Friday 05 October 2018 05:35 PM IST

പ്രളയക്കടലിനു നടുവിലെ കാവൽ മാലാഖമാർ; ദുരിതകാല രക്ഷാപ്രവർത്തനങ്ങളുടെ നടുക്കുന്ന ഓർമ്മകളിൽ മത്സ്യത്തൊഴിലാളികൾ

Roopa Thayabji

Sub Editor

ks ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

മഹാപ്രളയത്തിൽ നിന്നു രക്ഷപ്പെടാൻ യഹോവയുടെ കൽപനപ്രകാരം നോഹ പെട്ടകം തയാറാക്കി. പേമാരിയിലും പ്രളയത്തിലും സകല ചരാചരങ്ങളും നശിച്ചപ്പോൾ നോഹയുടെ പെട്ടകവും അതിനുള്ളിലെ ജീവജാലങ്ങളും സുരക്ഷിതരായിരുന്നു. പേമാരിയടങ്ങിയപ്പോൾ ജീവൻ സംരക്ഷിച്ചതിനു പകരമായി യാഗം നടത്തിയ നോഹയ്ക്ക് യഹോവ ഒരു ഉടമ്പടി ചെയ്തുകൊടുത്തു, ‘ഇനിയൊരിക്കലും ഭൂമിയിൽ പ്രളയം സൃഷ്ടിക്കില്ല...’’

ഇടമുറിയാതെ മഴപെയ്യുമ്പോൾ ഇനി നമ്മളൊന്നു പേ ടിക്കും, എന്താണ് വരാൻ പോകുന്നതെന്ന് അറിയില്ലല്ലോ. ഓ ണമെത്താൻ കാത്തിരുന്ന മലയാളികളുടെ നീലാകാശത്ത് പ്രളയത്തിന്റെ വെള്ളിടി വന്നുവീണത് അപ്രതീക്ഷിതമായാണ്. ദുരിതപ്പെയ്ത്തിൽ നാടിനെ പ്രളയം മുക്കിയപ്പോൾ, കൈപിടിച്ചുയർത്തിയതും ജീവന്റെ കരയ്ക്കടുപ്പിച്ചതും ‘നോഹയുടെ പെട്ടകം’ തുഴഞ്ഞു വന്നവരാണ്. കടലിനോടു മല്ലിട്ട് ജീവിതത്തുഴയെറിയുന്ന മൂവായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ഭാരതപ്പുഴയുടെയും പെരിയാറിന്റെയും പമ്പയുടെയും ചാലക്കുടി പുഴയുടെയും ചാലിയാറിന്റെയും കരയിലെത്തി എഴുപതിനായിരത്തോളം പേരെ കരയ്ക്കെത്തിച്ചത്. പ്രളയജലത്തിലേക്ക് രക്ഷാപ്രവർത്തനത്തിനായ ി
കുതിച്ചെത്തിയവരിലേറെയും കൊല്ലം ജില്ലക്കാർ. താന്നി മുതൽ അഴീക്കൽ വരെ നീണ്ടുകിടക്കുന്ന തീരത്തുനിന്ന്, വാടിയിലും തങ്കശ്ശേരിയിലും നീണ്ടകരയിലും ഇരവിപുരത്തുമൊക്കെ നിന്നായി 127 ബോട്ടുകളും 680 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തന ത്തിനെത്തി. തിരികെ തീരമണഞ്ഞ പകലിൽ നോവോർമകളിൽ നനഞ്ഞ് അവർ ഒത്തുകൂടി.

ks-5

പെയ്തു തുടങ്ങുന്നു...

