Tuesday 04 December 2018 04:59 PM IST : By സ്വന്തം ലേഖകൻ

ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്

kizhakkambalam

ലക്ഷംവീട്ടിലെ ഓലപ്പുരയിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരിവെട്ടം ഇനിയില്ല. നല്ല നാളെയുടെ പൊൻപ്രഭയുടെ തിളക്കം മനസിലും ജീവിതത്തിലും തെളിയിക്കുകയാണ് കിഴക്കമ്പലത്തുകാർ. കുടുസുമുറിയിൽ ജീവിതം തള്ളിനീക്കി, ജീവിതത്തിന്റെ ബാലൻഷീറ്റിൽ പരാധീനതകൾ മാത്രം ബാക്കിയാക്കിയിരുന്നു ഇവിടുത്തുകാർ പുതിയ പുലരിയെ സ്വാഗതം ചെയ്യുകയാണ്. കിഴക്കമ്പലം ഞാറല്ലൂര്‌‍ കോളനിയിൽ പൊളിഞ്ഞുവീഴാറായ കൂരയ്ക്കു കീഴെ ജീവിതം തള്ളിനീക്കിയിരുന്ന 37 കുടുംബങ്ങൾ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വത്തിലേക്ക്.

ലോകം അസൂയയോടെ നോക്കിക്കണ്ട കിഴക്കമ്പലം എന്ന നാടിന്റെ ഒത്തൊരുമയുടെ അമരക്കാരൻ കിഴക്കമ്പലം ട്വന്റി 20 യുടെ നായകന്‍ സാബു എം ജേക്കബ് തന്നെയായിരുന്നു ഈ മാതൃക ഉദ്യമത്തിന്റെ അമരക്കാരൻ. കോളനിയില്‍ നിന്നും 37 കുടുംബങ്ങളെയാണ് സാബു ഗോഡ്‌സ് വില്ലയിലെ കെട്ടുറപ്പുള്ള വീട്ടിലേക്ക് കൈപിടിച്ചു കയറ്റിയത്.

ഉലകനായകൻ കമൽഹാസനുൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ വച്ചായിരുന്നു ഞാറല്ലൂർ കോളനി നിവാസികൾക്കായുള്ള താക്കോൽദാനം. കിറ്റെക്സ് ഗാര്‍മെന്‍റ്സ് എംഡിയും ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടിഞ്ഞാറെക്കുടി രാജി വേലായുധന് ആദ്യ താക്കോല്‍ നൽകി കമൽഹാസന്‍ ഗോഡ്സ് വില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മക്കള്‍ നീതി മയ്യം അംഗങ്ങളായ സി.കെ.കുമാരവേല്‍, പാരാജനാരായണന്‍, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്‍റ് ജിന്‍സി അജി, ഈസ്റ്റേണ്‍ ഗ്രൂപ്പ് എംഡി നവാസ് മീരാന്‍, അര്‍ജുന നാച്യൂറല്‍സ് എക്സ്ട്രാട്സ് ലിമിറ്റഡ് എംഡി പി.ജെ.കുഞ്ഞച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

tb

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും; കല്യാണച്ചെലവിനുള്ള രണ്ട് ലക്ഷം ആശുപത്രിക്ക്; ‘സന്ദേശം’ ഈ വിവാഹം–ചിത്രങ്ങൾ

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)

ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ‌ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ?

20

നന്മയുടെ നേർസാക്ഷ്യമായി മാറിയ ചടങ്ങ് ഒരുപിടി വികാരനിർഭരമായ മുഹൂർത്തങ്ങൾക്കും സാക്ഷിയായി. ‘സാറാണ് ഞങ്ങളെ രക്ഷിച്ചത്. ഈ വീടും ജീവിതവും തന്നത്’ ഗോഡ്സ്‍വില്ലിയിലെ അന്തേവാസികളിലൊരാളായ സുഭദ്ര പറയുമ്പോൾ ആ അമ്മയെ ചേര്‍ത്ത് പിടിച്ച് ചിരിച്ചു കൊണ്ട് സാബു പറഞ്ഞു ‘ഈ സ്നേഹം മതിയെനിക്ക്’. ഇതോടെ സുഭദ്രയുടെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ നിറഞ്ഞൊഴുകി. കിഴക്കമ്പലത്തെ ഞാറള്ളൂരില്‍ വാസയോഗ്യമല്ലാതായ ലക്ഷം വീട് കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം. ഇപ്പോള്‍ അതിനു പകരം വില്ലയാണ് ട്വന്റി 20 നിര്‍മിച്ചു നല്‍കിയത്.

രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്‍. തമിഴ്നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു.

750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തില്‍ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ് ടേബിള്‍, മിക്സര്‍ ഗ്രൈന്റര്‍, ബെഡ്, ടിവി, സോഫ എന്നീ അവശ്യസാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലക്ഷംവീട് കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ആറു കോടി രൂപയാണ് ചിലവായത്. ഇതില്‍ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി’ പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തില്‍ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേര്‍ക്ക് ട്വന്റി 20യുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എണ്ണൂറോളം വീടുകള്‍ പുതുക്കിപ്പണിത് നല്‍കുകയും ചെയ്തു.


റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം