണ്ടാവുമോ' എന്ന മറുചോദ്യം തെളിഞ്ഞു കാണാമായിരുന്നു. ആരൊക്കെയോ ചെയ്തു കൂട്ടിയ സാമൂഹ്യ ബോധമില്ലായ്മയുടെ കുറ്റബോധത്തിന്റെ ഉമിത്തീയിൽ വെന്തുരുകുകയാണ് ഈ നാട്; ഇനിയെന്തെന്നറിയാതെ ഉഴലുകയാണ്. അനിശ്ചിതത്വത്തിന്റെ, ഭീതിയുടെ പേടിപ്പെടുത്തുന്ന മണമാണ് ഇപ്പോഴിവിടുത്തെ രാവുകൾക്ക്.

അതിനിടയിലും ബാങ്ക് ശാഖകളിലെത്തുന്ന പ്രവാസി കസ്റ്റമേഴ്സും, അവരുടെ പൊട്ടൻഷ്യൽ പ്രൈമറി കോണ്ടാക്ടുകളും സമ്മാനിക്കുന്ന ഭീതി വേറെയും. സാനിറ്റൈസറുകളോ, മാസ്കുകളോ ഉപയോഗിക്കാതെ മോനേയെന്നും മോളേയെന്നും സ്നേഹത്തോടെ വിളിച്ചെത്തുന്നവരോട് എത്ര പറഞ്ഞിട്ടും അവർക്ക് കാര്യം മനസ്സിലാകാത്തതിന്റെ നിസ്സഹായതക്കിടയിലാണ് വീട്ടുകാരുടെയും , സ്നേഹിതരുടെയും അന്വേഷണങ്ങൾ. 

സിസി ടിവിയിലെ ഫുട്ടേജുകളിൽ തെളിയുന്ന, സാനിറ്റൈസറിനെ ഗൗനിക്കാതെ, മുഖവും, മൂക്കും ചൊറിഞ്ഞ്, മെഷീനു മുകളിൽ കൈ കൊണ്ട് താളം പിടിച്ച് എടിഎമ്മിൽ നിന്ന് കാശെടുക്കുന്ന ആൾക്കാരെ കാണുമ്പോൾ നെഞ്ചിൽ തീയാണ്. ആ എടിഎമ്മിലാണ് ഞങ്ങൾ കാശ് നിറക്കുന്നത്, അതിന്റെ കീബോർഡാണ് ഞങ്ങളും ആ സമയമുപയോഗിക്കുന്നത്. അളവിൽ കുറയുന്ന സാനിറ്റൈസർ കുപ്പികൾ ഓരോ ദിവസവും നെഞ്ചിലൊരാന്തലാകുന്നു. 

മാസ്കുകൾ തൂവാലക്കെട്ടിലേക്ക് മാറിയിട്ട് ദിവസങ്ങളായിരിക്കുന്നു. ഇനിയെന്തെന്ന ദൈന്യതയാർന്ന ചോദ്യങ്ങൾക്ക് എവിടെ നിന്നും ഒരു സഹതാപത്തിനപ്പുറമുള്ള ഉത്തരങ്ങൾ കിട്ടാതായിരിക്കുന്നു. അത്രമേൽ ഞങ്ങൾ ഒറ്റക്കായിക്കൊണ്ടിരിക്കുന്നു. കാസർഗോഡ് ജോലി ചെയ്യുന്ന ഒരു ബാങ്കറാകുന്നത് ഇപ്പോൾ അത്രമേൽ അപകടം പിടിച്ച ഒരു അവസ്ഥയായി മാറുന്നത് ഇങ്ങനെയൊക്കെയാണ്.

Tags:
  • Spotlight
  • Social Media Viral