കടൽക്കോളിനു കണക്കൊക്കെയുണ്ട്, ഇന്നലെ വരെ കിളിമീനായിരുന്നെങ്കിൽ ഇന്നു മുതൽ കൊഞ്ചും കണവയുമാകും വല നിറയ്ക്കുക. ആദ്യം പോകുന്ന ബോട്ടുകാർ മീൻവരവ് കണ്ടാലുടൻ പിന്നാലെ വരുന്നവർക്ക് വിവരം കൈമാറും. എല്ലാവരും കൂടി അവിടേക്കെത്തി ആഘോഷമായി മീൻ പിടിച്ച് മടങ്ങും. ഈ ഒത്തൊരുമയും കൂടെ നിൽക്കുന്നവനെ തുണയ്ക്കാനുള്ള മനസ്സുമാണ് പ്രളയക്കടലിൽ കരുത്തായതെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘാടകനും കേരള സമുദ്രമത്സ്യ ഗവേഷണ സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ബേസിൽ ലാൽ പറയുന്നു. ‘‘സ്വാതന്ത്ര്യദിനത്തിന്റെയ ന്ന് വൈകിട്ടാണ് മഴ പലയിടത്തും പ്രശ്നമാകുന്നുണ്ടെന്ന് വാർത്തകൾ വന്നത്. കുട്ടവഞ്ചിയിലും കുട്ടകത്തിലുമൊക്കെ ആളുകളെ രക്ഷിക്കുന്നതു കണ്ടാണ് വള്ളങ്ങൾ ചോദിച്ചു കൊല്ലം കലക്ടർ എസ്. കാർത്തികേയൻ വിളിച്ചത്. രാത്രിയോടെ ഒൻപതു ബോട്ടുകളും തൊഴിലാളികളും പത്തനംതിട്ടയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ വള്ളങ്ങൾ വേണമെന്നും അറിയിപ്പു വന്നു. അ തോടെ വാടിയിലെയും തങ്കശ്ശേരിയിലെയുമൊക്കെ മത്സ്യത്തൊഴിലാളി സംഘങ്ങളിലേക്കും പള്ളികളിലേക്കും വിവരം കൈമാറി. സന്നദ്ധരായവർ വള്ളങ്ങളുമായെത്തണമെന്നാണ് ആവശ്യപ്പെട്ടത്. പത്തുവള്ളമെങ്കിലും വരുമെന്നു പ്രതീക്ഷിച്ച് ചെന്ന എന്നെയും കലക്ടറെയും അദ്ഭുതപ്പെടുത്തി 26 ബോ ട്ടുകളുമായി തൊഴിലാളികൾ വന്നു. കടലിലേക്കല്ലല്ലോ, കര യിലേക്കല്ലേ തുഴഞ്ഞുചെല്ലേണ്ടത്. അതുകൊണ്ട് വലിയ വ ള്ളങ്ങൾ അയക്കാനാകില്ല. ഇരട്ട എൻജിൻ പിടിപ്പിച്ച ചെറിയ ഫൈബർ ബോട്ടുകളാണ് അയച്ചവയെല്ലാം. വീണ്ടും വള്ളങ്ങൾ ചോദിച്ച് വിളിയെത്തി. പിറ്റേന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനത്തിനു ഇവിടെ നിന്നു മാത്രം പുറപ്പെട്ട ബോട്ടുകളുടെ എണ്ണം 127 ആയി. ബോട്ടുകൾ കൊണ്ടുപോകാൻ ലോറി കിട്ടാതായതോടെ സിറ്റി പൊലീസ് കമ്മിഷനറുടെ നേതൃത്വത്തിൽ ലോറികൾ പിടിച്ചെടുത്ത് കൊണ്ടുവരികയായിരുന്നു.’’

ks-3

പ്രളയത്തിന്റെ കരയിൽ...

