Tuesday 14 January 2020 04:34 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാ ചേച്ചീ പന്തു പൊട്ടിച്ചേ... ചെയ്ത‌ത് ഒട്ടും ശരിയായില്ല’; രോഷവും സങ്കടവും നിറഞ്ഞ് ഈ ബാലൻമാർ

football

മൈതാനത്തിന് വെളിയിലേക്ക് പോകുന്ന പന്ത്. അത് കണ്ടിട്ട് കലിയിളകി വരുന്ന അയൽപക്കത്തെ വീട്ടിലെ ചേട്ടനും ചേച്ചിയും. ഏവരുടേയും കുട്ടിക്കാല നൊസ്റ്റാൾജിയയിൽ ഈയൊരു സീൻ ഉറപ്പായും ഉണ്ടാകും. അബദ്ധ വശാൽ അതിർത്തി കടന്നു പോകുന്ന പന്ത് കുട്ടികൾക്ക് നൽകുന്ന നഷ്ടം പലപ്പോഴും വളരെ വലുതായിരിക്കും. ഒന്നുകില്‍ പന്ത് എന്നന്നേക്കുമായി നഷ്ടപ്പെടും. അല്ലെങ്കിൽ കളി തന്നെ നിലയ്ക്കും. ഇവിടെയിതാ അത്തരത്തിലൊരു നിഷ്ക്കളങ്കമായൊരു വിഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കളിക്കുന്നതിനിടെ പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് ആ ചേച്ചി കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് രോഷത്തോടെ പറയുന്ന ഒരു കൊച്ചു മിടുക്കനാണ് താരം.

‘ദേ 1750 രൂപയാ ഇൗ പന്തിന്. എന്തിനാ  ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ.. അതും മീന്‍ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാല്‍ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്. നിങ്ങള്‍ ഇതു കണ്ടോ.. ഇൗ പന്ത് കണ്ടോ നിങ്ങള്‍.. എന്തൊരു സ്വഭാവമാണ് ചേച്ചി..’ വിഡിയോയില്‍ രോഷത്തോടെ ഇൗ പയ്യന്‍ ചോദിക്കുന്നു. കളിക്കുന്നതിനിടെ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തു വീണതിനാണ് ചേച്ചി പന്ത് കത്തി കൊണ്ട് കുത്തിപ്പൊട്ടിച്ച് തിരിച്ചുകൊടുത്തത്. നിരാശരായ കുട്ടികള്‍ രോഷം ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. ഒട്ടേറെ പേരാണ് ഫോണ്‍ നമ്പര്‍ കൊടുത്ത ശേഷം, വിളിക്കെടാ മക്കളെ.. പന്തു ഞാന്‍ വാങ്ങിത്തരാം.. എന്നു കുറിക്കുന്നത്. വിഡിയോ കാണാം.

Tags:
  • Social Media Viral