വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ദുബായ് ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിന് ഏതു വാതിലിൽ മുട്ടണമെന്നറിയാതെ കഴിഞ്ഞ ആറു മാസമായി ഉള്ളുരുകി കഴിയുകയാണു നെട്ടൂർ ഗുംട്ടിക്കു സമീപം തെക്കേപറമ്പത്ത് വീട്ടിൽ അറങ്ങലോട്ട് ലൈല. മുന്നിൽ കാണുന്നവരോടൊക്കെ ലൈലയ്ക്ക് ഒരു ചോദ്യമേയുള്ളൂ, ‘തന്റെ മകനെ രക്ഷിക്കില്ലേ...’ എന്നത്.
അറബ് പൗരൻ വധിക്കപ്പെട്ട കേസിൽ മകൻ മുഹമ്മദ് റിനാഷ്(28) കഴിഞ്ഞ രണ്ടു വർഷമായി ദുബായ് അൽ ഐൻ മനാസിർ ജയിലിൽ കഴിയുകയാണ്. ആറു മാസം മുൻപു വധശിക്ഷ വിധിച്ചു. മൂന്നു വർഷം മുൻപാണു ജോലി തേടി റിനാഷ് ദുബായിലേക്കു പോയത്. ട്രാവൽ ഏജൻസിയിലെ ജോലിയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അറബ് പൗരൻ റിനാഷിനെ ആക്രമിച്ചുവെന്നും ഇതിനിടയിൽ കുത്തേറ്റ അറബ് പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരി കൊല്ലപ്പെട്ടുവെന്നുമാണു നാട്ടിൽ ബന്ധുക്കൾക്കു ലഭിച്ച വിവരം. 2023 ഫെബ്രുവരി 8നായിരുന്നു സംഭവം.
ലൈലയുടെ നാലു മക്കളിൽ മൂന്നാമനാണു മുഹമ്മദ് റിനാഷ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതറിഞ്ഞു ഇളയ മകനൊപ്പം ലൈല ദുബായിലെ ജയിലിൽ പോയി മകനെ കണ്ടിരുന്നു. രാഹുൽ ഗാന്ധിയോടു പറഞ്ഞു തന്നെ മോചിപ്പിക്കണമെന്നു മകൻ കരഞ്ഞുപറഞ്ഞതായി ലൈല പറഞ്ഞു. ഇന്ത്യൻ എംബസി മുഖേന അബുദാബി ഭരണാധികാരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഷാഫി പറമ്പിൽ എംപിക്കും നിവേദനം നൽകി കാത്തിരിക്കുകയാണു ലൈലയും കുടുംബവും. അപേക്ഷയുമായി ഡൽഹിയിൽ ചെന്നു രാഹുൽഗാന്ധിയെ കാണാനുള്ള ഒരുക്കത്തിലാണു ലൈല.