Friday 12 June 2020 12:33 PM IST : By Shyama

‘എനക്ക് ഒന്നുമേ പുരിയിലയേ , ഉങ്കൾക്കുള്ളേ എന്ന തകരാറ്’ ; 1726 ചിത്രങ്ങൾ കൊണ്ടൊരു സ്‍റ്റോപ്പ്‌ മോഷൻ 'കിലുക്കം' സീൻ

matman-kilikkam

കിലുക്കത്തിലെ ഡയലോഗ് എവിടെ കേട്ടാലും ജോജിയെയും നിശ്ചലിനെയും മലയാളി ഓർക്കും. അങ്ങനെ ഈ ഡയലോഗ് കേട്ട് പോയി നോക്കിയപ്പോഴോ? ദേ നിൽക്കുന്നു ബാറ്റ്മാനും, ക്യാപ്റ്റൻ അമേരിക്കയും ആൻറ്മാനും.... ! സൂപ്പർ ഹീറോസിനെന്താ നമ്മുടെ കിലുക്കത്തിൽ കാര്യം എന്ന്‌ മനസ്സിൽ ചിന്തിച്ചെങ്കിൽ ആ വീഡിയോ ഒന്ന് കണ്ടാൽ മതി... നല്ല ആശ്വാസം കിട്ടും.

1726ചിത്രങ്ങൾ കൊണ്ട് ശ്യാംജിത്ത് വെല്ലോറയും കൂട്ടുകാരും ഒരുക്കിയ സ്റ്റോപ്പ്‌ മോഷൻ വീഡിയോ മലയാളികൾക്ക് നന്നേ ബോധിച്ച മട്ടാണ്. പേജ് ആയ പേജിലൊക്കെ അവരത് ഷെയർ ചെയ്ത് രസിക്കുന്നുണ്ട്.

"ഞങ്ങൾ സിനിമ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. പല നാട്ടുകാരാണെങ്കിലും ലോക്ക്ഡൗൺ പ്രമാണിച്ച് എല്ലാവരും കൊച്ചിയിലുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് മോഷൻ പിക്ചർ എന്നൊരു ഐഡിയ വരുന്നത്" ശ്യാം പറയുന്നു. "ഇതിനു മുൻപും ചിലത് ചെയ്തു പക്ഷേ ഏറ്റവും കൂടുതൽ റീച്ച് കിട്ടിയത് ഇതിനാണ്.സിനിമയിൽ ഡിഒപി ഒക്കെ ചെയ്യുന്ന ജോബി ജെയിംസിന്റെ മകൻ കളിപ്പാട്ടങ്ങൾ ഒക്കെ വെച്ച് കളിക്കുന്നത് കണ്ടപ്പോൾ പുള്ളിക്ക് വന്നൊരു സ്പാർക്കിൽ നിന്നാണ് ഈ വീഡിയോ ഉണ്ടായത്.

ഇതിൽ ഒരു സെക്കൻഡിനു വേണ്ടി ചലനങ്ങളുടെ വേഗവും എക്സ്പ്രെഷനും ഒക്കെ അനുസരിച്ച് 16 ഫ്രെയിം വരെ സെറ്റ് ചെയ്യേണ്ടി വേണ്ടി വന്നിട്ടുണ്ട്. 2000ൽ ഏറെ ഫോട്ടോസ് എടുത്തതിൽ നിന്നാണ് 1726 എണ്ണം ഉപയോഗിച്ചത്. ഷൂട്ട്‌ ചെയ്യുന്നതിനിടയിക്ക് എന്തെങ്കിലും ഒക്കെ തട്ടി ഒരു സാധനം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോലും കണ്ടിന്യൂയിറ്റി കിട്ടാൻ ആദ്യം മുതൽ ഷൂട്ട്‌ ചെയ്യേണ്ടി വരും. 6 ദിവസത്തോളം എടുത്തു ഇത് മുഴുവൻ ഷൂട്ട്‌ ചെയ്ത് എഡിറ്റ് ചെയ്ത് വീഡിയോ ആയിട്ട് ഇറക്കാൻ. ഇതിൽ നാലര ദിവസവും ഷൂട്ട്‌ തന്നെ ആയിരുന്നു. വീട്ടിനുള്ളിൽ വെച്ച് തന്നെയായിരുന്നു ഷൂട്ടും കാര്യങ്ങളും ഒക്കെ. വീഡിയോ കണ്ടിട്ട് കുറച്ചുപേർ ഇതിന്റെ സാധ്യതകളെ പറ്റി അറിയാനും ഉപയോഗിക്കാനും വേണ്ടി ഞങ്ങളെ വിളിച്ചിട്ടുണ്ട്.

ഇന്ത്യൻ രീതിയിലുള്ള പാവകൾ കിട്ടാൻ നല്ല പാടാണ് എന്നുള്ളതാണ് ഒരു വെല്ലുവിളി. ഇനി ഞങ്ങളുടേതായ രീതിയിൽ ചില ക്യാറക്റ്ററുകൾ ഡിസൈൻ ചെയ്ത് ഇറക്കാനുള്ള പദ്ധതിയിലാണ്.

'ടെയിൽസ് ആൻഡ് ടെയ്ക്സ്' എന്നാണ് ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേര്. ഈ വീഡിയോയുടെ കോറിയോഗ്രാഫി, എഡിറ്റ്, സംവിധാനം ഒക്കെ ചെയ്തത് അച്ചു അരുൺ കുമാർ ആണ്. ഞാനാണ് സീനിക് ഡിസൈൻ ചെയ്തത്. ലിങ്കു എബ്രഹാം ആണ് ഡിസൈനിൽ. രാജേഷ് കെ. രമണന്റെ സൗണ്ട് ഡിസൈൻ, പ്രകാശ് അലക്സിന്റെ സംഗീതം, മിക്സിങ് ചെയ്തത് കിഷൻ മോഹൻ...മേക്കിങ്ങ് വീഡിയോ എടുത്തത് അഭിഷേക് മാത്യു ജോർജ്. ആ മേക്കിങ്ങ് വീഡിയോ കാണുമ്പോഴാണ് പലർക്കും ഇതിനു പിന്നിലെ അധ്വാനം മനസിലായത്...

Tags:
  • Spotlight