Tuesday 16 April 2019 04:13 PM IST : By സ്വന്തം ലേഖകൻ

കേരളത്തില്‍ 17 മുതല്‍ 22 വരെ കനത്ത മഴ; ഒപ്പം ഇടിമിന്നലിനും അതിവേഗത്തിലുള്ള കാറ്റിനും സാധ്യത!

heavy-rain965

കേരളത്തിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിനു സൂചന നൽകി കേരള വെതറിന്റെ ഫെയ്സ്ബുക് പോസ്റ്റ്. കേരളത്തില്‍ 17 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഇടിമിന്നലിനും വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും സൂചന നൽകുന്നു.

കേരള വെതര്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം; 

കേരളത്തില്‍ 17 മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ നമ്മള്‍ പോസ്റ്റ് ചെയ്തിരുന്നുവല്ലോ. ലിങ്ക്. (https://m.facebook.com/story.php?story_fbid=2389416194637073&id=2336911096554250) ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം അനുസരിച്ച് കേരളത്തില്‍ കനത്തമഴ ലഭിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കേരള വെതര്‍.ഇന്‍ നിരീക്ഷിക്കുന്നു. 17 മുതല്‍ 21 വരെയാണ് ഇപ്പോഴത്തെ നിഗമനത്തില്‍ മഴ സാധ്യത. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ സാധ്യതയുണ്ട്.

ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖക്ക് സമീപത്തായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തായി ലോ ലെവല്‍ ട്രഫ് രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴമേഘങ്ങളുടെ സമൂഹമായ എം.ജെ.ഒയും നിലനില്‍ക്കുന്നു. തെക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി ട്രഫ് രൂപപ്പെട്ടതിനാല്‍ കാറ്റിന്റെ ഗതിമുറിവ് (LWD) രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും മഴ

ശ്രീലങ്കയുടെ തെക്കന്‍ മേഖലയിലും തമിഴ്‌നാട്ടിലെ തെക്കു പടിഞ്ഞാറന്‍ ജില്ലകളിലും 17 ന് ശേഷം മഴക്ക് സാധ്യതയുണ്ട്. ശ്രീലങ്കയില്‍ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും മഴയുണ്ടാകും.

കേരളത്തില്‍ 17 മുതല്‍ 22 വരെ

വിവിധ അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകള്‍ പ്രകാരം 17ന് വൈകിട്ടു മുതല്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഭാഗികമായും മഴ ലഭിക്കാനാണ് സാധ്യത. അര്‍ധരാത്രിയോടെ മഴ മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലേക്കും നീങ്ങും. വടക്കന്‍ കേരളത്തില്‍ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, തമിഴ്‌നാട്ടിലെ ഊട്ടി, കണ്ണൂര്‍-കോഴിക്കോട് ജില്ലാ അതിര്‍ത്തി എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. 

18 നും കേരളത്തില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാം. 19 മുതല്‍ മഴകുറയും. തെക്കന്‍ കേരളത്തിലേക്ക് മഴ നീങ്ങും. 21 വരെ മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം, ഇടിക്കും കാറ്റിനും സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

NB: This is based on Keralaweather.in observation. Please follow IMD for official forecast. © Keralaweather.in