Wednesday 13 March 2019 04:54 PM IST

ശ്രദ്ധക്കുറവ് നേരത്തേ അറിയൂ; കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം!

Roopa Thayabji

Sub Editor

kids-study3246

എല്ലാ ദിവസവും സ്കൂളിൽ ഓരോന്നു മറന്നുവയ്ക്കുക, പുസ്തകവും പേനയും എവിടെ നഷ്ടപ്പെട്ടെന്ന് ഓർമയില്ലാതിരിക്കുക, നോട്സ് മുഴുവനാക്കാതിരിക്കുക, ഹോംവർക്ക് ചെയ്യാൻ മടി, പഠനം നാളെയാകട്ടെ എന്ന് ഒഴിവാക്കുക... ‘കുട്ടികളാകുമ്പോ ഇതൊക്കെ സാധാരണയല്ലേ’ എന്നാകും മിക്കവരുടെയും ചിന്ത. എന്നാൽ കുട്ടികളെ ഭാവിയിൽ പഠനവൈകല്യങ്ങളിലേക്കു വരെ നയിക്കാവുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറിന്റെ (എഡിഎച്ച്ഡി) ലക്ഷണങ്ങളാകാം ഇത്.

ചുറ്റുപാടുമുള്ള കാര്യങ്ങളെ അവഗണിച്ചുകൊണ്ട് താൽപര്യമുള്ള ഒരു കാര്യത്തിലേക്ക് ഇന്ദ്രിയങ്ങളെ കേന്ദീകരിക്കാനുള്ള കഴിവാണ് ശ്രദ്ധ. ദീർഘനേരം ഇന്ദ്രിയങ്ങളെ ഒരു സംവേദനത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഏകാഗ്രത (Concentration) എന്നു വിളിക്കും. പഠിക്കുന്ന കുട്ടികളിൽ അഞ്ചു ശതമാനത്തിനെങ്കിലും ശ്രദ്ധക്കുറവ് പ്രധാന ലക്ഷണമായി കാണുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ മൂന്നിരട്ടി കൂടുതലാണ് ഈ അവസ്ഥ. തുടക്കത്തിലേ കണ്ടെത്തി പരിശീലനം നൽകിയാൽ കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും.

‘നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?’; ബോഡി ഷെയ്മിംഗുകാരെ പറപ്പിച്ച് സമീറ

ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്; മുഖമടച്ച് കരീനയുടെ മറുപടി

‘നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ’; വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ; കണ്ണീരുവറ്റും കഥ

ഗ്രീൻ ടീ കൊണ്ട് മാത്രം തടി കുറയില്ല; അരവണ്ണവും, വയറും കുറയ്ക്കാൻ ഈസി ടിപ്സ്; വിഡിയോ

ലക്ഷണങ്ങൾ ശ്രദ്ധിക്കാം

ഏഴു വയസ്സിനു മുൻപു തന്നെ ഭൂരിഭാഗം കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമെങ്കിലും 12 വയസ്സുവരെ വൈകിയും ഇവ പ്രകടമാകാം. മൂന്നു ലക്ഷണങ്ങളാണ് പ്രധാനം.

∙ ശ്രദ്ധക്കുറവ്: ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, തുടർച്ചയായി ശ്രദ്ധ ആവശ്യമുള്ള പ്രവൃത്തികൾ ചെയ്യാൻ പ്രയാസം, ബോർഡിൽ ടീച്ചർ എഴുതുന്ന കാര്യങ്ങളോ പറഞ്ഞുകൊടുക്കുന്ന നോട്ടുകളോ തുടർച്ചയായി എഴുതാൻ പ്രയാസം, ഏൽപിക്കുന്ന കാര്യങ്ങൾ മറന്നുപോകുക, തുടർച്ച വേണ്ട കാര്യങ്ങൾ ഓർത്തുവയ്ക്കാനുള്ള ബുദ്ധിമുട്ട്.

