Friday 31 August 2018 12:26 PM IST

പ്രളയത്തിൽ തകർന്ന വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?; അറിഞ്ഞിരിക്കണം ഈ നിയമവശങ്ങൾ

Binsha Muhammed

bank-cover

ദുരിതപ്രളയത്തെ അതിജീവിച്ച മലയാളി ഇനി തേടുന്നത് പ്രതീക്ഷകളുടെ മറുകരകളാണ്. പേമാരിയിൽ തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ കണക്കെടുത്ത് പുതുജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് പലരും. സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വരുക്കൂട്ടി പടുത്തുയർത്തിയ വീടുകൾ, ജീവിതത്തെ പച്ച പിടിപ്പിച്ച കൃഷിയിടങ്ങൾ, എല്ലാത്തിനും മേലെ മഴ കൊണ്ടു പോയ ഒരുപിടി ജീവനുകൾ. മഴയെടുത്ത നഷ്ടങ്ങളുടെ കണക്ക് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസം.

സഹായധനങ്ങൾ സ്വരൂപിച്ചും സർക്കാർ–സർക്കാർ ഇതര ആനുകൂല്യങ്ങൾ കൈപ്പറ്റിയും നാം നമ്മുടെ നഷ്ടങ്ങളെ തിരിച്ചു പിടിക്കുകയാണ്. തകർന്നടിഞ്ഞ വീടുകളും സ്ഥാപനങ്ങളും പുനർനിർമ്മിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് പ്രളയബാധിതർ. ഇതിനിടെ മഴയിൽ നാമാവശേഷമായ വീടുകൾക്കും സ്വത്തു സമ്പാദ്യങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലേ എന്നുള്ളതായി ഏവരുടേയും ഉത്കണ്ഠ.

നഷ്ടക്കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തി അണുവിട കുറയാതെ ഇൻഷുറൻസ് തുക ലഭിക്കുമെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളും പാറിപ്പറന്നു. വീട് ലോൺ എടുത്തു പണിതത് ആണെങ്കിൽ ആ ലോൺ പ്രബല്യത്തിലുള്ളതുമാണെങ്കിൽ അതിനു നിർബന്ധമായും ഇൻഷുറൻസ് ഉണ്ടാകുമെന്നായിരുന്നു സന്ദേശം. കേട്ടപാതി കേൾക്കാത്ത പാതി, മഴയിൽ ഒലിച്ചു പോയ സ്ഥാപര ജംഗമ വസ്തുക്കളുടെ രേഖകളുമെടുത്ത് പലരും ബാങ്കിലേക്ക് വച്ചു പിടിക്കുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം.

സോഷ്യൽ മീഡിയ സന്ദേശങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന പതിവ് രീതിയാണ് ഇവിടേയും ആവർത്തിച്ചത്. അതേസമയം ഇൻഷുറൻസ് പരിരക്ഷ അർഹരായവർക്ക് ബാങ്കുകളും വിവിധ കമ്പനികളും ഉറപ്പു വരുത്തുന്നുമുണ്ട്. പക്ഷേ, അത് എപ്രകാരം അർഹരിലേക്ക് എത്തുമെന്നുള്ള കാര്യത്തിൽ അതാത് ഉപഭോക്താക്കൾ കൃത്യത വരുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ മാർക്കറ്റിംഗ് മാനേജർ അഭിലാഷ് എം പറയുന്നു. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഉപഭോക്താക്കൾ ബാങ്കുകളും കമ്പനികളും നിഷ്ക്കർഷിക്കുന്ന ഉപാധികളും പാലിക്കേണ്ടതാണെന്ന് അഭിലാഷ് വനിത ഓൺലൈനിനോട് വിശദീകരിക്കുകയാണ്.

