Thursday 03 December 2020 03:12 PM IST

കാസർകോട് കൊടക്കാട്ടെ ഈ 14 അംഗ ‘കൂലിപ്പണി’ സംഘത്തിന്റെ യോഗ്യത കേട്ടാൽ ഞെട്ടും; വൈറ്റ് കോളർ ജോലി കിട്ടിയില്ലെങ്കിൽ വീട്ടിലിരിക്കും എന്ന് പറയുന്നവർ അറിയുക

Roopa Thayabji

Sub Editor

JJC_7119

പഠിപ്പുള്ളവർ പാടത്തെ പണിക്കും തെങ്ങുകയറ്റത്തിനും ഒാട്ടോ ഓടിക്കാനും എന്തിനു പോണമെന്നാണോ? എന്നാൽ ഇവരെ തീർച്ചയായും പരിചയപ്പെടണം..

വൈറ്റ് കോളർ ജോലി കിട്ടിയില്ലെങ്കിൽ വീട്ടിൽ ചുമ്മാ ഇരിക്കും എന്ന് പറയുന്നവർ കാസർകോട് കൊടക്കാട്ടെ ഈ 14 അംഗ ‘കൂലിപ്പണി’ സംഘത്തിന്റെ യോഗ്യത കേട്ടാൽ ഞെട്ടും. എംബിഎ പാസ്സായ അജിത് രാജ്,  കോസ്റ്റ് മാനേജ്‌മന്റ് അക്കൗണ്ടിങ് പാസ്സായ നവനീത് ദാമോദർ, എംഎസ്‍സി, ബി എഡ് കഴിഞ്ഞ നിർമൽ, എംബിഎ കഴിഞ്ഞ വിന്യാസ്, സിവിൽ എൻജിനിയറിങ് അവസാന വർഷ വിദ്യാർഥി അശ്വിൻ, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് പാസായ രജുലാൽ പലേരി, ഹോട്ടൽ മാനേജ്‌മെന്റ് പാസ്സായ ഹരികൃഷ്ണൻ, കംപ്യൂട്ടർ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥി ജിഷ്ണു, ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞ അർജുനും വൈശാഖും, ബികോം കഴിഞ്ഞ അ നിരുദ്ധ്, എംകോം കാരനായ ശ്രീരാജ്, ഇ മാക് ഡിപ്ലോമ കഴിഞ്ഞ നികേഷ്, വിഎച്എസ്ഇ പാസായ അഭിനന്ദ്...

വെങ്ങാപ്പാറ നാഷനൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളുടെ തലയിൽ മിന്നിയ ഐഡിയയാണ് ഈ പ്രഫഷനൽ കൂലിപ്പണി സംഘത്തിന്റെ പിറവിക്ക് കാരണമായത്. ‘‘എംബിഎ പാസ്സായ ശേഷം 16 വർഷമായി വിദേശത്തു ജോലി ചെയ്യുകയായിരുന്നു ഞാൻ. ലോക്ഡൗൺ വന്നതോടെ നാട്ടിലെത്തി. ക്വാറന്റീൻ കഴിഞ്ഞു ക്ലബ്ബിലേക്ക് ഇറങ്ങിയപ്പോൾ അദ്‍ഭുതം തോന്നിപ്പോയി.

നാലഞ്ചു പേര് ഒന്നിച്ചു കൂടി ഇരുന്നാലും മിക്കവരും ഫോണിൽ തന്നെ നോക്കി ഇരിക്കുന്നു. ഇവരുടെ മുഖം ഒന്ന് ഉയർത്തി കിട്ടാൻ വേണ്ടിയാണ് ഒന്നിച്ചു ജോലിക്ക് പോകുന്ന കാര്യം എടുത്തിട്ടത്.

കാട് പിടിച്ചു കിടക്കുന്ന പറമ്പും മറ്റും വൃത്തിയാക്കാൻ ആളെ കിട്ടാനില്ലാത്ത കാലമാണ്. വലിയ ഡിഗ്രി ഉണ്ടെന്നു കരുതി മണ്ണിലിറങ്ങി പണിയെടുക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. വീട്ടുകാരുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ബലം.’’ ടീം ക്യാപ്റ്റനായ അജിത് രാജ് പറയുന്നു.

SMHL9334

അജിത്തിന്റെ ആഹ്വാനം മനസ്സിൽ സ്വീകരിച്ച് ആദ്യം എ ത്തിയത് അശ്വിനും രജുലാലും ഹരികൃഷ്ണനും ജിഷ്ണുവും അർജുനും ആണ്. അങ്ങനെ അടുത്തൊരു സ്ഥലത്തു നടക്കുന്ന വീടുപണി സൈറ്റിൽ ചെങ്കല്ല് ചുമക്കാൻ പോയി. രണ്ടാം നിലയുടെ മുകളിലേക്ക് കല്ല് ചുമന്ന് കയറ്റുന്നതായിരുന്നു ആദ്യത്തെ ടാസ്ക്.

ജോലി കഴിഞ്ഞ് ഇറങ്ങാൻ നേരം കൂലി കൊടുക്കാൻ വീട്ടുടമ എത്തി. പക്ഷേ, അവിടെ വീണ്ടും ട്വിസ്റ്റ്. ഉടമ നൽകിയ കൂലിയിൽ നിന്ന് കുറച്ചു പണം അവർ തിരിച്ചു കൊടുത്തു. ‘‘പണിയെടുത്തു ശീലം ഇല്ലാത്ത ഞങ്ങൾ കൂടുതൽ സമയമെടുത്താണ് ജോലി തീർക്കുന്നത്. രണ്ടു ദിവസം കൊണ്ട് തീർക്കേണ്ട ജോലിക്ക് ഞങ്ങൾക്ക് മൂന്ന് ദിവസം വേണ്ടി വരും. എന്നു കരുതി മൂന്ന് ദിവസത്തെ കൂലി വാങ്ങുന്നത് മര്യാദ അല്ലല്ലോ.’’ കൂലി തിരികെ കൊടുക്കുന്നതിന് കൊടക്കാട് ടീമിന് ന്യായമുണ്ട്.

ഇവരുടെ കൂടെ ഓരോരുത്തരായി വന്നു ചേർന്ന് ഇപ്പോൾ സംഘത്തിൽ 14 പേര് ആയി. കോവിഡ്‌ പ്രോട്ടോകോൾ ഉള്ളതിനാലും ജോലി കൂടുതൽ വരുന്നത് കൊണ്ടും രണ്ടോ മൂന്നോ ടീം ആയി തിരിഞ്ഞാണ് ഇപ്പോൾ ജോലിക്കു പോകുന്നത്.

നാട്ടിൽ എവിടെ കൊയ്‌ത്തുണ്ടെങ്കിലും പറമ്പു കിളയ്ക്കണമെങ്കിലും ഇവരുടെ സേവനം തേടി വിളി വരും. എവിടെ പോയാലും വൈകിട്ട് നാഷനൽ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ സംഘം ഒത്തുകൂടും. പിന്നെ, ഒരു ദിവസത്തെ മുഴുവൻ സന്തോഷവും പങ്കുവച്ചു വീടുകളിലേക്ക് മടങ്ങും.

Tags:
  • Spotlight
  • Motivational Story