ഭീകരമായ കാഴ്ചകളാണ് കാത്തിരുന്നതെന്ന് റാന്നിയിലേക്ക് രക്ഷാപ്രവർത്തനത്തിനു പോയ സംഘത്തിലെ രാഹുലും ബെനഡിക്ട് ക്ലീറ്റസും ഷിബു ജസ്റ്റിലും പറയുന്നു. ‘‘പുഴയേത് കരയേത് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. തെങ്ങുകളും മരങ്ങളും മാത്രം വെള്ളത്തിനു മുകളിൽ തലപൊക്കി നിൽപ്പുണ്ട്. ഇരുനില വീടുകൾ പലതും വെള്ളത്തിനടിയിലാണ്. വീടിനുള്ളിൽ കഴുത്തൊപ്പം വെള്ളത്തിലായവര്‍, ടെറസിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയവർ, ഭക്ഷണവും വെള്ളവുമില്ലാതെ ചെറിയ കുട്ടികളുമായി ഒറ്റപ്പെട്ടുപോയവർ, മാറിയുടുക്കാൻ ഒ രു ജോടി വസ്ത്രത്തിനും കഴിക്കാൻ ഒരു പായ്ക്കറ്റ് ബിസ്കറ്റി നും വേണ്ടി കൈനീട്ടുന്നവർ...

പലയിടത്തും ബോട്ട് ഓടിച്ചു കൊണ്ടുപോകാനാകില്ല. മതി ലും മരവും ഗേറ്റും കയറ്റിറക്കങ്ങളുമെല്ലാം വഴിമുടക്കും. ചില്ല കൾ വെട്ടിമാറ്റിയും മതിലു പൊളിച്ചുമൊക്കെയാണ് മുന്നോട്ടു പോകുക. ചിലയിടത്ത് എൻജിൻ ഓഫ് ചെയ്ത് മരച്ചില്ലകളി ലും കേബിളുകളിലും പിടിച്ച് പതിയെ നീങ്ങും. ഇതിനിടെ മറ്റൊരപകടമുണ്ട്, ചില്ലകളില്‍ തൂങ്ങിയാടുന്ന പാമ്പുകൾ. ചിലയിടത്ത് കുറച്ചുദൂരം ചെല്ലുമ്പോൾ കരയാണ്. അവിടെ നിന്നു വള്ളം ചുമന്നുകൊണ്ടുപോണം. രക്ഷിക്കാനായി കൈ നീട്ടുമ്പോൾ പലരും മരണവെപ്രാളത്തോടെ അലറിക്കരയും. ആ നിലവിളികളും നോവുന്ന കാഴ്ചകളും ഇനിയെല്ലാ ദിവ സവും ഉറക്കം മുടക്കും.’’

ചടുലമായ സൈനിക നീക്കം പോലെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം. കൺട്രോൾ റൂമിലേക്ക് ഓരോ മിനിറ്റിലും നൂറുകണക്കിന് സന്ദേശങ്ങളാണ് എ ത്തുന്നത്. എൻജിൻ ഡ്രൈവറും സഹായിയും ഒരു ഉദ്യോഗസ്ഥനും വഴികാട്ടിയായ നാട്ടുകാരനും കൂടിയാണ് ബോട്ടിൽ പുറപ്പെടുക. ഒരു തവണ പോയാൽ തടസങ്ങൾ കടന്നു തി രികെയെത്തണമെങ്കിൽ ഒരു മണിക്കൂർ എടുക്കും. ഓരോ ബോ ട്ടും മടങ്ങിയെത്തുമ്പോൾ 25 പേരെങ്കിലും തീരമണയും. പ കൽ പോലും അതീവദുഷ്കരമായ രക്ഷാപ്രവർത്തനത്തിൽ നേവിയും സൈന്യവും പകച്ചു നിന്നപ്പോഴും ലൈഫ് ജാക്കറ്റു പോലുമില്ലാതെ മത്സ്യതൊഴിലാളികൾ ചങ്കുറപ്പിന്റെ വള്ളമിറക്കി. ടോർച്ചടിച്ചും പന്തം കത്തിച്ചും കരഞ്ഞുവിളിച്ചും ആളുകൾ കാത്തിരിക്കുമ്പോൾ എങ്ങനെ സമാധാനമായി ഉറങ്ങും?.

ks-6

ഒന്നും മുഖവിലയ്ക്കെടുക്കാതെ...