bank-2

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് എങ്ങനെ

വീട് ലോൺ എടുത്തു പണിതത് ആണെങ്കിൽ ആ ലോൺ പ്രാബല്യത്തിലുള്ളതുമാണെങ്കിൽ അതിനു നിർബന്ധമായും ഇൻഷുറൻസ് ഉണ്ടാകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ആവശ്യക്കാർക്ക് ലോൺ അനുവദിക്കുന്നതിനോടൊപ്പം അതാത് പ്രോപ്പർട്ടിക്കും ഇൻഷുറൻസും ഉറപ്പാക്കണം എന്നതാണ് നിയമം. എന്നാൽ ഉപഭോക്താക്കളുടെ സമ്മതത്തോടു കൂടിമാത്രമാണ് സാധാരണ രീതിയിൽ ബാങ്കുകൾ ഇൻഷുറൻസ് നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. ഭാഗികമായോ പൂർണമായോ നശിച്ചു പോയ വസ്തു വകകളുടെ ഫൊട്ടോകൾ മറ്റ് അനുബന്ധ രേഖകൾ അതാത് കമ്പനിയിൽ സമർപ്പിക്കുന്ന പക്ഷം നഷ്ടം ഓരോർത്തർക്കും ക്ലെയിം ചെയ്യാവുന്നതാണ്. കമ്പനി നിശ്ചയിക്കുന്ന ഇൻഷുറൻസ് സർവ്വേയറായിരിക്കും നഷ്ടക്കണക്കുകളുടെ കൃത്യമായ വിവരം ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് തുക അനുവദിക്കുന്നത്.

ഇൻഷുറൻസ് തുക ലഭിക്കും, ഉപാധികളോടെ

ഇൻഷുറൻസ് തുക മുഴുവനായി ലഭിക്കുമോ തവണകളായി ലഭിക്കുമോ എന്നതാണ് പലരുടേയും പ്രധാന ചോദ്യം. ബാങ്കിൽ നിന്നും കൈപ്പറ്റിയിരിക്കുന്ന ലോൺ നിലവിലിരിക്കേ മഴക്കെടുതിയിലോ മറ്റോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇൻഷുറൻസ് തുക അനുവദിക്കുന്നത്. ഇൻഷുറൻസ് സർവ്വേയറുടെ കണക്ക് പ്രകാരമായിരിക്കാം ഈ തുക അനുദവിക്കുന്നത്. പുനരധിവാസത്തിനുള്ള പുതിയ ലോൺ നിബന്ധനകൾക്ക് വിധേയമായി മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അതേസമയം പൂർണമായും മുതൽ തിരിച്ചടച്ചിട്ടുള്ളർക്ക് മാത്രമേ സർവ്വേയർ കണക്കാക്കിയിരിക്കുന്ന നഷ്ട മുഴുവൻ തുക ഇൻഷുറൻസായി ലഭിക്കുകയുള്ളൂ. ലോൺ ഇനത്തിൽ അടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ ഇൻഷുറൻസ് തുകയെ തിരിച്ചടവ് തുകയായി കണക്കാക്കുന്നതാണ്. ഉദാഹരണത്തിന് 10 ലക്ഷം രൂപ ബാങ്കിൽ ലോൺ തിരിച്ചടവായി നൽകാനിരിക്കേ 8 ലക്ഷം രൂപ ഇൻഷുറൻസ് തുകയിനത്തിൽ ലഭിച്ചാൽ ബാക്കി 2 ലക്ഷം രൂപ തിരിച്ചടവായി നൽകിയാൽ മതിയാകും.

ഇൻഷുറൻസ് പരിരക്ഷയിരിക്കെ മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ ബാങ്ക്–ഇൻഷുറൻസ് അധികൃതരുമായി ബന്ധപ്പെടാൻ വൈകരുത്. കൃത്യമായ രേഖകളുടെ പിൻബലമുണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷ സമയബന്ധിതമായി തന്നെ ലഭിക്കുമെന്നും അഭിലാഷ് കൂട്ടിച്ചേർക്കുന്നു.

bank-1