Monday 20 August 2018 12:32 PM IST

ഞാൻ അവർക്കു വേണ്ടി എന്തു ചെയ്തു, ചെയ്യുന്നു?

Santhosh Sisupal

Senior Sub Editor

call

പ്രകൃതിയുടെ കനിവ് കൊണ്ട് മാത്രം ഈ മഹാപ്രളയത്തിൽ നേരിട്ട് അകപ്പെടാത്ത ഭാഗ്യവാന്മാരാണ് നമ്മളിൽ പലരും. ഇപ്പോൾ നമ്മുടെ മനസ്സിൽ ഉയരേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് "ഞാൻ അവർക്കുവേണ്ടി എന്തു ചെയ്തു/ചെയ്യുന്നു?" എന്നത്. കഴിഞ്ഞ നാല് ദിവസമായി മഹാ പ്രളയത്തിൻറെ ദുരന്തമുഖത്തുള്ള നിരവധിപേരുടെ ജീവനു വേണ്ടിയുള്ള യാചന നേരിട്ട് കേട്ടു മനസ്സുലഞ്ഞു പോയ ആളാണ് ഞാൻ. ദുരന്തത്തിൽപെട്ടവർക്കു വേണ്ടി എന്തു ചെയ്താലും, എത്ര ചെയ്താലും മതിയാവില്ല.

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സന്ദേശമനുസരിച്ച് ഇന്നലെ ഉച്ചവരെ 182 പേരാണ് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനായി എന്നെ വിളിച്ചത്. "പൈസ തീർന്നു ചേട്ടാ... ഒരു പത്തു രൂപയെങ്കിലും ചാർജ് ചെയ്യുമോ.. ചേട്ടാ..” എന്നു കരഞ്ഞു കൊണ്ട് വിളിച്ച ഒരാളുടെ ശബ്ദം ഇപ്പോഴും കാതിലുണ്ട്.

സഹായത്തിനായി അവർ വിളിക്കുന്ന ഒരു ഫോണും കിട്ടാതെവരുമ്പോൾ ഫോണെടുത്ത എന്നോട് അവർ കരഞ്ഞു പറഞ്ഞത് എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കാനായിരുന്നു. രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഒക്കെ കോളുകൾ വന്നു കൊണ്ടേയിരുന്നു. വിളിച്ച മുഴുവൻ നമ്പറുകളിലും പേടിഎം ഉൾപ്പെടെയുളള ആപുകൾ ഉപയോഗിച്ച് ചാർജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു. രക്ഷാ സഹായം തേടിയവരുടെ ലൊക്കേഷനുകളും വിശദാംങ്ങളും കളക്ടർ, തഹസിൽദാർ, മറ്റ് റസ്ക്യൂ ഉദ്യോഗസ്ഥർക്കും അയച്ചുകൊടുക്കുക മാത്രമായിരുന്നു ചെയ്യാൻ പറ്റുന്ന കാര്യം.

രാത്രിയായപ്പോൾ "തനിച്ചാണ്, ഇതുവരെ രക്ഷിക്കാൻ ആരുമെത്തിയില്ല .. എങ്ങനെയെങ്കിലും ഒന്നു വന്നു രക്ഷിക്കാൻ പറയൂ... പ്ലീസ്.." എന്നുള്ള നിസ്സഹായമായ നിലവിളികൾക്കു മുന്നിൽ മനസ്സ് കരഞ്ഞു പോയെങ്കിലും ആശ്വാസവും പ്രതീക്ഷയും നൽകാൻ മാത്രമാണ് ആ സമയത്ത് കഴിയുമായിരുന്നത്. അവരിൽ പലരും പിന്നീട് രക്ഷപ്പെട്ടു ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയശേഷം, വിളിച്ച് ആ സന്തോഷം അറിയിക്കുകയും ചെയ്തു.

സകലതും നഷ്ടപ്പെട്ട് പോയ നമ്മുടെ ഈ സഹജീവികൾക്കുവേണ്ടി നമുക്ക് എന്തുചെയ്യാൻ കഴിയും /എനിക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും ? ഇത് മാത്രമാകണം നമ്മുടെ ചിന്ത. സഹായിക്കേണ്ടത് മറ്റൊരാളുടെയും ഉത്തരവാദിത്തമല്ല; എന്റെയും നിങ്ങളുടെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യണം. ചെയ്തേ തീരൂ.

നമ്മുടെ താലൂക്ക് ഓഫീസുകൾ എല്ലാം കളക്ഷൻ സെൻററുകൾ ആണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുന്നവർക്ക് പ്രയോജനപ്പെടുന്ന എന്ത് സാധനവും അവിടെ എത്തിക്കാം. പണമായിട്ട് സഹായിക്കാൻ കഴിയുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ നൽകുന്നതാണ് ഏറ്റവും ഉചിതം. ഇവിടെ പരാതികൾക്കും പരിഭവങ്ങൾക്കും ചർച്ചകൾക്കും പ്രസക്തിയില്ല. ചെയ്യുക എന്നതു മാത്രമാണ് പരിഹാരം.