വെള്ളം കയറിത്തുടങ്ങിയപ്പോൾ വീടു വിട്ടുപോകാൻ പലരും തയാറാകാതിരുന്നത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ചെങ്ങന്നൂരിലേക്ക് രക്ഷാപ്രവർത്തനത്തിനു പോയ ഗോഡ്‌വിനും അനിയും പറയുന്നു. ‘‘അറിയിപ്പു കിട്ടിയതോടെ ഞങ്ങളിൽ മിക്കവരും മാറിയുടുക്കാൻ പോലും ഒന്നുമെടുക്കാതെയാണ് പുറപ്പെട്ടത്. സമയത്തിനു ഭക്ഷണമോ വെള്ളമോ കുടിക്കാതെ ക്ഷീണം മറന്നാണ് ചെന്നത്. പക്ഷേ, വീടിന്റെ മുകൾ നില യിലും മറ്റും കയറിയിരിക്കുന്ന പലരും വിളിച്ചാൽ ഇറങ്ങില്ല. ‘ഭക്ഷണവും വെള്ളവും തന്നാൽ മതി, ഇവിടെത്തന്നെ കഴി ഞ്ഞോളാം’ എന്നുപറയും. പ്രായമായൊരാൾ ആദ്യ ദിവസം വള്ളത്തിൽ ചുറ്റിനടക്കുന്നത് കണ്ടു. ബോട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഭക്ഷണവും വെള്ളവും തന്നാൽ മതി തിരികെ പോകുകയാണെന്ന് പറഞ്ഞു. നാലാം ദിവസം മൃത ദേഹം ഒഴുകി നടക്കുന്നതറിഞ്ഞ് ചെന്നപ്പോൾ അത് അയാളായിരുന്നു.’’

വാശി പിടിക്കുന്നവരെ ബോട്ടിൽ കയറ്റാൻ പല വഴികളും നോക്കിയെന്ന് ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനു പോയ ജെറോമും സെബാസ്റ്റ്യനും പറയുന്നു. ‘‘പലരും വരില്ല, അ ങ്ങനെയുള്ളവരുടെ കാലുപിടിക്കും. വിളിച്ചിട്ടു വരാത്തവരെ ബോട്ടിൽ കയറ്റാൻ അവസാനം മറ്റൊരു തന്ത്രവും പ്രയോഗിക്കേണ്ടി വന്നു. കൂടെ വരുന്ന ഉദ്യോഗസ്ഥർ ആധികാരികമായി ആ നുണ പറയും, ‘ഉടനേ ഡാം തുറക്കും. പിന്നെ ആരും ബാക്കിയുണ്ടാകില്ല.’ അതോടെ അവർ ബോട്ടിലേക്ക് കയറും.’’

ks-4

നോവുന്ന കാഴ്ചകളേറെ...

ഭാര്യ പ്രസവശേഷമുള്ള വിശ്രമത്തിലായതിനാൽ അമ്മയോടു മാത്രം കാര്യം പറഞ്ഞിട്ടാണ് ഗോഡ്‌വിൻ ചെങ്ങന്നൂരിലേക്ക് പോയത്. ‘‘വെള്ളം കയറിയ വീട്ടിൽ രക്ഷാപ്രവർത്തനം ന ടത്തുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ നെഞ്ചോടടുക്കി ഒരു യുവതി. അവരെ രക്ഷപ്പെടുത്തി ബോട്ടിലേ ക്ക് കയറ്റുമ്പോൾ കുഞ്ഞിനെ ഞാൻ വാങ്ങി. ഒരു നിമിഷം അ വനൊരു കുഞ്ഞിച്ചിരി ചിരിച്ചു. വീട്ടിൽ ഒന്നുമറിയാതെ സന്തോഷിച്ചിരിക്കുന്ന എന്റെ വാവയെയാണ് അപ്പോൾ ഓർത്തത്.

