Tuesday 31 March 2020 05:49 PM IST

എന്നും കിട്ടില്ല കറിവേപ്പിലയും മല്ലിയിലയും പച്ചമുളകുമൊക്കെ; ദീർഘനാളത്തേക്ക് കേടാകാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ!

Tency Jacob

Sub Editor

greengvtd-5-swq

എന്നും കടയിലേക്കു പോയി സാധനങ്ങൾ വാങ്ങാൻ പറ്റാത്ത ഈ സമയത്ത് അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളായ കറിവേപ്പില, മല്ലിയില, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ ദീർഘനാളത്തേക്ക് സൂക്ഷിച്ചു വയ്ക്കാനുള്ള പലതരം പൊടിക്കൈകൾ.

1. കറിവേപ്പില കറിവേപ്പില കഴുകി വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ് അടർത്തി സിപ്പ് ലോക്ക് കവറിലിട്ട് ഫ്രീസറിൽ വച്ചാൽ ഒരു വർഷത്തോളം ഉപയോഗിക്കാം. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ രണ്ടു കിച്ചൻ ടിഷ്യൂ വിരിച്ച ശേഷം കഴുകി വെള്ളം കളഞ്ഞ കറിവേപ്പിലയിട്ടു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു മാസത്തോളം കേടുകൂടാതെയിരിക്കും. പ്ലാസ്റ്റിക് കവറിലും സൂക്ഷിക്കാം. ജലാംശം ഉണ്ടെങ്കിൽ ഇവ പെട്ടെന്നു കേടാകും എന്നതുകൊണ്ട് ഒരു പ്ലാസ്റ്റിക് ഡബ്ബയിൽ ടിഷ്യൂ വിരിച്ച് അതിനു മുകളിൽ കറിവേപ്പില കഴുകാതെയും അടർത്താതെയും നിരത്തി ഫ്രിഡ്ജിൽ സൂക്ഷിക്കാം. കറിവേപ്പില ചെറിയ കമ്പോടെയാണ് കിട്ടുന്നതെങ്കിൽ വെള്ളമൊഴിച്ച ഒരു കുപ്പിയിൽ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനു മുൻപ് കഴുകാൻ മറക്കരുത്.

2. മല്ലിയില , പുതിനയില മല്ലിയിലയും പുതിനയിലയും കട ഭാഗം മുറിച്ചു കളയുക.ഒരു പ്ലാസ്റ്റിക് ഡബ്ബയിൽ ടിഷ്യൂ പേപ്പർ കട്ടിയിൽ വിരിച്ച് അതിനു മുകളിൽ നിരത്തുക .മുകളിൽ വീണ്ടും ടിഷ്യൂ പേപ്പർ നിരത്തുക. ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ കഴുകി അരിഞ്ഞ് പേപ്പറിൽ നിരത്തി വെള്ളം കളഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇലകൾ തമ്മിൽ ഒട്ടിപിടിക്കാതിരിക്കാൻ കഴുകി വെള്ളം കളഞ്ഞതിനു ശേഷം ഒരു ട്രേയിൽ ഇലകൾ നിരത്തി കുറച്ചു സമയം ഫ്രീസറിൽ വെക്കുക. പുറത്തേക്കെടുക്കുമ്പോൾ ഓരോ ഇലകളും ഒട്ടിപ്പിടിക്കാതെ കിട്ടും. ഇനി സിപ്പ് ലോക്ക് ബാഗിലാക്കി ഫ്രീസറിലാക്കാം.

3. പച്ചമുളക് ഞെട്ടു കളഞ്ഞു കഴുകി വെള്ളം കളയുക. ടിഷ്യൂ പേപ്പ റോ തുണിയോ ഉപയോഗിച്ച് തുടയ്ക്കാം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ നിരത്തി അതിനു മുകളിൽ മുളകിട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാം. പഴുത്തു വരുന്നതുണ്ടെങ്കിൽ അത് ആദ്യം ഉപയോഗിക്കുക. കാന്താരി മുളക് കൂടുതൽ കിട്ടുന്ന സമയത്ത് ഉണക്കി സൂക്ഷിക്കാം. അതുപോലെ വിനാഗിരിയിൽ ഇട്ടു വച്ചാലും നല്ലതാണ്.

4.ഇഞ്ചി അടുക്കളത്തൊടിയിലെവിടെയെങ്കിലും കുഴി കുത്തി മണ്ണിൽ കഴിച്ചിടാം. ചെടിച്ചട്ടിയിൽ മണ്ണു നിറച്ച് അതിൽ കുഴിച്ചിടാം. ഇതിനൊന്നും സൗകര്യമില്ലെങ്കിൽ ഇഞ്ചിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണു കളയാതെയും കഴുകാതെയും ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ടു സൂക്ഷിക്കാം. തൊലി കളഞ്ഞാൽ ഒരാഴ്ചയിൽ കൂടുതലിരിക്കില്ല. ഇഞ്ചി ചെറിയ കഷണങ്ങളാക്കി ഒടിച്ച് കഴുകുക. ഒരു വാ വട്ടമുള്ള കുപ്പിയിൽ വെള്ളം നിറച്ച് അതിലിട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കുക. നാളുകളോളം കേടുകൂടാതെയിരിക്കും.

5. തേങ്ങ തേങ്ങ ചിരവി ചെറിയ ഡബ്ബകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. തലേന്ന് ഫ്രിഡ്ജിലേക്കെടുത്തു വെക്കുകയാണെങ്കിൽ ഡീഫ്രോസ്റ്റ് ചെയ്തു കിട്ടും. പാൽ പിഴിയാനാണെങ്കിൽ അല്പം ചൂടുവെള്ളം ചേർത്ത് മിക്സിയിലടിച്ചെടുത്താൽ മതി. ചുരണ്ടിയ തേങ്ങ ഒറ്റ പാത്രത്തിൽ സൂക്ഷിച്ച് ഡീഫ്രോസ്റ്റ് ചെയ്ത് ആവശ്യമുള്ളതെടുത്ത് വീണ്ടും ഫ്രീസറിൽ വെക്കുന്നത് ശരിയായ രീതിയല്ല. പെട്ടെന്ന് ഡീഫ്രോസ്റ്റ് ചെയ്തു കിട്ടാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് തേങ്ങയടങ്ങിയ പാത്രം അതിലിറക്കി വച്ചാൽ മതി. തേങ്ങ ചിരവാതെ കഷണങ്ങളാക്കിയും ഫ്രീസറിൽ സൂക്ഷിക്കാം. തേങ്ങാമുറികൾ ഒരു കൊടി ലു കൊണ്ടു പിടിച്ച് തീയിൽ അഞ്ചു മിനിറ്റോളം കാണിക്കുക. പിന്നീട് എളുപ്പത്തിൽ കത്തി കൊണ്ട് അടർത്തിയെടുക്കാൻ പറ്റും.