Saturday 07 December 2019 11:58 AM IST : By സ്വന്തം ലേഖകൻ

ഹെൽമറ്റിനു പകരം ഫുൾ ബോഡി പ്രൊട്ടക്ഷന്‍ വേണം; ‘ഫുള്‍ കവറിൽ’ മാസ് മറുപടി നൽകി പൊലീസ്

kp-1

ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ അവബോധവുമായി സോഷ്യല്‍ മീ‍ഡിയയും സജീവമാണ്. കേരള പൊലീസാകട്ടെ തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ ഹെൽമറ്റ് സന്ദേശങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. കൂട്ടത്തിൽ ഏറ്റവും ഹൃദ്യമായിരുന്നു സേവ് ദ ഡേറ്റ് ഫൊട്ടോഷൂട്ടിൽ ഹെൽമറ്റുമായെത്തിയ ധനേഷിനും ശ്രുതിക്കും കേരള പൊലീസ് നൽകിയ ആശംസ. വെറൈറ്റിക്കൊപ്പം നല്ലൊരു സന്ദേശം പങ്കുവച്ച ജോഡിയെ പൊലീസ് അഭിനന്ദിക്കാനും മറന്നില്ല. പക്ഷേ ഈ പോസ്റ്റിനു കീഴെ ഒരാൾ നൽകിയ കമന്റും അതിന് കേരള പൊലീസ് നൽകിയ മറുപടിയുമാണ് സോഷ്യൽ ലോകത്ത് വൈറൽ.

ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു കീഴെ സച്ചു നടുപുരയ്ക്കൽ എന്നയാൾ കുറിച്ച കമന്റിന്റെ സാരാംശം ഇങ്ങനെ.

‘പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ Helmet വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്. Helmet വയ്ക്കാതെ യാത്രയിൽ ഞങ്ങൾ അപകടത്തിൽപ്പെട്ടാൽ നഷ്ടം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനുമാണ്, താങ്കൾക്കും ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും യാതൊരു വിധ നഷ്ടമോ സങ്കടങ്ങളോ ഉണ്ടാക്കുന്നില്ല.ഇനി ഇരു ചക്രവാഹനക്കാരുടെ ജീവന്റെ സുരക്ഷയാണ് ഉദ്യേശമെങ്കിൽ
Helmet അല്ല വേണ്ടത് "full body Protection" നൽകുന്ന എന്തെങ്കിലും ഉപകരണവുമായി വരൂ. ഞങ്ങൾ അംഗീകരിക്കാം!’

അതേസമയം ഹെൽമറ്റിനു പകരം ഫുൾകവർ ബോഡി പ്രൊട്ടക്ഷൻ വേണമെന്ന പരാമർശത്തിന് മറുപടിയായി. ‘ശവപ്പെട്ടി പോലുള്ള ഫുൾകവർ കിട്ടാതിരിക്കാൻ പറഞ്ഞതാ സാറേ’ എന്ന മാസ് മറുപടിയാണ് പൊലീസ് നൽകിയത്. ശവപ്പെട്ടിയുടെ ചിത്രത്തിനൊപ്പമാണ് പൊലീസിന്റെ കമന്റ്.

സച്ചു നടുപുരയ്ക്കൽ കുറിച്ച കമന്റിന്റെ പൂർണരൂപം;

സർ,

ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ Helmet വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്. Helmet വയ്ക്കാതെ യാത്രയിൽ ഞങ്ങൾ അപകടത്തിൽപ്പെട്ടാൽ നഷ്ടം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനുമാണ്, താങ്കൾക്കും ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും യാതൊരു വിധ നഷ്ടമോ സങ്കടങ്ങളോ ഉണ്ടാക്കുന്നില്ല.

ഇനി ഇരു ചക്രവാഹനക്കാരുടെ ജീവന്റെ സുരക്ഷയാണ് ഉദ്യേശമെങ്കിൽ
Helmet അല്ല വേണ്ടത് "full body Protection" നൽകുന്ന എന്തെങ്കിലും ഉപകരണവുമായി വരൂ. ഞങ്ങൾ അംഗീകരിക്കാം! ഹൃദയവും, ശ്വാസകോ ശവും, വൃക്കയും, കരളും കൈകാലുകളും ചതഞ്ഞരഞ്ഞിട്ട് തലച്ചോറ് കൊണ്ട് എന്ത് പ്രയോജനം സർ...? കേരളത്തിലെ ജനങ്ങളുടെ ആയുസ്സിനാണ് നിങ്ങൾ കൂടുതൽ വില കല്പിക്കുന്നതെങ്കിൽ കേരളത്തിലെ റോഡുകളിൽ കിണറുകളും, കുളങ്ങളും നിർമ്മിച്ച, പാലാരിവട്ടം പോലുള്ള മേൽപ്പാലങ്ങൾ പണിത വകുപ്പ് ഉദ്യോഗസ്ഥരെ പിടിച്ച് തുറുങ്കിലടക്കൂ !!!!???

Helmet കമ്പനിയുടെ കോഴയാണ് ഉദ്യേശ മെങ്കിൽ സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനത്തിനും, കാറ്, ബസ്, ലോറി എന്നിവ ഓടിക്കുന്നവരും Helmet നിർബന്ധമാക്കണം,
കാരണം ഈ വാഹനങ്ങളൊക്കെ അപകടത്തിൽപ്പെട്ടാൽ തലയ്ക്ക് ക്ഷതം സംഭവിച്ച് മരണം സംഭവിക്കാറുണ്ട് !!.