Saturday 11 August 2018 05:23 PM IST

സാഹിത്യത്തിലെ പരീക്ഷണങ്ങൾ മലയാളിക്ക് പ്രഹസനം! വനിത ഗ്രാഫിക് നോവലിസ്റ്റ് പറയുന്നു

V.G. Nakul

Sub- Editor

kavitha00

ഒരു എഴുത്തുകാരിയുടെ, പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രാഫിക് നോവൽ എന്നു വിശേഷിപ്പിക്കാം ‘പൂ എന്ന പെൺകുട്ടി’യെ. കവിത ബാലകൃഷ്ണന്റെ ആദ്യ നോവൽ ശ്രമം. കവയത്രി, ചിത്രകലാ അധ്യാപിക, കലാ നിരൂപക, ചിത്രകാരി തുടങ്ങി നിരവധി വിശേഷണങ്ങളാണ് കവിതയ്ക്ക്. എഴുത്തുകാരനായ ബാലകൃഷ്ണൻ അഞ്ചത്തിന്റെ മകൾ. തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രം അധ്യാപികയായ കവിതയുടെ ആദ്യ പുസ്തകം, കവിതകളുടെ സമാഹാരമായ ‘അങ്കവാലുള്ള പക്ഷി’. ‘ഞാന്‍ ഹാജരുണ്ട്’, ‘കവിതയുടെ കവിതകൾ’ 2007 ൽ മികച്ച കലാനിരൂപണത്തിനുള്ള കേരള ലളിത കലാ അക്കാഡമി അവാർഡ് നേടിയ ‘കേരളത്തിലെ ചിത്രകലയുടെ വർത്തമാനം’,‘ആധുനിക കേരളത്തിലെ ചിത്രകല’,‘കലയുടെ നവലോകം’ എന്നിവയാണ് കവിതയുടെ മറ്റ് പ്രധാന പുസ്തകങ്ങൾ.

കവിതയുടെ കവിതകൾ പോലെ നോവലും ആശയത്തിലും അവതരണത്തിലും തികഞ്ഞ പരീക്ഷണമാണ്. ഇത്തരത്തിൽ ലോകത്താകമാനം ഏതു ഭാഷകളിലും ശക്തമാകുന്ന പുതിയ പരീക്ഷണങ്ങളിൽ മലയാളത്തിന്റെ സംഭാവന. ‘പൂ എന്ന പെൺകുട്ടി’യുടെ പശ്ചാത്തലത്തിൽ കവിത ബാലകൃഷ്ണൻ വനിത ഓൺലൈനോട് സംസാരിക്കുന്നു.

മലയാളത്തിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ ഗ്രാഫിക് നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയാണ്. എന്തായിരുന്നു ഇങ്ങനെയൊരു പരീക്ഷണത്തിന്റെ പ്രേരണ ?

പല പ്രേരണകളുണ്ട്. പ്രധാനമായും ഞാൻ ഗ്രാഫിക് നോവലുകൾ ധാരാളമായി വായിക്കും. അതിൽ ‘മർജെയിൻ സട്രാഫി’ എന്ന ഇറാനിയൻ എഴുത്തുകാരിയുടെ ‘പെർസെപോലിസ്’ എന്ന നോവൽ വളരെ രസകരമായി തോന്നി. ഇറാനിലെ രാഷ്ട്രീയ സംഭവങ്ങളും അവിടുത്തെ സ്ത്രീകൾ പർദ്ധയിടാൻ തുടങ്ങിയതുമൊക്കെയാണ് കഥ. മലയാളം വായനക്കാരെ സംബന്ധിച്ച് ഗ്രാഫിക് നോവൽ എന്നാൽ ചിത്രത്തിനൊപ്പം കള്ളികളിൽ സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്ന ചിത്രകഥകൾക്ക് തുല്യമാണ്. ‘പെർസെപോലിസ്’ അത്തരം ഒരു പുസ്തകമാണ്. എന്നാൽ എനിക്ക് താത്പര്യം തോന്നിയത് – ഞാൻ വരയ്ക്കുന്ന ആളായതിനാലാകാം. അതാണല്ലോ ജോലി – മലയാളം അക്ഷരങ്ങളെ പല തരത്തിൽ ചിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കുമോ എന്നതിലാണ്. ആശയം തിരഞ്ഞെടുത്തപ്പോൾ പെൺകുട്ടികൾ ഇരയാക്കപ്പെടുന്നത് എന്റെ മനസ്സിൽ സൃഷ്ടിച്ച ചില സങ്കടങ്ങൾ സ്വാധീനമായിട്ടുണ്ട്. അബോധ പ്രേരണ എന്ന് പറയും പോലെ.