അപ്പോഴേക്കും ഞാൻ ചെങ്ങന്നൂരിലെത്തിയിട്ട് മൂന്നുദിവ സം കഴിഞ്ഞിരുന്നു. തിരികെയെത്തിയപ്പോൾ പറയാതെ പോ യതിന് ഭാര്യ പരിഭവിച്ചു. മൂന്നോ നാലോ ദിവസം തങ്ങി മീൻ പിടിക്കാൻ പോകുന്ന വള്ളത്തിൽ പണിക്കു പോയതാണെന്നാ ണ് അവൾ കരുതിയത്.’’ മകളുടെ പേര് പച്ചകുത്തിയ വലംകൈയിൽ ഗോഡ്‌വിൻ മെല്ലെ തലോടി. അവിടെ കരിംപച്ച നി റത്തിൽ ‘റിഥിക’ എന്ന അക്ഷരങ്ങൾ തിളങ്ങി.

ഗർഭിണിയായ ഭാര്യ പേടിക്കുമെന്നോർത്ത് വീട്ടിലാരോടും വിവരം പറയാതെയാണ് ഷിബു ജസ്റ്റിൽ റാന്നിയിലേക്ക് പോ യത്. ‘‘പമ്പയാറിന്റെ തീരത്തെ കെഎസ്ഇബി ഓഫിസിൽ കുറച്ച് ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു. അടുക്കാനാകാത്തത്ര ഒഴുക്കാണ് അവിടെ. ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ജീവൻ കൈയിൽ പിടിച്ച് ഇറങ്ങി. ബോട്ടിൽ നിന്നു ഇട്ടുതരുന്ന വടത്തിൽ പിടിച്ച് നീന്തിയാണ് പോകുന്നതെങ്കിലും ഒഴുക്കിൽ ബാലൻസ് തെറ്റി കല്ലിലൊക്കെ ഇടിക്കുന്നുണ്ട്. ഒരു വിധത്തിൽ അകത്തുചെന്ന് ഓരോരുത്തരെയായി ഇറക്കി ബോട്ടിൽ ക യറ്റി. ഏതു കുത്തൊഴുക്കിലും ചെന്നിറങ്ങാൻ മത്സ്യത്തൊഴി ലാളികൾക്ക് ദൈവം അറിഞ്ഞുതന്നതാണ് ഈ തന്റേടം.’’

രക്ഷാപ്രവർത്തനത്തിനിടെ കണ്ണുനനയിച്ച കാഴ്ചകളുമു ണ്ടെന്ന് അനി. ‘‘ഒരു വീട്ടിൽ പ്രായമായ ഒരു സ്ത്രീ കുടുങ്ങിക്കിടക്കുന്നു. രണ്ടു കട്ടിലുകൾ അടുക്കിയിട്ടിരിക്കുന്നു. മുകളിലെ കട്ടിലിൽ തളർന്നുകിടക്കുകയാണ് ആ അമ്മ. മറ്റുള്ളവരെ തലേദിവസം ചങ്ങാടത്തിലെത്തിയവർ രക്ഷിച്ചെങ്കിലും ചുമലിലേറ്റി എത്തിക്കാൻ കഴിയാഞ്ഞതിനാൽ പ്രായമായ അമ്മയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. അമ്മയുടെ കൂട്ടായി അവരുടെ മകൾ മാത്രം വീട്ടിൽ നിന്നു. ബോട്ടിൽ ചെന്ന ഞങ്ങൾ അവരെ കസേരയിൽ ഇരുത്തി ചുമന്നാണ് ബോട്ടിലെത്തിച്ചത്. അടു ത്ത ട്രിപ്പിന് അതുവഴി പോയപ്പോൾ ആ വീടിന്റെ മേൽക്കൂരയും വെള്ളത്തിനടിയിലായിരുന്നു.

