മലപ്പുറം നെടുങ്കയത്ത് ഇരുമ്പ് പാലത്തിൽ നിന്ന് പുഴയിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി സിവിൽ പൊലീസ് ഓഫിസർ. നിലമ്പൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയ നെടുങ്കയം നഗർ സ്വദേശി എൻ കെ സജിരാജ് ആണ് കുഞ്ഞിന് രക്ഷകനായത്. നെടുങ്കയം ഇരുമ്പുപാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം.
തിരൂരിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പ് ഗർഡറുകൾ കൊണ്ടു നിർമ്മിച്ചതാണ് നെടുങ്കയം പാലം. ഇരുവശങ്ങളിലും അഴികളുമാണ്. പാലത്തിലൂടെ കുടുംബം നടക്കവേ അഴികൾക്കിടയിലെ വിടവിലൂടെയാണ് കുഞ്ഞു പുഴയിലേക്ക് വീണത്.
സജിരാജ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് പകൽ സുഹൃത്തുക്കൾക്കൊപ്പം പാലത്തിന് സമീപം വാച്ചർമാരുടെ ഷെഡിൽ ഇരിക്കുമ്പോഴാണ് പാലത്തിൽ നിന്ന് നിലവിളി കേട്ടത്. ഓടിച്ചെന്നു നോക്കുമ്പോൾ കണ്ടത് കുഞ്ഞു ഒഴുകിപോകുന്നത്. രണ്ടും കൽപ്പിച്ച് 50 അടി താഴ്ചയിലേക്ക് എടുത്തുചാടുകയായിരുന്നു. നീന്തിയെത്തി കുഞ്ഞിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. കുഞ്ഞിന് പരുക്കില്ല. കുഞ്ഞിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പരിശോധിച്ച ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.