മലയാളികൾക്ക് ഗ്രാഫിക് നോവൽ അത്ര പരിചിതമല്ല, അത് മലയാളത്തിൽ ജനകീയമായ ഒരു സാഹിത്യ സാധ്യതയുമല്ല. ചിത്ര കഥകളും കാർട്ടൂണുകളുമൊക്കെയാണ് മലയാളത്തിൽ ഇതിന്റെ മുൻ മാതൃകകൾ. അവയിൽ നിന്നും ഗ്രാഫിക് നോവലിനുള്ള വ്യത്യാസം ?

kavitha-11111

എന്റെ അഭിപ്രായത്തിൽ ഗ്രാഫിക് നോവൽ ചിത്രവും എഴുത്തും കലരുന്നതിന്റെ വലിയ സാധ്യതകൾ സൃഷ്ടിക്കുന്നു. അതായത് കാണലും വായനയും തമ്മിലുള്ള ചേരൽ.

വായനക്കാർ സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചോ ?

പ്രസാധകരായ ഇൻസൈറ്റ് പബ്ലിക്കയുടെ ഉടമ വി.പി സുമേഷ് നല്ല ഇൻസൈറ്റുള്ള ആളാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളാണ് പ്രധാനം. ഇത് ഒരു സാധ്യതയുള്ള സൃഷ്ടിയാണെന്ന് സുമേഷിന് മനസ്സിലായി, ഒപ്പം എഡിറ്ററായ വി.എച്ച് നിഷാദിനും. മുൻപ് ഞാനും നിഷാദും ചേർന്ന് ‘ചരിത്രകാരൻ’ എന്ന ഒരു ഗ്രാഫിക് കഥ എഴുതിയിട്ടുണ്ട്,

എല്ലാ ഭാഷകളിലും സംഭവിക്കുന്ന ഇത്തരം പരീക്ഷണങ്ങളെക്കുറിച്ച് ഞങ്ങള്‍ ചർച്ച ചെയ്യാറുണ്ട്. എങ്കിലും ‘പൂ എന്ന പെൺകുട്ടി’ വായനക്കാൻ സ്വീകരിക്കുമോ എന്ന് സംശയിച്ചു. പക്ഷേ പുസ്തകം ധാരാളം വിൽക്കുന്നു. വായനയെക്കാൾ കാണാൻ ശീലിച്ചു തുടങ്ങിയവരാണ് നമ്മൾ. അതിന്റെ കൗതുകവുമുണ്ട്.

അതായത് കഥ വായിക്കുക എന്നത് കഥ കാണുക എന്നായി ?

അങ്ങനെയാകണം എന്നാണ് എന്റെ വിശ്വാസം. കാരണം കാണുക എന്നതിൽ വായനയുണ്ട്. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്ന വായന അക്ഷരവുമായി ബന്ധപ്പെട്ടത് മാത്രമായി ചുരുങ്ങുകയാണ്. അത് ഒരു ശീലം മാത്രമാണ്, പ്രത്യേകിച്ചും മലയാളിയുടെ. ‘പൂ എന്ന പെൺകുട്ടി’ ഒരു ഗ്രാഫിക് നോവൽ എഴുതിയേക്കാം എന്ന ഉദ്ദേശ്യത്തിൽ സൃഷ്ടിച്ചതല്ല. സ്വാഭാവികമായി സംഭവിച്ചതാണ്.

ഗ്രാഫിക് നോവൽ എഴുതുന്നതിന് അംഗീകരിക്കപ്പെട്ട നിയമങ്ങൾ ഇല്ല. ഓരോ ഗ്രാഫിക് നോവലും എഴുതുന്നവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള സൃഷ്ടികളാണ്. അതാണ് ഏറ്റവും വലിയ സാധ്യത. മലയാളത്തിൽ രവിയും അമലും പല രീതിയിൽ ഗ്രാഫിക് നോവലുകളും കഥകളും എഴുതിടിട്ടുണ്ട്. ‘പൂ എന്ന പെൺകുട്ടി’യെ ഞാൻ ‘പിക്റ്റോഗ്രാഫിക് ബുക്ക്’ എന്നാണ് വിശേഷിപ്പിക്കുക. കാരണം, ഇത് ഒരു പ്രത്യേക ജനുസ്സിലും പെടാൻ വേണ്ടി വരച്ചതല്ല.

kavitha-2222

എങ്കിലും ധീരമായ പരീക്ഷണമായിരുന്നു ?

ഞാൻ കവിതയെഴുതുന്നത് പോലും പരീക്ഷണാത്മകമായാണ്. തീപ്പെട്ടിക്കവിതകൾ അത്തരമൊരു പരീക്ഷണമായിരുന്നു.

‘പൂ എന്ന പെൺകുട്ടി’ എഴുതുമ്പോൾ മലയാളത്തിലെ ഇത്തരം പരീക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

അത്തരം മുൻ മാതൃകകൾ ഒന്നും പരിഗണിക്കാത്ത പരീക്ഷണമായിരുന്നു ‘പൂ എന്ന പെൺകുട്ടി’. നോക്കിലൂടെ ഒരു വാക്കിനെ പൊളിച്ച്, അതിനെ മറ്റ് അർത്ഥങ്ങളിലേക്ക് വികസിപ്പിക്കാൻ സാധിക്കുമോ എന്നത് ചിത്രകലയുടെ ഭാഗമായുള്ള എന്റെ അന്വേഷണമാണ്. അതാണ് ‘പൂ എന്ന പെൺകുട്ടി’ യിലും പരീക്ഷിച്ചത്.