മറ്റൊരു വീട്ടിൽ ചെന്ന് എത്ര വിളിച്ചിട്ടും ആരും മറുപടി തരുന്നില്ല. വഴികാട്ടിയാണ് പറഞ്ഞത്, ആ ഗൃഹനാഥന് ചെ വി കേൾക്കില്ലെന്ന്. അകത്തുകയറിയപ്പോൾ അടുക്കിയിട്ട മേ ശയുടെ മുകളിൽ പേടിച്ചുവിറച്ചിരിക്കുകയായിരുന്നു അയാൾ. മറ്റൊരിടത്ത് പ്രായമായ ദമ്പതികളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റുന്നതിനിടയിൽ ഒരാവശ്യം, ‘ടിവി കൂടി എടുക്കാമോ മോനേ?’ പൊട്ടിപ്പോയ ചിരിയും വിഷമവും കാണിക്കാതെ അ വരെ സമാധാനിപ്പിച്ചു, ‘ജീവനാണ് വലുത്, ബാക്കിയെല്ലാം ന മുക്ക് ഇനിയും ഉണ്ടാക്കാം.’’ കരയിലെത്തിക്കുമ്പോൾ പലരും നോട്ടുകൾ നീട്ടും, പക്ഷേ, ഒരു മത്സ്യത്തൊഴിലാളി പോലും അതു വാങ്ങിയില്ല. ‘കാശിനു വേണ്ടിയാണെങ്കിൽ കടലിൽ പോയാൽ മതി. പണം വാങ്ങിയാൽ ഈ ത്യാഗത്തിനു വിലയില്ലാതാകും.’

India Monsoon Flooding

ജീവൻ വകവയ്ക്കാതെ...

അതത് സ്ഥലങ്ങളിലെ വില്ലേജ് ഓഫിസിലോ മറ്റ് സ്ഥാപ നങ്ങളിലോ ആണ് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കിയത്. ഭക്ഷണവും ബോട്ടിനുള്ള ഡീസലു മെല്ലാം അധികൃതർ ഉറപ്പാക്കി. എങ്കിലും സ്വന്തം ജീവൻ വകവയ്ക്കാതെയാണ് പലരും പ്രളയച്ചുഴിയിലേക്ക് ഇറങ്ങിയതെന്ന് രാഹുൽ.

‘‘ഒരു പള്ളിയിൽ കുറേപ്പേർ കുടുങ്ങിക്കിടക്കുന്നു എന്നറിഞ്ഞ് ചെന്നതാണ്. അവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനിടെ ഒരാൾ വെള്ളത്തിൽ വീണു. രക്ഷിക്കാനായി ഞാനും എ ടുത്തുചാടി. മരണവെപ്രാളത്തിൽ അയാൾ പൂണ്ടടക്കം പിടിച്ച് വെള്ളത്തിലേക്ക് താഴ്ത്തി. മുങ്ങി അടിത്തട്ടു വരെ ചെന്ന് കാ ലുകുത്തി ഒരൊറ്റ പൊങ്ങൽ, മുകളിലെത്തിയപ്പോഴേക്കും കു റേ ചെളിവെള്ളം വയറ്റിലായി.’’

പമ്പയാറ്റിനക്കരെ ഒരു വീട്ടിൽ ആറുപേർ കുടുങ്ങിക്കിടപ്പുണ്ടെന്നറിഞ്ഞ് രക്ഷിക്കാൻ പോയ അനുഭവം പറഞ്ഞത് ഷി ബുവാണ്. ‘‘നേവിയുടെ ഹെലികോപ്റ്റർ എത്തിയെങ്കിലും കു ത്തൊഴുക്കിൽ ആർക്കും ഇറങ്ങാനാകുന്നില്ല. അകത്തുനിന്ന് പൂട്ടിയ വീടിന്റെ ഗ്രില്ലിലൂടെ കരയുന്ന കുട്ടികളെ കാണാം. പക്ഷേ, ബോട്ട് ഒരുതരത്തിലും അടുപ്പിക്കാൻ പറ്റുന്നില്ല. കരഞ്ഞുകൊണ്ടാണ് തിരികെ പോന്നത്. രക്ഷാപ്രവർത്തനത്തിനി ടയിലെ വിഷമമുള്ള ഓർമ അതുമാത്രമാണ്.’’

