Tuesday 14 May 2019 12:56 PM IST : By സ്വന്തം ലേഖകൻ

അതിമർദ്ദം, മൺസൂൺ വൈകും; രാത്രിയിൽ ചൂട് കൂടുന്നു, പ്രതീക്ഷിച്ച മഴ ലഭിക്കാതെ കേരളം!

rain-weather-0986

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ യമൻ, ആഫ്രിക്കൻ തീരങ്ങളോടു ചേർന്നു രൂപപ്പെട്ട അതിമർദ്ദ മേഖലയുടെ (HPA) സ്വാധീനത്തിൽ കേരളവും ഉൾപ്പെടുന്നത് നമുക്ക് ലഭിക്കേണ്ട മഴ ഇല്ലാതാക്കുന്നു. വെള്ളിയാഴ്ച വരെ ഈ സാഹചര്യം തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് ഏകദേശം 4000-5000 കി.മി അകലെയാണ് ഹൈ പ്രഷർ മേഖലകൾ സ്ഥിതി ചെയ്യുന്നത്.

രാത്രി താപനില കൂടുന്നു

സംസ്ഥാനത്ത് രാത്രി താപനിലയും (min.temperature), ആർദ്രത (humidity) യും കൂടുന്നത് രാത്രിയിലും രാവിലെയും വിങ്ങൽ അനുഭവപ്പെടാൻ ഇടയാക്കുന്നു. കാറ്റിന്റെ ഗതി മാറ്റം മൂലം പടിഞ്ഞാറൻ കാറ്റ് (westerlies) കേരളത്തിലേക്ക് പ്രവേശിക്കുന്നില്ല. കേരള തീരത്തിന് സമാന്തരമായാണ് ഇപ്പോൾ മിക്ക സമയങ്ങളിലും കാറ്റിന്റെ ദിശ. ഇത് കരയിൽ ചൂട് കൂടാൻ ഇടയാക്കും.

പകൽ താപനില ശരാശരി 36 ഡിഗ്രിയിൽ തുടരുമ്പോൾ രാത്രി താപനില 28 ഡിഗ്രി മിക്ക സ്ഥലങ്ങളിലും രേഖപ്പെടുത്തി. ഇത് അടുത്ത ദിവസം 29 ആകും. രാത്രി room temperature ശരാശരി 30 - 31 ഡിഗ്രിയാകും. ആർദ്രത പലയിടത്തും 80- 90 ശതമാനമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില, ആർദ്രത പട്ടിക ഇതോടൊപ്പം. 

കണ്ണൂരിൽ രാത്രി താപനില സാധാരണ സാധാരണയേക്കാൾ 2.9 ഡിഗ്രി കൂടി 28.6 ഡിഗ്രി എത്തി. ആലപ്പുഴയിൽ 2.7 ഡിഗ്രി കൂടി 28.6 ഡിഗ്രി എത്തി. കോഴിക്കോട് 1.8 ഡിഗ്രി കൂടി 28.4 ആയി. പാലക്കാട് 1.5 ഡിഗ്രി കൂടി 26.7 ആയി. ആർദ്രതയും സാധാരണ പ്രക്കാൾ 2 മുതൽ 10 ശതമാനം കൂടി.

അതിമർദ്ദം മഴ ഇല്ലാതാക്കും

അതിമർദമേഖല മഴ മേഘങ്ങളെ രൂപപെടുന്നതിന് തടസമാകും. കേരളത്തിന്റെ മധ്യമേഖല വരെയാണ് അതി മർദ്ദ സ്വാധീനമേഖല (ഇതോടൊപ്പമുള്ള മാപ്പ് നോക്കുക). ഇതിനാൽ തീരദേശത്തും ഇട നാട്ടിലും മഴ കുറയും. പശ്ചിമഘട്ട മേഖലകളിൽ അടുത്ത ദിവസം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. മഴക്ക് കാരണമാകുന്ന ഘടകങ്ങൾ കേരളത്തിന് സമീപത്തുണ്ടങ്കിലും കാറ്റ് സജീവമല്ലാത്തതാണ് മഴ പെയ്യാത്തതിനു കാരണം. കഴിഞ്ഞ ദിവസവും നമ്മൾ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. എന്നാൽ തമിഴ്നാട്ടിലും കർണാടകയിലും മഴ ലഭിച്ചു. 

ആകാശം മേഘാവൃതമാകുകയും എന്നാൽ ഒറ്റപ്പെട്ട ചാറ്റൽ മഴ (spotty Rain) മാത്രം ഉണ്ടാകുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥ. അടുത്ത ആഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദം രൂപപെടാനും സാധ്യതയുണ്ട്. ഇത് മൺസൂണിനെ വൈകിപ്പിക്കും. ഇതേ കുറിച്ച് വിശദമായ പോസ്റ്റ് പിന്നീട്.