Tuesday 18 September 2018 05:26 PM IST : By സ്വന്തം ലേഖകൻ

പ്രളയബാധിതർക്കായി സൈക്കോളജിസ്റ്റുകളുടെ സേവനം വനിതയിലൂടെ; ആദ്യ ദിനം 36 കോളുകൾ

flood-kv

പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിത്സാസഹായം നൽകുന്നതിന്റെ ഭാഗമായുള്ള വനിത ഹെൽപ് ലൈനിലേക്ക് കോളുകളുടെ പ്രവാഹം. ആദ്യ ദിനം എത്തിയത് 36 ഫോൺ കോളുകൾ. കോട്ടയം ഗവ. ജനറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സാനി വർഗീസും കോട്ടയം ജില്ലാ മെന്റൽ ഹെൽത് പ്രോഗ്രാം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോമോൻ കെ. ജോർജുമാണ് ആദ്യ ദിനത്തിൽ സാന്ത്വനമേകാൻ വനിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഇന്നലെ വിളിക്കാൻ പറ്റാതിരുന്നവർക്കും വിളിച്ചിട്ട് കിട്ടാതിരുന്നവർക്കും ഇനിയുള്ള നാലു ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാലു വരെ 98953 99205, 73566 09852 എന്നീ നമ്പരുകളിലേക്ക് വിളിക്കാം.

പ്രളയക്കെടുതികളിൽ നിന്നു കരകയറുമ്പോഴും മനസ്സിനേറ്റ ആഘാതം മാഞ്ഞുപോകണമെന്നില്ല. പ്രളയം നേരിട്ടനുഭവിക്കാത്തവര്‍ക്കും ഉണ്ടാകും ആധികള്‍. മനസ്സു തളര്‍ന്നവര്‍ക്ക് സാന്ത്വനവുമായി വനിത എത്തുന്നു. കൈപിടിക്കാൻ കൂടെയുണ്ട് വനിത... വിളിക്കൂ, വനിത ഹെൽപ് ലൈന്‍ നമ്പരുകളിലേക്ക്.

വിളിക്കേണ്ട ദിവസങ്ങൾ: സെപ്റ്റംബർ 21 വരെ
വിളിക്കേണ്ട സമയം: ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ
വിളിക്കേണ്ട നമ്പർ: ∙ 98953 99205,  ∙ 73566 09852

പ്രയാസങ്ങളെ അറിയാം
    
പ്രളയശേഷമുള്ള ആധികളെയും സംഘർഷങ്ങളെയും പലർക്കും തിരിച്ചറിയാൽ പോലും സാധിക്കില്ല. മഹാദുരന്തങ്ങൾക്കു ശേഷം അനുഭവിക്കാൻ സാധ്യതയുള്ള പ്രയാസങ്ങളെ പ്രധാനമായും നാലു വിധത്തിൽ തിരിക്കാം.

1. ദുരന്താനുഭവത്തിന്റെ ആവർത്തനം

പ്രളയത്തെക്കുറിച്ച് മനസ്സിൽ തറച്ചു കയറി നിൽക്കുന്ന ഓർമകളിലൂടെയും ഭയാനക സ്വപ്നങ്ങളിലൂടെയും ദുരന്താനുഭവം ആവർത്തിച്ച് അനുഭവപ്പെടുന്നവരുണ്ട്. അവർക്കു മനഃശാസ്ത്ര ചികിത്സാ സഹായം അത്യാവശ്യമാണ്.

2. ഒഴിഞ്ഞുമാറലും മരവിപ്പും മറവിയും

പ്രളയത്തെ ഓർമിപ്പിക്കുന്ന വ്യക്തികളെയോ സ്ഥലത്തെ   യോ കാണാൻ ഇഷ്ടമില്ലാതെ ഒഴിഞ്ഞുമാറാനുള്ള പ്രവണത മാനസിക പ്രശ്നത്തിന്റെ സൂചനയാണ്. അനുഭവിച്ച ദുരന്താനുഭവങ്ങളുടെ വിശദാംശങ്ങൾ മറന്നു പോകുന്നതാണ് മ റ്റൊരു ലക്ഷണം. ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, വൈകാരിക മരവിപ്പ്, ഭാവിയെക്കുറിച്ച് പ്രതീക്ഷ ഇല്ലായ്മ ഇവയും കാണാം.

3. ഉറക്കമില്ലായ്മയും അമിത പ്രതികരണവും

ഉറക്കത്തിനു സാരമായ തകരാർ ഉണ്ടാകുന്ന അവസ്ഥ. ഹൈപ്പർ വിജിലൻസ് എന്ന അവസ്ഥ രൂപംകൊള്ളുന്നതിനാൽ വിശ്രാന്തി അനുഭവിക്കാതെ സദാ ജാഗരൂകമാകും മനസ്സ്. ചെറിയൊരു ശബ്ദം കേട്ടാലും ഞെട്ടാം. അകാരണമായ ദേഷ്യവും പൊട്ടിത്തെറിയും, സ്വയം പരിക്കേൽപ്പിക്കാൻ ഉള്ള പ്രവണത, അപകടകരമായ കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യവും ഇവയും മാനസിക പ്രശ്ന സൂചനകളാണ്.

4. ഭാവമാറ്റങ്ങൾ (മൂഡ് മാറ്റം)

ഒറ്റപ്പെട്ടുപോയ തോന്നൽ, ഒരു കാര്യവും ഏകാഗ്രതയോടെ ചെയ്യാനാകാത്ത അവസ്ഥ, ഓർമക്കുറവ്, വിഷാദം, പ്രതീക്ഷ ഇല്ലായ്മ. ആരിലും വിശ്വാസമില്ലായ്മ, ചതിക്കുമെന്ന് ഭയം, കുറ്റബോധം, സ്വയം കുറ്റപ്പെടുത്തൽ, തുടങ്ങിയ മാറ്റങ്ങൾ കണ്ടാൽ മനഃശാസ്ത്ര സഹായം തേടണം. വിഷാദം, ഉത്കണ്ഠ രോഗങ്ങൾ നേരത്തെ ഉണ്ടായിരുന്നവർക്ക് ഈ അവസ്ഥ കൂടുതൽ തീവ്രമായി മാറിയേക്കാം. ആത്മഹത്യയെക്കുറിച്ച് പറയുന്നവരെ മനഃശാസ്ത്ര വിദഗ്ധരെ കാണിക്കണം.

കുട്ടികളുടെ കൈപിടിക്കാം

ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ഒാട്ടത്തിനിടയിൽ കുട്ടികൾ അവഗണിക്കപ്പെട്ടേക്കാം. അച്ഛനമ്മമാരിൽ നിന്നു അകന്നു നിൽക്കാനുള്ള ഭയം, ഉറക്കത്തിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് നിലവിളിക്കുകയോ ഞെട്ടി ഉണരുകയോ ചെയ്യുക, ഇരുട്ട്, വെള്ളം എന്നിവയോടുള്ള പേടി പുതിയതായി ഉണ്ടാകുക, പ്രത്യേക കാരണം കൂടാതെയുള്ള ശരീരവേദനകൾ. ഇവയെല്ലാം കുട്ടികളിലെ മാനസിക ആഘാതത്തിന്റെ ലക്ഷണങ്ങളാകാം.