India Monsoon Flooding

പ്രളയദിനത്തിലെ പ്രതികാരം

പ്രളയം കൊണ്ടു മനുഷ്യൻ വലിയൊരു പാഠം പഠിച്ചുവെന്ന് ഓർമിപ്പിച്ചത് സെബാസ്റ്റ്യനാണ്, മനുഷ്യനാണ് വലുതെന്ന പാഠം. ഉദാഹരണമായി ഒരു പഴയ സംഭവവും പറഞ്ഞു. ‘‘മത്സ്യത്തൊഴിലാളികളോടു കിഴക്കൻ മലയോര പ്രദേശങ്ങളിലെ ആളുകൾക്ക് താൽപര്യം കുറവാണ്. കുറച്ചുനാൾ മുൻപ് ഈ നാട്ടിലെ പയ്യന് ആറന്മുളയിൽ നിന്ന് വിവാഹാലോചന വ ന്നു. ബ്രോക്കർ പറഞ്ഞിരുന്നത് ചവറയിലാണ് വീടെന്നാണ്. പക്ഷേ, ഉറപ്പിക്കുന്ന ദിവസം വാടിയിലാണ് വീടെന്ന് അവൻ തുറന്നുപറഞ്ഞു. വിവാഹം മുടങ്ങി. മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് വിവാഹം ചെയ്തയയ്ക്കാൻ ഇഷ്ടമില്ലെന്നു തുറന്നുപറഞ്ഞാണ് ആലോചനയിൽ നിന്നവർ പിന്മാറിയത്.

രണ്ടുമാസത്തിനു ശേഷമാണ് പ്രളയം. ആറന്മുളയിൽ നിന്ന് ആ കുടുംബം രക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ്. വാടി ഇൻഫന്റ് ജീസസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് അവർ താമസിച്ചത്. ജീവൻ പോകുമെന്നായ ഘട്ടത്തിൽ നമ്മളും മനുഷ്യരാണെന്ന് അവർ തിരിച്ചറിഞ്ഞു.’’

രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ഒരിക്കൽ പോലും പേടി തോന്നിയില്ലെന്ന് ഇവർ പറയുന്നു. ‘‘കാറ്റിനോടും കടലിനോടും പോരാടി ജീവിക്കുന്നവരാണ് ഞങ്ങൾ. തുഴയെറിഞ്ഞി റങ്ങിയാൽ മുന്നോട്ടു പോകണമെന്നാണ് കടൽ പഠിപ്പിച്ചത്. വീടു വിട്ട് വരാത്തവർക്ക് ബോട്ടിൽ കരുതിയിരിക്കുന്ന ബിസ്കറ്റും പഴവും വെള്ളവുമൊക്കെ കൊടുക്കും. ജീവൻ രക്ഷിക്കുന്ന തിരക്കിനിടെ ക്ഷീണമൊക്കെ മറക്കും. 15നു അർധരാത്രി പോ യിട്ട് 20 ന് രാവിലെ രണ്ടരയ്ക്കാണ് തിരിച്ചെത്തിയത്. അതു വരെ തുറയിൽ നിന്നാരും കടലിൽ പോയില്ല.’’

രക്ഷാപ്രവർത്തനത്തിനു പോയ സഹോദരങ്ങൾക്കു വേ ണ്ടി കരഞ്ഞു പ്രാർഥിച്ച് നാട് കാത്തിരുന്നു. ആ പ്രാർഥന കേ ട്ടതുപോലെ യാതൊരു അപകടവുമില്ലാതെ അവർ നാടണഞ്ഞു. തട്ടിയും മുട്ടിയും ബോട്ടുകള്‍ക്ക് ചില കേടുപാടുകള്‍ സംഭവിച്ചതിൽ അവർക്ക് പരിഭവമില്ല. നാളെ തുഴയൂന്നി കട ലിലേക്കിറങ്ങുമ്പോൾ പെട്ടകത്തിലേറി നാടിനെ രക്ഷിച്ച ക പ്പിത്താന്മാരായി അവരെ ലോകമറിയും. അവരുടെ ചിരിയിലുണ്ടാകും ഇനി നാട് പ്രളയത്തിൽ മുങ്ങില്ലെന്ന ഉറപ്പ്.