Monday 19 March 2018 02:37 PM IST

എട്ട് മാസം പ്രായമുള്ള മകളെ ഡേ കെയറിലാക്കി നടന്നകലുമ്പോൾ നെഞ്ച് നീറും, പക്ഷേ, ജീവിക്കാൻ പണം വേണ്ടേ! ബാങ്ക് ജീവനക്കാരിയായ ഒരമ്മ പറയുന്നു

Lakshmi Premkumar

Sub Editor

survey-working-woman1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മഴ ആർത്തലച്ച് പെയ്യുന്ന ഒരു വൈകുന്നേരം നല്ല ചൂടുള്ള കട്ടൻചായയും കുടിച്ച് പ്രിയപ്പെട്ടവന്റെ തോളിൽ ചാരി ആ മഴ മുഴുവൻ കണ്ട് തീർക്കണം. അപ്പോൾ സ്വർണ നിറമുള്ള പാട്ടു പെട്ടിയിലൂടെ എവർ ഗ്രീൻ ഗസൽ മണം ഒഴുകിയെത്തും. ആ മഴയത്ത് ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ കൂടിയായാൽ സംഗതി പൊളിച്ചു. എങ്ങനെയുണ്ട്? വിവാഹത്തിനു മുൻപു കണ്ട സ്വപ്നങ്ങൾക്ക് ഇങ്ങനെ പല നിറങ്ങളുണ്ടായിരുന്നു. പകലിന്റെ, രാത്രിയുടെ, പക്ഷികളുടെ, പൂക്കളുടെ നിറം. ഇപ്പോഴോ?  ഇപ്പോള്‍ ഈ നിറങ്ങളെല്ലാം അവളുടെയുള്ളിൽ തന്നെയാണ്. ഇന്നത്തെ ജീവിതത്തിന് ഒരു നിറം മാത്രമേയുള്ളൂ തിരക്കിന്റെ നിറം. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടി മുട്ടിക്കാൻ ഓടുന്ന പെൺമനസ്സുകളിലൂടെ ‘വനിത’ നടത്തിയ സർവേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഡബിൾ റോളിനെ സ്നേഹിക്കുമ്പോഴും ജീവിതത്തിൽ പെണ്ണ് അഡ്ജസ്റ്റ്മെന്റിന്റെ പര്യായമാണ് ഇന്നും.  

26 നും 35 നും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തവരിൽ കൂടുതലും. ജീവിതത്തിൽ അവർക്ക് പറയാനുള്ളതൊക്കെ കോറിയിട്ട്, പതുക്കെ പുഞ്ചിരിച്ച് കുറച്ച് ജീവിതങ്ങളങ്ങനെ കടന്നു പോയി. സിംബോളിക്കായിട്ട് പറഞ്ഞാൽ, ആ ചിരിയിലുണ്ട് എല്ലാം. പെണ്ണ് കാണാൻ വന്നപ്പോൾ  അച്ഛൻ ഒരു ആവശ്യം  മാത്രമേ  മുന്നോട്ട്  വച്ചുള്ളൂ. വിവാഹ ശേഷവും  ജോലിക്ക് വിടണം. അന്നത്തെ ആവേശത്തിന് വാക്കു കൊടുത്തും പോയി. എന്നാൽ ഇന്ന് വീട്ടമ്മയുടെ ജോലിയും  ഓഫിസ് ജോലിയും  ചെയ്യാൻ പെടാപ്പാട് പെടുന്നതു കണ്ടപ്പോൾ അറിയാതെ ഭർത്താവ് പറഞ്ഞു ഇത്രയും വയ്യെങ്കിൽ ജോലി രാജി വച്ചുകൂടെ? കേട്ടപാതി കേൾക്കാത്ത പാതി ഓടിപ്പോയി ജോലി കളഞ്ഞ് വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങിയ നായികയെയായിരുന്നു സങ്കൽപിച്ചതെങ്കിൽ നിങ്ങൾക്ക് പാടെ തെറ്റി. ചോദ്യത്തിനുത്തരം തീക്ഷ്ണമായ, ജ്വലിക്കുന്ന  ഒരു നോട്ടം മാത്രമായിരുന്നു. അതേ, ഇന്നത്തെ സ്ത്രീകൾ ഡബിള്‍ റോളിനെ സ്നേഹിക്കുന്നു... 

survey-working2

സംതൃപ്തമാണ് പക്ഷേ...