∙ അമിതവികൃതി: അതിവേഗത്തിൽ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുക, ക്ലാസ് നടക്കുമ്പോൾ പോലും  എഴുന്നേറ്റ് നടക്കുകയും  ഓടുകയും ചെയ്യുക, ക്ലാസിൽ ബഹളമുണ്ടാക്കിയും പാട്ടുപാടിയും ശല്യം ചെയ്യുക, ബെഞ്ചിന്റെ മുകളിൽ കയറുക, ഡെസ്കിനടിയിലേക്ക് നൂഴ്ന്നിറങ്ങുക തുടങ്ങിയവയാകും സ്കൂളിൽ ചെയ്യുന്നത്. മരത്തിന്റെയും  മതിലിന്റെയും മുകളിൽ നിന്ന് എടുത്തുചാടുക, സ്വന്തം ശരീരത്തിനു പരുക്കേൽക്കുന്നതു പോലുള്ള വികൃതികൾ ചെയ്യുക, നിരന്തരം ചലിച്ചുകൊണ്ടിരിക്കുക തുടങ്ങിയവയൊക്കെ വീട്ടിലും തുടരും.

∙ എടുത്തുചാട്ടസ്വഭാവം: വരുംവരായ്കകൾ ചിന്തിക്കാതെ  പ്രവർത്തിക്കുന്ന ശീലം മിക്കപ്പോഴും കുട്ടികളിൽ അമിതദേഷ്യമായാണ് പ്രകടമാകുക. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടനടി നടന്നില്ലെങ്കിൽ സാധനങ്ങൾ വലിച്ചെറിയുക, സഹപാഠികളെ ഉപദ്രവിക്കുകയും വഴക്കിടുകയും ചെയ്യുക, ചെറിയ പ്രകോപനങ്ങൾക്കു പോലും അക്രമസ്വഭാവം കാട്ടുക ഇവയാ ണ് എടുത്തചാട്ടക്കാരുടെ ലക്ഷണങ്ങൾ.

പഠിക്കുന്ന കാര്യങ്ങളിൽ അശ്രദ്ധമായി തെറ്റുകൾ വരുത്തുന്നതാണ് ഈ സ്വഭാവത്തിന്റെ മറ്റൊരു വശം. നല്ല ബുദ്ധിയുണ്ടെങ്കിൽ പോലും  ഈ പിഴവു കൊണ്ട് ഇവർക്ക് പരീക്ഷയിൽ മാർക്ക് കുറയും.

കാരണങ്ങൾ പലത്

∙ ജീവശാസ്ത്ര കാരണങ്ങൾ: ജനിതക കാരണങ്ങളും പാരമ്പര്യ ഘടകങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിലെ ചില പ്രശ്നങ്ങളും  കാരണമാണ്. ത ലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീ ഫ്രോണ്ടൽ ലോബിലാണ് ഡോപമിൻ എന്ന രാസത്വരകം ഉള്ളത്. ഡോപമിൻ അളവ് നിശ്ചിത അളവിലുണ്ടെങ്കിൽ മാത്രമേ ആവശ്യമുള്ള കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യമില്ലാത്ത സംവേദനങ്ങളെ ശ്രദ്ധിക്കാതിരിക്കാനും തലച്ചോറിനു സാധിക്കൂ. എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ പ്രീ ഫ്രോണ്ടൽ ലോബിലെ ഡോപമിന്റെ അളവ് കുറവായിരിക്കും. അതാണ് ശ്രദ്ധ പതറിപ്പോകുന്നതിന്റെ കാരണം.

∙ മനഃശാസ്ത്രപരമായ കാരണങ്ങൾ: കുട്ടികളെ വളർത്തുന്ന രീതിയിലെ പ്രത്യേകതകളോ ബാല്യത്തിലെ  ദുരനുഭവങ്ങളോ പെരുമാറ്റ പ്രശ്നത്തിന് കാരണമാകാം. രക്ഷിതാക്കൾ തമ്മിലുള്ള വഴക്ക്, മദ്യപാനശീലമോ ലഹരി ഉപയോഗമോ ഉള്ള കുടുംബാംഗങ്ങൾ, നിരന്തര ശിക്ഷ മാത്രം കൊടുത്ത് കർശന അച്ചടക്കത്തോടെ ഒട്ടും സ്നേഹം നൽകാതെയുള്ള രീതി, അതല്ലെങ്കിൽ സമ്പൂർണമായി അവഗണിച്ച് ഒട്ടും നിയന്ത്രണമില്ലാതെയുള്ള വളർത്തൽ രീതി ഇവയെല്ലാം കുട്ടികളുടെ ശ്രദ്ധക്കുറവിനു കാരണമാകും.

