Monday 16 December 2019 04:28 PM IST : By സ്വന്തം ലേഖകൻ

ഹർത്താൽ പിൻവലിക്കണമെന്ന് പൊലീസ് മേധാവി; നിയമവിരുദ്ധം; ഫെയ്സ്ബുക്ക് കുറിപ്പ്

kp

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു വിഭാഗം പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി. നിയമ വിരുദ്ധമായാണ് ഹർത്താൽ പ്രഖ്യാപിച്ചത്. മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി സംഘടിച്ചാൽ നേരിടാന്‍ പൊലീസ് സജ്ജമാണെന്നും ഡിജിപി കൂട്ടിച്ചേർത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഹർത്താലിന് ആഹ്വാനം ഉണ്ടായത്. സംസ്ഥാന സർക്കാരിനെയും രേഖാമൂലം അറിയിച്ചിട്ടില്ല. ബന്ധപ്പെട്ടവരോട് ഹർത്താൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട.് ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്‍റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഇത് കൂടാതെ 17.12.2019 തീയതിയില്‍ സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേല്‍ സൂചിപ്പിച്ച ഹര്‍ത്താല്‍ പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണ്.

#keralapolice