പൂർണ സംതൃപ്തിയോടെയാണോ ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ടു പോകുന്നതെന്ന് ചോദിച്ചാൽ സർവേയിൽ പങ്കെടുത്ത പകുതിപ്പേർക്കും പറയാനുണ്ടായിരുന്നത് സംതൃപ്തമാകാതെ വേറെ വഴിയില്ല എന്ന ഉത്തരമായിരുന്നു. 51.8 ശതമാനം പേർ ഈ ഉത്തരത്തെ അനുകൂലിച്ചപ്പോൾ 37.5 ശതമാനം പേർ പൂർണ തൃപ്തി അറിയിച്ചവരാണ്. ഒട്ടും സംതൃപ്തമല്ലാതെ 10.7 ശതമാനം പേർ മാറി നിന്നു. ഡബിൾ റോളുകളിലെ അസംതൃപ്തിെയന്താണെന്ന് അന്വേഷിച്ച്  ചെന്ന വനിതയ്ക്ക് മുന്നിൽ അവർ ഒന്നിച്ച് പറഞ്ഞു എപ്പോഴും ബാക്കി നിൽക്കുന്ന ടെൻഷൻ, അതുതന്നെയാണ് അസംതൃപ്തമായി നിൽക്കുന്ന ആ കരട്.

രാത്രി ഉറങ്ങുമ്പോൾ നാളെ  കാലത്തു പുട്ടിനൊപ്പം കറി വയ്ക്കാനുള്ള കടല വെള്ളത്തിലിട്ടോ എന്ന് പലവട്ടം ആശങ്കപ്പെടാറില്ലേ? ഗ്യാസ് ഓഫ് ചെയ്തോ? അടുക്കളയിലെ ജനലടച്ചോ? തുടങ്ങി നൂറ് പ്രശ്നങ്ങൾ തലച്ചോറിനുള്ളിലൂടെ  കയറിയിറങ്ങി പോകാറില്ലേ? ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും  കാതടപ്പിക്കുന്ന അലാറമെത്തി. ഇനി പതിവു പോലെ ദിനം തുടങ്ങുകയായി.‘‘വീട്ടിലിരിക്കണം, കുഞ്ഞുങ്ങളെ നോക്കണം  എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ജീവിതവും കൂടി നോക്കേണ്ടേ ? ഇന്നത്തെ കാലത്ത് നന്നായി ജീവിക്കാൻ രണ്ടുപേരുടെയും ശമ്പളം  അത്യാവശ്യമാണ്. എട്ട് മാസം മാത്രമുള്ള മകളെ ഡേ കെയറിലാക്കി നടന്നകലുമ്പോൾ നെഞ്ച് നീറും. പക്ഷേ, ഞാൻ കഷ്ടപ്പെടുന്നത് അവളുടെ സുന്ദരമായ ഭാവിക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോള്‍ അൽപം സമാധാനം ലഭിക്കും’’ ബാങ്ക് ജീവനക്കാരിയായ ദേവി പറയുന്നു.

survey-working-w1

വികസനത്തിലേക്ക് കുതിക്കുന്ന നമ്മുടെ നാട്ടിൽ 53.6 ശതമാനം  സ്ത്രീകൾ വരുമാനമെന്ന ഒറ്റ ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ജോലിക്കായി ഇറങ്ങിത്തിരിക്കുന്നത്. മാറി വരുന്ന ഷിഫ്റ്റുകളില്‍,തന്റേടത്തോടെ മുന്നേറുന്നത് മാസം അവസാനിക്കുന്ന ആ ശമ്പള ദിനത്തെ മാത്രം മുന്നിൽ കണ്ടാണ്. ജോലിയോട് ആത്മാർഥ സ്നേഹം സൂക്ഷിക്കുന്നവരും കുറവല്ല, 40.2 ശതമാനം പേർക്ക്  ജോലി നൽകുന്നത് ആത്മസംതൃപ്തിയാണ്.