∙ സാമൂഹികമായ കാരണങ്ങൾ:  ശാരീരിക ചൂഷണം, ലൈംഗിക പീഡനം, മാനസ്സികമായ അവഹേളനം തുടങ്ങിയവയിലൂടെ കടന്നുപോയ കുട്ടികളിലും ഈ പ്രശ്നം കണ്ടുവരുന്നു.

അക്കാദമിക് കഴിവുകളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഇടത് അർധഗോളമാണ്. ഓർമശക്തി, വിജ്ഞാന വിശകലനം, ഗണിതശാസ്ത്ര പാടവം, ഭാഷാസ്വാധീനം തുടങ്ങിവയൊക്കെ ഇതിൽപെടും. കലാപരമായ കഴിവുകൾ, സൗന്ദര്യാസ്വാദനം, സ്നേഹം, നന്മ, മനുഷ്യത്വം തുടങ്ങിയവയുടെ കേന്ദ്രം തലച്ചോറിലെ വലത് അർധഗോളമാണ്. ശുഭകരമായ വികാരങ്ങളായ സന്തോഷം, ഉന്മേഷം, പരീക്ഷണത്വര തുടങ്ങിയവയെയും വലത് അർധഗോളം നിയന്തിക്കുന്നു.

ദുഃഖം, ഉൽകണ്ഠ, ദേഷ്യം പോലുള്ള നെഗറ്റിവ് വികാരങ്ങളെ നിയന്ത്രിക്കുന്നത് ഇടത് അർധഗോളമാണ്. ഇവ തമ്മിലുള്ള ഏകോപനമാണ് ദൈനംദിന പ്രവൃത്തികളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത്. എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ ഈ ഏകോപനം കുറവാണ്. അമിതവികൃതിയും എടുത്തുചാട്ടവുമാണ് ഇതിന്റെ ഫലം.

മറ്റു കാരണങ്ങൾ

kids-stud314

∙ തൈറോയ്ഡ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന തൈറോക്സിന്റെ അളവ് കുറയുന്നത് (ഹൈപ്പോ തൈറോയ്ഡിസം) കൗമാരക്കാരിൽ ശ്രദ്ധക്കുറവിനും  ഓർമക്കുറവിനും കാരണമാകാം.

∙ കംപ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിതഉപയോഗം ശ്രദ്ധക്കുറവുണ്ടാക്കാം. ദീർഘനേരമുള്ള  ദൃശ്യമാധ്യമ  ഉപയോഗം മൂലം തലച്ചോറിന്റെ രണ്ട് അർധഗോളങ്ങൾ തമ്മിലുള്ള ഏകോപനം കുറയുകയും എടുത്തുചാട്ടവും ദേഷ്യവും ഉറക്കക്കുറവുമെല്ലാം  ഉണ്ടാകുകയും ചെയ്യും. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും കംപ്യൂട്ടറോ ടാബോ കൊടുക്കരുത്. മൂന്ന്– എട്ട് വയസ്സിനിടയിൽ 30 മിനിറ്റേ ദൃശ്യമാധ്യമ സമയം അനുവദിക്കാവൂ. ടിവി, മൊബൈൽ, ടാബ്, കംപ്യൂട്ടർ തുടങ്ങിയവയൊക്കെ ഇതിൽ പെടും. എട്ടു വയസ്സു മുതൽ തലച്ചോറിന്റെ വികാസം പൂർത്തിയാകുന്ന 22 വയസ്സുവരെ പരമാവധി ഒരു മണിക്കൂറാണ് ആരോഗ്യകരമായ ദൃശ്യമാധ്യമ സമയം.

