Monday 18 November 2019 11:38 AM IST : By സ്വന്തം ലേഖകൻ

ഖുറാനൊപ്പം അരനൂറ്റാണ്ട് സൂക്ഷിച്ച രുദ്രാക്ഷ മാല ഇനി അയ്യപ്പ സന്നിധിയിലേക്ക്! ഖനി ബാവയുടെ സ്നേഹസമ്മാനവുമായി പ്രദീപ് മല ചവിട്ടും

khani-bava334

വൃശ്ചിക പുലരിയിൽ സൗഹാർദത്തിന്റെ മാലയണിഞ്ഞ് ശബരിമലയ്ക്ക് വ്രതമാരംഭിച്ച്  മണ്ണാർക്കാട് സ്വദേശിയുടെ സ്നേഹസന്ദേശം. നല്ലൂർ വീട്ടിൽ പ്രദീപ് കുമാറാണ് മുസ്‌ലിം വയോധികൻ അൻപതു വർഷമായി കാത്തുസൂക്ഷിച്ചിരുന്ന രുദ്രാക്ഷമാല സമ്മാനമായി സ്വീകരിച്ച് മണ്ഡലകാല വ്രതം ആരംഭിച്ചത്. മുപ്പത്തഞ്ചു വർഷമായി ശബരിമല ദർശനം നടത്തുന്ന പ്രദീപ് ഇക്കുറി മലയ്ക്കു പോകുന്ന വിവരം പറഞ്ഞപ്പോൾ കോട്ടപ്പുറം സ്വദേശി ഖനി ബാവ റാവുത്തർ ഹൃദയത്തോടു ചേർത്തുവച്ച മാല അദ്ദേഹത്തിനു സമ്മാനിക്കുകയായിരുന്നു. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കിടെയാണ് ഖനി ബാവയെ പ്രദീപ് പരിചയപ്പെട്ടത്. മതങ്ങളുടെ അതിരിനുമപ്പുറം മനുഷ്യരുടെ ഹൃദയത്തിലാണ് വിശ്വാസമെന്ന് മാല സമ്മാനിച്ചുകൊണ്ട് ഖനി റാവുത്തർ പറഞ്ഞു. മണ്ണാർക്കാട് കോടതിപ്പടിയിൽ ഓട്ടോ കൺസൽട്ടന്റ് എജൻസി നടത്തുകയാണ് പ്രദീപ്. ഭാര്യ സ്മിത. മക്കൾ: അക്ഷയ്, അഭയ്, അഭിധ.

ഞായറാഴ്ച രാവിലെ മാലയിട്ടു വ്രതമാരംഭിച്ച പ്രദീപിന്റെ ഫെയ്സ്ബുക് കുറിപ്പ്: 

ശരണംവിളിയുടെ നാളുകൾ ആരംഭിക്കുകയാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ശബരിമല ദർശനം നടത്തുന്ന എനിക്ക് ഈ വർഷത്തെ വ്രതാരംഭം വ്യത്യസ്തമാകുന്നത് സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പുതിയ അനുഭവങ്ങൾ നൽകികൊണ്ടാണ്. യുവചേതന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കിടെയാണ് വയോധികനായ ഖനി ബാവ റാവുത്തരെ പരിചയപ്പെട്ടത്.

തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ ഈ മനുഷ്യൻ അനുഗ്രഹിച്ച് നൽകിയ രുദ്രാക്ഷമാലയണിഞ്ഞാണ് ഇത്തവണ ഞാൻ ശാസ്താവിനെ ദർശിക്കാൻ യാത്രയാകുന്നത്.

വർഷങ്ങളായി അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്ന ഈ രുദ്രാക്ഷമാല കാല ചംക്രമണത്തിന്റെ നവതിയോളം നീളുന്ന അനുഭവ സാക്ഷ്യങ്ങളിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ മതങ്ങൾ തീർക്കുന്ന മതിലുകൾക്കുമെത്രയോ അപ്പുറമാണ് മനുഷ്യസ്നേഹമെന്ന് നൂറ്റാണ്ട്കൾക്ക് മുന്നേ നമ്മെ ഉദ്ബോധിപ്പിച്ച കലിയുഗവരദന്റെ അനുഗ്രഹം ഈമഹാത്മാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ആത്മാത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് ഞാനെന്റെ വിശുദ്ധിയുടെ നാളുകൾക്ക് തുടക്കം കുറിക്കുകയാണ്.

khani0997
Tags:
  • Spotlight
  • Inspirational Story