ഭർത്താവിന്റെയും ഭാര്യയുടെയും ജോലി സ്ഥലവുമായി ബന്ധപ്പെട്ടാണ് ഒരു വിവാഹമോചന കേസ് കുടുംബ കോടതിയിൽ എത്തിയത്. അഡ്വക്കേറ്റ്  അനു ജോർജിന്റെ ഓർമയിൽ ഇന്നും ആ മുഖങ്ങളുണ്ട്.‘‘ ഭാര്യ ജോലി ചെയ്യുന്നത് അവരുടെ വീടിനടുത്തുള്ള സ്ഥലത്താണ്. ഭർത്താവിന്റെ വീട്ടിലേക്കാകട്ടെ രണ്ട് മണിക്കൂറോളം യാത്ര ചെയ്യണം. ഭാര്യ കൂടുതൽ ദിവസങ്ങളിൽ സ്വന്തം വീട്ടിൽ നിൽക്കുന്നു എന്നതായിരുന്നു ഭർത്താവിന്റെ പരാതി.

ജോലി കളയാനാകട്ടെ ഇരുവരും തയാറാല്ല. വീടും കുഞ്ഞിന്റെ കാര്യങ്ങളും ജോലിക്കായുള്ള യാത്രയും എല്ലാം കൂടെ ഒന്നിച്ച് കൊണ്ടു പോകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഭാര്യ. ഒടുവിൽ ഒരു പരിഹാരത്തിനായാണ് അവർ കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ അവർ പറയുന്നതിനോട് യോജിക്കാം. കഷ്ടപ്പെട്ട് പഠിച്ചു നേടിയ ജോലിയാണ്. അത് വേണ്ടെന്ന് വച്ച് വീട്ടിലേക്ക് ഒതുങ്ങാൻ ഇന്നത്തെ കാലത്തെ ഒരു പെൺകുട്ടിയും തയാറല്ല.

എന്നാൽ സ്വന്തം അച്ഛനെയും അമ്മയെയും തന്നെയും പരിപാലിച്ച് ഭാര്യ ഒപ്പം വേണമെന്ന ഭർത്താവിന്റെ ആവശ്യം മറുവശത്ത്. എന്താണൊരു പ്രതിവിധിയെന്ന് ഓർത്ത് ഒടുവിൽ ഒരു ആശയം മുന്നോട്ട് വച്ചു. രണ്ട് പേരുടെയും ജോലി സ്ഥലങ്ങളിൽക്കിടയിലുള്ള ഒരു വീട്ടിലേക്ക് താമസം മാറാം. ഭർത്താവിനും ഭാര്യയ്ക്കും ഓരോ മണിക്കൂർ യാത്ര. ഒരു മാസത്തേക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞ് അ വരെ തിരിച്ചയച്ചു. പിന്നീട് അവർ പിരിയണമെന്ന ആവശ്യവുമായി എത്തിയില്ല.

survey-working3

സഹായമുണ്ടെങ്കിലേ മുന്നോട്ട് പോകൂ

ഇന്ന് കുട്ടികളെ നിങ്ങൾ നോക്ക്, പകരം ഞാൻ വീട് മുഴുവൻ വൃത്തിയാക്കാം എന്ന ആശയം ഭാര്യ പലപ്പോഴായി മുന്നോട്ട് വയ്ക്കുമെങ്കിലും അവസാനം ജോലിയെല്ലാം  സ്വന്തം തലയിൽ തന്നെ. ഓഫിസിലെ ജോലിയുടെ പ്രശ്നങ്ങൾ മനസിലാക്കുന്നു എന്നത് ശരി തന്നെ എന്നാൽ 39.3 ശതമാനം ഭർത്താക്കൻമാരും വല്ലപ്പോഴും മാത്രം സഹായ ഹസ്തം നീട്ടുന്നവരാണ്. 32.1 ശതമാനം ഭർത്താക്കൻമാർ സഹായിക്കാറുണ്ടെന്ന് അവകാശപ്പെടുമ്പോഴും 19.6 ഭർത്താക്കൻമാരും അവരുടെ മൂഡനുസരിച്ച് മാത്രമാണ് സഹായിക്കാനെത്തുന്നത്.