∙ രാത്രിയിൽ ഉറക്കം കുറയുന്നതും കുട്ടിയുടെ ശ്രദ്ധയെ ബാധിക്കും. നന്നായി  ഉറക്കം കിട്ടാതിരുന്നാൽ പകൽ പഠിച്ച കാര്യങ്ങൾ വേണ്ട തരത്തിൽ തലച്ചോറിൽ രേഖപ്പെടുത്താതിരിക്കുകയും മറവിയായി പ്രകടമാകുകയും ചെയ്യും.

∙ വിഷാദരോഗമാണ് ശ്രദ്ധക്കുറവിന്റെ മറ്റൊരു കാരണം. മുതിർന്നവരിലെ വിഷാദരോഗം സങ്കടം, ക്ഷീണം, ഉറക്കക്കുറവ്, താൽപര്യമില്ലായ്മ പോലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെങ്കിൽ കൗമാരക്കാരിൽ ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, ദേഷ്യം എന്നിങ്ങനെയാകും ഇത് പ്രകടമാകുക. അടുത്തിടെ വരെ യാതൊരു പ്രശ്നവുമില്ലാതിരുന്ന കൗമാരക്കാരിൽ പെട്ടെന്ന് ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ അത് വിഷാദരോഗമാണോ എന്നു പരിശോധനയിലൂടെ ഉറപ്പുവരുത്തണം.

പരിഹാര മാർഗങ്ങൾ

മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ കുട്ടിക്ക് രോഗമുണ്ടോ എന്ന് കണ്ടെത്തുന്നതാണ് പ്രധാനഘട്ടം. ആറു മാസമെങ്കിലും  തുടർച്ചയായി വീട്ടിലും സ്കൂളിലും  ലക്ഷണങ്ങൾ പ്രകടമായാലേ എഡിഎച്ച്ഡി സ്ഥിരീകരിക്കാൻ പറ്റൂ.   

∙ എഡിഎച്ച്ഡിയുടെ തീവ്രത അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. തീവ്രമായ അവസ്ഥയ്ക്ക് മരുന്നുകൾ തന്നെ വേണം. കുട്ടികൾക്ക് കൊടുക്കാവുന്ന തരം സുരക്ഷിതമായ മരുന്നുകൾ ഇന്നുണ്ട്. 18 മാസമാണ് ചികിത്സയുടെ സാധാരണ കാലയളവ്.  ഈ കാലം കൊണ്ട് 80 ശതമാനം പേർക്കും പൂർണമായി പ്രശ്നം മാറി മരുന്നുകൾ നിർത്താം. എന്നാൽ ബാക്കി 20 ശതമാനത്തിന് തുടർചികിത്സ വേണ്ടിവന്നേക്കും.

∙ ശ്രദ്ധയും ഓർമയും ഏകാഗ്രതയും കൂട്ടാൻ ഉപയോഗിക്കുന്ന മനഃശാസ്ത്ര പരിശീലനങ്ങളാണ് ഇനി വേണ്ടത്. രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് അടുത്ത ഭാഗം. രോഗമുള്ള കുട്ടികളെ എങ്ങനെ സമീപിക്കണമെന്ന് മാതാപിതാക്കൾക്കുള്ള പരിശീലനവും  ഇതിൽ ഉൾപ്പെടും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

∙ കുട്ടികൾ പഠിക്കുന്ന സമയത്ത് ശ്രദ്ധ മാറാതിരിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. കുട്ടികളുടെ അടുത്തിരുന്ന് സംസാരിക്കുന്നതും ടിവി കാണുന്നതും ഒഴിവാക്കുക.

∙ കുട്ടികളുടെ പുസ്തകവും കളിപ്പാട്ടങ്ങളുമെല്ലാം കൃത്യമായി അടുക്കിവയ്ക്കാൻ പഠിപ്പിക്കണം. അടുക്കും ചിട്ടയുമുണ്ടാക്കുന്നതിന്റെ ആദ്യപടി ഇതാണ്. ദിനചര്യകൾക്ക് ടൈംടേബിള്‍ ഉണ്ടാക്കണം. കളികളും  ഹോംവർക്കും ടിവി കാണലുമെല്ലാം  ഇതിൽ ഉൾപ്പെടണം. കാര്യങ്ങൾ ചിട്ടയായി ചെയ്യാൻ ഇ തിലൂടെ കുട്ടി പഠിക്കും.

∙ പാരമ്പര്യമായോ ഗർഭകാലത്ത് അമ്മയ്ക്കുണ്ടായ മാനസ്സിക സമ്മർദം കൊണ്ടോ മരുന്നുകളുടെയോ ലഹരിയുടെയോ ഉപയോഗം കൊണ്ടോ ഒക്കെ കുട്ടിക്ക് എഡിഎച്ച്ഡി വരാം. അതിനാൽ കുട്ടിയുടെ മാത്രം കുറ്റമായി കണ്ട് കുറ്റപ്പെടുത്തുന്നതു ശരിയല്ല.

∙ കുട്ടികളുടെ മുന്നിൽവച്ച് വഴക്കിടുന്നതും മദ്യപിക്കുന്നതും അക്രമസ്വഭാവം കാട്ടുന്നതും  കര്‍ശനമായി ഒഴിവാക്കണം.

∙ പറയുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കുന്ന രീതി നല്ലതല്ല. പകരം അവർ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് അനുമോദവും ചെറിയ സമ്മാനങ്ങളും നൽകുക. ഇത് കുട്ടിയുടെ ആത്മവിശ്വാസം കൂട്ടുമെന്നു മാത്രമല്ല, ആഗ്രഹപൂര്‍ത്തീകരണം മാ റ്റിവയ്ക്കാനുള്ള  ശീലവും വളര്‍ത്തും.

∙നിസ്സാരകാര്യങ്ങള്‍ക്ക്  അടിക്കുന്നതും ശാസിക്കുന്നതും ശ രിയല്ല. ശാസനയുടെ കാരണം കുട്ടിയെ ബോധ്യപ്പെടുത്തണം. ഒരിക്കലും സഹപാഠികളുടെയോ അതിഥികളുടെയോ മുന്നി ൽ വച്ച് കുട്ടിയോട് ഇത്തരത്തിൽ പെരുമാറരുത്.

∙ കുട്ടിക്ക് സമീകൃതഹാരം നൽകാൻ ശ്രദ്ധിക്കണം. മുട്ട, ധാന്യങ്ങൾ, മത്സ്യം, പാൽ, ഇറച്ചി എന്നിവ നൽകാം. എനർജി ഡ്രിങ്കുകളും ജങ്ക് ഫൂഡും ഒഴിവാക്കണം.

∙ സൈക്കിള്‍ ചവിട്ടുക, ഓടിക്കളിക്കുക പോലെയുള്ള ശാരീരിക അധ്വാനമുള്ള കളികളിൽ കുട്ടിയെ പങ്കെടുപ്പിക്കുക. ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നതിനും ഊർജസ്വലരാകുന്നതിനും ഇത് അത്യാവശ്യമാണ്.

∙ ശ്രദ്ധക്കുറവുള്ള കുട്ടിയെ ക്ലാസ്സിൽ മുന്‍നിരയില്‍ ഇരുത്തണമെന്ന് അധ്യാപകനോട് ആവശ്യപ്പെടാം. നോട്സ് എഴുതുമ്പോഴും മറ്റും കുട്ടിയെ ശ്രദ്ധിക്കാനും പ്രോത്സാഹിപ്പിക്കാനും സഹപാഠികളുടെ സഹായവും തേടാം.