ചിത്രകലാ അധ്യാപിക, കലാ നിരൂപക, കവയത്രി, നോവലിസ്റ്റ്. ഇതിൽ ഏതിലായിരിക്കും താങ്കൾ തൃപ്തയാകുക ?

എല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങളാണ് എനിക്കിഷ്ടം. അതിലാണ് തൃപ്തി. അല്ലാതെ ഏതെങ്കിലും ഒന്നിൽ മാത്രം സന്തോഷം കണ്ടെത്താൻ സാധിക്കില്ല. പരമ്പരാഗതമായ ഒരു രീതിയിൽ വരച്ച്, അത് പ്രദർശിപ്പിച്ച്, വിറ്റ്... അതൊക്കെ മടുത്തു തുടങ്ങി.

അതിന്റെ ഭാഗമായിരുന്നോ പഴയ കാലത്തെ പരസ്യങ്ങളിൽ പുതിയ കാലത്തെ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള പരീക്ഷണം ?

മലയാളികൾ കണ്ടു ശീലിച്ച ചില സ്ത്രീ മാതൃകകൾക്കു പകരം മറ്റൊരു തരം വ്യക്തി കയറി നിൽക്കുമ്പോള്‍ അത് ഹാസ്യമാകും. അത്രയും കപടമായ ഒരു ബിംബമാകും അത്, അപ്പോൾ. ഒരിക്കൽ നമ്മൾ ഗൗരവത്തോടെ കണ്ടത് തമാശയാകും എന്ന്.

kavi-

കവിതകളും പരമ്പരാഗത ശൈലികളെ നിരാകരിക്കുന്നു ?

എന്തിലും ഒരു പുതിയത് സൃഷ്ടിക്കാനാണ് എനിക്ക് താത്പര്യം. അതാണ് ഇഷ്ടം. എങ്കിലും ഞാൻ ഒരു മൗലിക വാദിയല്ല. കാരണം ആഗോള തലത്തിൽ ഇത്തരം പരീക്ഷണങ്ങൾക്കായി ശ്രമിക്കുന്ന പലരുമുണ്ട്. സമകാല കല അതാണ്. എന്നാൽ സാഹിത്യത്തിൽ മലയാളി അത്തരം പരീക്ഷണങ്ങളെ പ്രഹസനം എന്നു വിശേഷിപ്പിക്കും. പലപ്പോഴും കലയിലും.

എഴുത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?

kavitha-333

കുട്ടിക്കാലം മുതൽ നന്നായി വായിക്കും. അച്ഛൻ ബാലകൃഷ്ണൻ അഞ്ചത്ത് മലയാളം അധ്യാപകനായിരുന്നു. എഴുത്തുകാരനാണ്. ധാരാളം കഥകളൊക്കെ എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട കേന്ദ്രമാക്കിയായിരുന്നു അച്ഛന്റെ സാഹിത്യ – സാംസ്ക്കാരിക പ്രവർത്തനങ്ങൾ. അച്ഛൻ വലിയ സ്വാതത്ര്യം നൽകി. പിൻതുണയും. ആരും ഭരിക്കാനുണ്ടായിരുന്നില്ല. അതൊക്കെ വലിയ ഗുണമായി. ഞാൻ എന്റെ വഴിയിൽ സഞ്ചരിക്കുന്നത് ആസ്വദിക്കുകയായിരുന്നു അച്ഛന്‍. വരയ്ക്കാൻ ഇഷ്ടമാണ്. എങ്കിൽ വരച്ചോട്ടെ എന്നായിരുന്നു. ഇപ്പോൾ ഭർത്താവും ആ സ്വാതത്ര്യം അംഗീകരിക്കുന്നു.

ചിത്രകല പഠിക്കാനുള്ള തീരുമാനം ?

കുട്ടിക്കാലത്തും ഞാൻ എനിക്ക് തോന്നിയ പോലെയാണ് വരയ്ക്കുക. മറ്റെല്ലാവരും പഠിപ്പിച്ച പോലെ വരയ്ക്കും. ഞാൻ പക്ഷേ അങ്ങനെയായിരുന്നില്ല. അത് ഇപ്പോഴും അങ്ങനെയാണ്. ഞാൻ ചിത്രകലയല്ല,ചിത്രകലയുടെ ചരിത്രമാണ് പഠിച്ചത്.

പഠനം ?

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷമാണ് കലാചരിത്രം പഠിക്കാൻ ബറോഡയിൽ പോയത്, 1998ൽ. മടങ്ങി വന്ന് കുറച്ച് കാലം തിരുവനന്തപുരത്തും മാവേലിക്കരയിലും ഫൈൻ ആർട്സ് കോളേജുകളിൽ താത്കാലിക അധ്യാപികയായി. പിന്നെ ഗവേഷണത്തിന് ചേർന്നു. 2005 ലാണ് തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രം അധ്യാപികയായത്.