മാറി വരുന്ന ഷിഫ്റ്റുകളിൽ പലപ്പോഴും കൃത്യ സമയത്ത് ഇറങ്ങാൻ കഴിയാറില്ല. എന്നാൽ പണ്ടത്തെ പോലെ അൽപം നേരം വൈകിയെന്ന് കരുതി വീടിന് പുറത്ത് നിൽക്കേണ്ട അവസ്ഥയൊന്നും  പുതു തലമുറയ്ക്കില്ല. സർവേയിൽ പങ്കെടുത്ത 54.6 ശതമാനം ആളുകളെയും  വൈകിയെത്തുന്ന അവസരങ്ങളിൽ വീട്ടുകാർ സമാധാനിപ്പിച്ച്  എല്ലാ ജോലികളിലും സഹായിക്കുമെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 29.6  ശതമാനം ആളുകളുടേയും വീടുകളിൽ മനസിലാക്കാതെ പ്രവർത്തിക്കുന്നവരാണ്. 11.1 ശതമാനം സ്ത്രീകൾ ഇപ്പോഴും വീടുകളിൽ നിന്നും വൈകിയതിന് കുത്തുവാക്കുകൾ കേൾക്കുന്നു.

ഇന്ന് അമ്മയ്ക്ക് എന്താ പതിവില്ലാത്ത ദേഷ്യമെന്ന് കുട്ടികൾ ഇടക്കിടെ ചോദിക്കാറില്ലേ?  ഇനിയെങ്കിലും  മനസ്സിലാക്കൂ ഭർത്താക്കൻമാരേ, ഈ സ്ത്രീയുടെ ശരീരമെന്ന് പറയുന്നത് ഒരു നൂറ് ഹോർമോണുകൾ അങ്ങനെ വേലിയേറ്റവും വേലിയിറക്കവും നടത്തിക്കൊണ്ടിരിക്കുന്ന മനോഹര കടൽ തീരമാണ്. ചിലപ്പോൾ അവൾ സാന്ത്വനമായി തഴുകും. അതേ കൈകൾ  തന്നെ സംഹാര താണ്ഡവമാടും. സർവേയിൽ പങ്കെടുത്ത 58 ശതമാനം ആളുകളും അകാരണമായി സങ്കടവും ഡിപ്രഷനും ഉണ്ടാകുന്നവരാണ്. ഫലമോ എന്തിനോടും ഏതിനോടും ദേഷ്യം. ജോലി സ്ഥലത്ത് കാണിക്കാൻ പറ്റാത്തതു കൂടി വീട്ടിൽ വന്ന് തീർക്കും.

ആർത്തവത്തോട് അടുക്കുന്ന ദിവസങ്ങളിലും ഇങ്ങനെ മൂഡ് സ്വിങ്സ് ഉണ്ടാകുന്നവരാണ് ഏറിയ പങ്കും. ‘‘ഇതൊക്കെ ഒന്ന് കണ്ടറിഞ്ഞ് നിന്നാൽ മതി ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം’’ വിദേശത്ത് കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന മിൽഫി പറയുന്നു. ‘‘ഇവിടെയൊക്കെ രണ്ടുപേരുടെയും ഷിഫ്റ്റുകൾ അഡ്ജസ്റ്റ് ചെയ്താണ് പോകുന്നത്. വീട്ടിലെ ജോലികൾ, കുട്ടികൾ ഇതെല്ലാം ഓരോ ഷിഫ്റ്റിനെയും അനുസരിച്ച് ഇരുവർക്കും മാറി വരും. ’’

വിവരങ്ങൾക്ക് കടപ്പാട്: ജി. രാധാകൃഷ്ണൻ നായർ, റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ, ഡോ. സൈലേഷ്യ. ജി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിനെ മെഡിസിറ്റി, എറണാകുളം. തയാറാക്കിയത് : ലക്ഷ്മി പ്രേംകുമാർ.