രോഗം മൂന്നു തരം

ലക്ഷണങ്ങൾ പ്രകടമാകുന്നതനുസരിച്ച് രോഗത്തെ മൂന്നു തരത്തിൽ വിഭജിക്കാം. ശ്രദ്ധക്കുറവും അമിതവികൃതിയും എടുത്തുചാട്ട സ്വഭാവവും ഒരുപോലെയുള്ള കുട്ടികൾ ഉൾപ്പെടുന്നത് ‘കംബൈൻഡ് എഡിഎച്ച്ഡി’ വിഭാഗത്തിലാണ്. എന്നാൽ എടുത്തുചാട്ടവും അമിതവികൃതിയും ഇല്ലാത്ത കുട്ടികൾക്കും  എഡിഎച്ച്ഡി വരാം. ഇതിനെ ‘ഇൻ അറ്റൻഡീവ് എഡിഎച്ച്ഡി’ എന്നാണ് വിളിക്കുന്നത്. ശ്രദ്ധക്കുറവ് മാത്രമാണ് ലക്ഷണമെന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാതെ ഭാവിയിൽ പഠനവൈകല്യമാണെന്നു തെറ്റിദ്ധരിച്ചേക്കാം.

‘ഹൈപ്പർ ആക്ടീവ്– ഇംപൽസീപ് എഡിഎച്ച്ഡി’ ആണ് മൂന്നാമത്തേത്. ഇതിൽ അമിതവികൃതിയും എടുത്തുചാട്ടവും കൂടുതലായിരിക്കും. ശ്രദ്ധക്കുറവ് ഇല്ലാത്തതിനാൽ തന്നെ പരീക്ഷയ്ക്ക് ഇവർ നല്ല മാർക്ക് വാങ്ങും. പക്ഷേ, സ്വഭാവത്തിലെ പ്രശ്നങ്ങൾ കൊണ്ട് അധ്യാപകർക്ക് ഇവർ തലവേദന ഉണ്ടാക്കിക്കൊണ്ടിരിക്കും.

ടൈംപീസ് ടെക്നിക്

ഏകാഗ്രത വളർത്താൻ ‘ടൈംപീസ് ടെക്നിക്’ പരിശീലിക്കാം. ടൈംപീസിന്റെ സെക്കൻഡ് സൂചിയുടെ ചലനങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ചു മിനിറ്റ് ഇരിക്കുക. ഇത് ഒരാഴ്ച തുടരുക.

അടുത്തയാഴ്ച സെക്കൻഡ് സൂചിയുടെ ചലനത്തിനൊപ്പം 3,6,9,12 എന്നീ അക്കങ്ങളിലേക്ക് കൂടി മാറി മാറി ശ്രദ്ധിക്കുക. മൂന്നാമത്തെ ആഴ്ച വാർത്തയോ ചർച്ചയോ നടക്കുന്ന ടിവിക്ക് മുകളിൽ ടൈംപീസ് വയ്ക്കുക.

ആ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും പൂർണമായി അവഗണിച്ചു കൊണ്ട് സെക്കൻഡ് സൂചിയുടെ ചലനത്തിലേക്കും 3,6,9,12 എന്നീ സംഖ്യകളിലേക്കും മാത്രം ശ്രദ്ധിക്കുക. നാലാമത്തെ ആഴ്ച വാർത്തയ്ക്കു പകരം ചടുലമായ നൃത്തമോ പാട്ടോ വച്ചശേഷം സൂചിയുടെ ചലനത്തിലേക്കും 3,6,9,12 എന്നീ സംഖ്യകളിലേക്കും ശ്രദ്ധിക്കുക.

അഞ്ചാമത്തെ ആഴ്ച നിർണായകമാണ്. ടിവിയിൽ ചടുലമായ നൃത്തമോ പാട്ടോ തന്നെ വയ്ക്കണം. ശ്രദ്ധയുടെ മൂന്നിലൊന്നു ഭാഗം സെക്കൻഡ് സൂചിയുടെ ചലനത്തിലേക്കു നൽകാം.

മൂന്നിലൊന്നു ഭാഗം കൊണ്ട് ടൈംപീസിലെ അക്കങ്ങളെ ശ്രദ്ധിക്കാം. ബാക്കി മൂന്നിലൊന്നു ഭാഗം കൊണ്ട് ഒരു മൂളിപ്പാട്ട് പാടാൻ ശ്രമിക്കാം. ഒരാഴ്ച തുടർച്ചയായി ദിവസവും അഞ്ചു മിനിറ്റ് ഇത് പരിശീലിക്കണം. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.