Monday 03 September 2018 11:53 AM IST : By സ്വന്തം ലേഖകൻ

പ്രളയത്തിനും തിരുത്താനായില്ല ആ ‘ശുഭമുഹൂർത്തം’; ശെൽവരാജിനും പ്രിയക്കും ക്യാംപിൽ കല്യാണം–വിഡിയോ

marriage

സങ്കടപ്പെട്ടിരിക്കാൻ അവർക്ക് നേരമില്ല. ദുരിതപ്പേമരിയുടെ പേരിൽ സന്തോഷങ്ങളെ മാറ്റി വയ്ക്കാനും അവർ ഒരുക്കമല്ല. നഷ്ടങ്ങളുടെ കണക്കു പുസ്തകങ്ങളെ പ്രളയക്കടലിൽ മുക്കി ശുഭപ്രതീക്ഷകളുടെ മറുകര തേടുകയാണ് രണ്ട് യുവ മിഥുനങ്ങൾ.

പാലക്കാട് സ്വദേശിയായ ശെൽവരാജും പ്രിയയുമാണ് കേരളത്തിന്റെ അതിജീവന കഥയിലെ പുതിയ നായകനും നായികയും. പ്രളയം സകല സ്വപ്നങ്ങളേയും തകർത്തെറിയുമ്പോഴും പ്രിയയുടെ കൈ പിടിച്ച് പുതുജീവിതത്തിലേക്ക് പിച്ചവയ്ക്കാൻ ശെൽവരാജ് കാണിച്ച തന്റേടത്തിനാണ് സോഷ്യൽ മീഡിയയുടെ ഇന്നത്തെ കൈയ്യടി. ഒരുകൂട്ടം സുമനസുകളുടെ നന്മവറ്റാത്ത മനസും ആ ഉറച്ച തീരുമാനത്തിന് കൂട്ടായെത്തി.

സെപ്റ്റംബര്‍ 3 ന് ഇരുവരുടേയും വിവാഹം നടത്തണമെന്നത് കാലേക്കൂട്ടി നിശ്ചയിച്ചതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഹാപ്രളയം പ്രിയയുടെ വീടെടുത്തു. അന്നു തൊട്ടിന്നു വരെയുള്ള സ്വപ്നങ്ങളുടെ ആകെത്തുകയായ വീട് പ്രളയമെടുത്തതോടെ പ്രിയയും വീട്ടുകാരും കഞ്ചിക്കോട്ടുള്ള അപ്നാ ഘര്‍ എന്ന് ക്യാമ്പിലേക്കു മാറി.

ഇതിനിടെ വിവാഹത്തീയതി അടുത്തു വന്നപ്പോൾ എന്ത് ചെയ്യും എന്നതായി പ്രിയയുടെ വീട്ടുകാരുടെ ചിന്ത. എന്നാൽ ഒരു പ്രളയത്തിനും തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തത്തെ തകർക്കാനാകില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു ശെൽവരാജിനെ മുന്നോട്ടു നയിച്ചത്. അവിടെ സമ്പത്തോ നിലവിലെ സാഹചര്യങ്ങളോ ഒന്നും ശെൽവരാജിന് പ്രശ്നമല്ലായിരുന്നു.

വിവാഹത്തിന്റെ ചെലവ് തങ്ങള്‍ വഹിച്ചുകൊള്ളാമെന്ന് ശെല്‍വരാജും വീട്ടുകാരും പറഞ്ഞെങ്കിലും പ്രിയയുടെ മാതാപിതാക്കള്‍ക്ക് അതിനു സമ്മതം മൂളാന്‍ മനസ്സു വന്നില്ല.കാര്യം അറിഞ്ഞതോടെ പാലക്കാട്ടെ ഒരു കൂട്ടം യുവാക്കള്‍ സഹായവുമായെത്തി. വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനുള്ള പണം ഇവര്‍ സ്വരൂപിച്ചു നല്‍കി. വാര്‍ത്ത അറിഞ്ഞതോടെ പാലക്കാട്ടെ കടയുടമകള്‍ പ്രിയയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരും സഹായവുമായെത്തി.

അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ വിവാഹശേഷം വധൂവരന്‍മാരുടെയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെയും സാന്നിധ്യത്തില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.