Friday 17 June 2022 11:34 AM IST : By സ്വന്തം ലേഖകൻ

‘നിന്ന നിൽപിൽ’ രണ്ടു വയസ്സുകാരനെ കാണാതായി; വിജനമായ റബർതോട്ടത്തിൽ രാത്രി മുഴുവൻ ഒറ്റയ്ക്ക്, 13 മണിക്കൂർ ആരുടെ കൂടെ? തല പുകഞ്ഞ് പൊലീസ്

two-year-old-missing.jpg.image.845.440

രണ്ടു വയസ്സുകാരനെ വൈകിട്ടു കാണാതാകുകയും പിറ്റേന്നു രാവിലെ പ്രദേശത്തെ റബർ എസ്റ്റേറ്റിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി. തടിക്കാട് കാഞ്ഞിരത്തറ ഭാഗത്തുനിന്നാണ് കുഞ്ഞിനെ കാണാതായത്. കൊടിഞ്ഞമൂല പുത്തൻ വീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് അഫ്രാനെ വെള്ളി വൈകിട്ട് ആറു മണിയോടെ വീടിനു പിന്നിലെ പുരയിടത്തിൽ മാതാവിനൊപ്പം നിൽക്കുമ്പോൾ പെട്ടെന്നു കാണാതാവുകയായിരുന്നു.

നൂറുകണക്കിനു നാട്ടുകാരും പൊലീസും ഒരു രാത്രി മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. എന്നാൽ 13 മണിക്കൂറിനു ശേഷം റബർ ടാപ്പിങ് തൊഴിലാളി ജോലിക്കിടെ കുട്ടിയെ കണ്ടതോടെയാണു അനിശ്ചിതത്വം അവസാനിച്ചത്. പകൽ പോലും ആളുകൾ ഒറ്റയ്ക്കു പോകാൻ മടിക്കുന്ന വിജനമായ റബർ തോട്ടത്തിൽ ഒരു രാത്രി മുഴുവൻ കുട്ടി ഒറ്റയ്ക്കു കഴിഞ്ഞു എന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കണ്ടെത്തുമ്പോൾ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അന്നു 24 മണിക്കൂർ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷമാണു വീട്ടിലേക്ക് അയച്ചത്.

കൃത്യമായ വിവരങ്ങളുടെ അഭാവം കാരണം സംഭവത്തിലെ ദുരൂഹതയുടെ ചുരുൾ അഴിയുന്നില്ലെന്ന് പൊലീസ് പറയുന്നു. ചിലരുടെ ഫോൺകോളുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണു പൊലീസ്. പ്രദേശവാസികളെ ഒന്നാകെ ഞെട്ടിച്ച സംഭവത്തിലെ ദുരൂഹത തീരാത്തതു ജനങ്ങളെ വല്ലതെ ആശങ്കയിലാക്കി. ഇതിനിടെ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:
  • Spotlight