Friday 20 September 2019 06:48 PM IST : By സ്വന്തം ലേഖകൻ

അന്ന് ആശുപത്രിയിൽ പണമടയ്ക്കാൻ പൊൻവള ഊരി നൽകി, ഇന്ന് തലമുടിയും; എന്ത് പേരിട്ടു വിളിക്കും ഈ നന്മയെ

police

അപർണ എന്ന പൊലീസുകാരിയുടെ നന്മമനസിന് ഹൃദയം നൽകുകയാണ് സോഷ്യൽ മീഡിയയും സഹപ്രവർത്തകരും. തലമുടിയെല്ലാം കാൻസർ രോഗികൾക്കായി നൽകിയ അപർണയുടെ നന്മ മനസ് കേരള പൊലീസ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറം ലോകത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപും സാമൂഹ്യപ്രവർത്തനങ്ങളിൽ അപർണ മാതൃകയായിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയതും വാർത്തയായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി. അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു. .

ഇതിനു മുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു.

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്‍റെ വനിതാ ടീം ആണ്. പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. അപര്‍ണ്ണ ലവകുമാറിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.