Saturday 20 April 2019 05:05 PM IST : By സ്വന്തം ലേഖകൻ

‘കിച്ചൂ, നീ ഇത് കാണണേ, എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളിൽ കയ്യിട്ട് ...’! ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന്, ‘കിച്ചൂസി’ന്റെ തണലിലേക്ക് കൃപേഷിന്റെ കുടുംബം

k

രാഷ്ട്രീയ പകപോക്കലിനിരകളായി, പെരിയയിൽ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍, നൊമ്പരത്തിന് മൂക സാക്ഷിയായ, എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന, കൃപേഷിന്റെ ഓലമേഞ്ഞ കൂര ആരിലും വേദന പടർത്തുന്നതായിരുന്നു. ഇപ്പോഴിതാ, പുതിയ ഒരു വീട് കൃപേഷിന്റെ കുടുംബത്തിന് നിർമിച്ചു നൽകി, തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ഹൈബി ഈഡന്‍ എം.എല്‍.എ. കൃപേഷിന്റെ വീടിന്റെ ദയനീയാവസ്ഥ വാര്‍ത്തയായതിന്റെ പിറ്റേന്നാണ് ഹൈബി ഈഡന്‍ കൃപേഷിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ കൃഷ്ണനും അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കൃപേഷിന്റെ കുടുംബം. പ്രാദേശിക രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ടു പോവുന്നതിനിടെയാണ് കൃപേഷ് രാഷ്ട്രീയ പകപോക്കലിന് ഇരയായത്.

ഒലമേഞ്ഞ, മഴക്കാലത്ത് ചോര്‍ച്ച തടയായന്‍ ടാര്‍പോളിന്‍ വിരിച്ച ഒറ്റമുറി വീട്ടിലായിരുന്നു കൃപേഷും കുടുംബവും താമസിച്ചിരുന്നത്. ചോര്‍ന്നൊലിക്കാത്ത സുരക്ഷിതമായ ഒരു വീട് കൃപേഷിന്റെ സ്വപ്നമായിരുന്നു. എന്നാൽ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷ് അകാലത്തിൽ പൊലിഞ്ഞതോടെ വീടെന്ന സ്വപ്നം നിറവേറ്റാന്‍ ഹൈബി ഈഡന്‍ എം.എല്‍.എ മുന്നിട്ടിറങ്ങുകയായിരുന്നു.

മൂന്ന് കിടപ്പുമുറികളും അടുക്കളും ഡൈനിങ്ങ് ഹാളും ഉള്‍പ്പെടെയാണ് വീടിന്റെ നിര്‍മ്മാണം. ഹൈബി ഈഡന്റെ ‘തണല്‍’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടിന്റെ നിർമാണം. പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ ഫണ്ട് ഇതിനായി ഹൈബി മാറ്റിവച്ചു. കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വീടു നിര്‍മാണത്തില്‍ പങ്കാളിയായി.

വയറിങ്ങിനും പ്ലംബിങ്ങിനും പെയിന്റിങ്ങിനുമായി കൊച്ചിയില്‍ നിന്ന് തൊഴിലാളികളെ എത്തിച്ചു. ‘കിച്ചൂസ്’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

44 ദിനം കൊണ്ട് പൂര്‍ത്തിയാക്കിയ വീട്ടിലേക്ക് കൃപേഷിന്റെ കുടുംബം മാറിത്താമസിക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ ജനങ്ങൾ ഒഴുകിയെത്തി. പലരും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാരിതോഷികങ്ങളുമായാണെത്തിയത്. ശശി തരൂര്‍ ദേശീയ പ്രസിഡന്റായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കൃപേഷിന്റെ പുതിയ വീട്ടില്‍ ഫര്‍ണിച്ചറും ടി.വി.യുമെല്ലാം എത്തിച്ചു.

വീടിന്റെ ഹൃഹപ്രവേശത്തോടനുബന്ധിച്ച്, ഷാഫി പറമ്പിൽ എം.എൽ.എ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

കിച്ചു നീ ഇത് കാണുന്നുണ്ടോ ?
അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത് .
നീ ഉണ്ടാക്കിയ വീടാണിത് .. നീ ഞങ്ങളെയൊന്നും അറിയിക്കാത്ത കഷ്ടപാടുകൾക്കിടയിലും പിടിച്ച പതാകയുടെ തണലാണിത് .
നിന്നെ ഇളം പ്രായത്തിൽ കൊന്നവർക്കറിയില്ല നീ അനശ്വരനാണെന്ന് ..നിന്റെ വീടിന്റെയും നാടിന്റെയും പ്രസ്ഥാനത്തിന്റെയും സ്വപ്നങ്ങൾ അന്യം നിന്ന് പോവില്ലെന്ന് .
നീ ഇത് കാണണേ കിച്ചു ...
നീ അമ്മയെ ആശ്വസിപ്പിക്കണേ .. പെറ്റ വയറിന് ,വേറെയാരും..ഒരു സൗകര്യങ്ങളും ,നിനക്ക് പകരമാവില്ലെങ്കിലും ഹൈബിയെ പോലെ കുറെ മക്കൾ അമ്മയ്ക്കുണ്ടാവുമെന്ന് പറയണം.
കമിഴ്ന്ന് കിടന്നാലും ആകാശം കാണണ ആ പഴയ വീട്ടിൽ നീയുണ്ടെങ്കിൽ അത് തന്നെയാവും അമ്മക്ക് സ്വർഗ്ഗം .. അത് മാത്രം കഴിയുന്നില്ല കിച്ചു . നിന്നെ കൊല്ലുന്നവർക്കും അതറിയാമായിരുന്നു .. എന്നിട്ടുമവർ ..

പ്രിയ ഹൈബി .. ഹൃദയത്തിൽ ഹൈബി ഈഡൻ എന്നത് തെരഞ്ഞെടുപ്പ് വാചകമല്ല .. സ്നേഹം കൊണ്ട് ഉള്ളിൽ കോറിയിട്ടൊരു വലിയ സത്യമാണത് . അഭിമാനമാണ് ഹൈബി ഈഡൻ .
കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളിൽ കയ്യിട്ട് ..

Hibi Eden #IsourPride