Tuesday 07 December 2021 04:00 PM IST : By സ്വന്തം ലേഖകൻ

ടീഷർട്ടിന്റെ പോക്കറ്റിൽ നിറയെ പണം, കയ്യിലും കാലിലും രക്തക്കറ; ചോദിച്ചപ്പോൾ പച്ചക്കറി വാങ്ങാനെന്ന് മറുപടി; കൊലക്കേസ് പ്രതിയെ കുടുക്കിയത് റെയിൽവേ പൊലീസിന്റെ ഇടപെടൽ

kasargod-arrested-ashok.jpg.image.845.440 അശോകനെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം.ചിത്ര, പി.ഗംഗാധർ എഎസ്ഐ എം.വി. പ്രകാശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തപ്പോൾ

ഇന്നലെ രാവിലെ ഏഴിനാണ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഒരാൾ മേൽപാലത്തിന്റെ തൂണിനു താഴെ പുകവലിച്ചിരിക്കുന്നത് എഎസ്ഐ എം.വി. പ്രകാശന്റെ ശ്രദ്ധയിൽപ്പെടുന്നത്. ചോദ്യങ്ങൾക്കു പരസ്പര വിരുദ്ധമായ മറുപടി കിട്ടിയതോടെ സംശയം ഉടലെടുത്തു. റെയിൽവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ഗംഗാധരനും സ്ഥലത്തെത്തി. ടീഷർട്ടിന്റെ പോക്കറ്റ് പൊങ്ങി നിൽക്കുന്നതു കണ്ടപ്പോൾ അതു തുറക്കാ‍ൻ ആവശ്യപ്പെട്ടു. നിറയെ പണം. ഇതോടെ സംശയം ബലപ്പെട്ടു. തുടർന്നാണ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയി പേരുവിവരങ്ങളും ഉൾപ്പെടെ ചോദിക്കുന്നത്. ബേഡകത്ത് നിന്നാണ് വരുന്നതെന്നതെന്നും കീഴൂർ ക്ഷേത്രത്തിൽ പോയി വരുകയാണെന്നും മറുപടി. 

എന്തിനാണ് ഇത്രയും പണമെന്നു ചോദിച്ചപ്പോൾ പച്ചക്കറി വാങ്ങാനാണെന്നും ശബരിമലയ്ക്കു പോകണമെന്നും പറഞ്ഞു. ഇതിനിടെ ശരീരം പരിശോധിക്കുമ്പോൾ കയ്യിലും കാലിലും ചുവപ്പ് കറ കണ്ടു. ക്ഷേത്രത്തിൽ നിന്നുള്ള കുറിയുടേതാണെന്ന് ആദ്യം കരുതിയെന്നു എഎസ്ഐ എം.വി. പ്രകാശൻ പറഞ്ഞു. എന്നാൽ മണത്തു നോക്കിയപ്പോൾ രക്തക്കറയാണെന്നു തിരിച്ചറിഞ്ഞു. ഇതിനിടെ ബേഡകത്തെ ഒരു പൊലീസുകാരനെ വിളിച്ചു വിവരങ്ങൾ തേടി. 

പെർളടുക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അശോകൻ രക്ഷപ്പെട്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതോടെ പ്രതി ഇയാളെന്ന് ഉറപ്പിച്ചു. തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു അരമണിക്കൂറിനുള്ളിൽ ബേഡകം സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘമെത്തി പ്രതിയെ കൈമാറി. റെയിൽവേ പൊലീസിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി പ്രതി രക്ഷപ്പെടുമായിരുന്നു. പ്രതി മൊബൈ‍ൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ എവിടേക്കു പോയെന്നറിയാതെ പൊലീസ് ഇരുട്ടിൽ തപ്പേണ്ടി വരുമായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ചിത്രയും സംഘത്തിലുണ്ടായിരുന്നു. 

Tags:
  • Spotlight