Monday 11 May 2020 12:18 PM IST

എന്നെ അത്ഭുതപ്പെടുത്തിയ സ്ത്രീ അമ്മയുടെ അമ്മ! രാഷ്ട്രീയഗുരുവിനെക്കുറിച്ച് ശൈലജ ടീച്ചര്‍ പറയുന്നു

Sujith P Nair

Sub Editor

shailaja-teacher555678888

തന്റെ രാഷ്ട്രീയ ഗുരു അമ്മയുടെ അമ്മയാണെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മുന്‍പ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'അമ്മയുടെ അമ്മ എം.കെ. കല്യാണിയാണ് ഞാന്‍ കണ്ട ആദ്യത്തെ പൊതുപ്രവര്‍ത്തക.  അമ്മമ്മയുടെ നേതൃഗുണം ഞങ്ങളെ അമ്പരപ്പിച്ചിരുന്നു. അമ്മമ്മയുടെ അച്ഛന്‍ സായിപ്പിന്റെ ഉടമസ്ഥതയില്‍ കര്‍ണാടക അതിര്‍ത്തിയിലുള്ള മാക്കൂട്ടം എസ്‌റ്റേറ്റില്‍ സൂപ്പര്‍വൈസറായിരുന്നു. രാമന്‍ മേസ്തിരി എന്നാണ് അറിയപ്പെട്ടിരുന്നത്. നാട്ടിലെ പ്രമാണി ആയിരുന്നു. കണ്ണൂരിലെ കല്യാശ്ശേരിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോയതാണ്. അക്കാലത്ത് സെറ്റും മുണ്ടുമൊക്കെ ഉടുത്താണ് അമ്മമ്മ നടന്നിരുന്നത്. എന്റെ അമ്മയൊക്കെ പാവാടയും സോക്‌സുമൊക്കെ ധരിച്ചാണ് സ്‌കൂളില്‍ പോയിരുന്നത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എങ്കിലും അമ്മമ്മയുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായിരുന്നു. 

ഈ മാതൃദിനത്തില്‍ സൂപ്പര്‍ അമ്മയ്ക്ക് സൂപ്പര്‍ സമ്മാനം നല്‍കിയാലോ?; അമ്മയ്‌ക്കൊപ്പമുള്ള സുന്ദര ചിത്രത്തിന് നിങ്ങള്‍ക്കുണ്ട് സമ്മാനം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ മുതല്‍ അമ്മാവന്‍മാരൊക്കെ സജീവമായി പ്രവര്‍ത്തനത്തിന് ഇറങ്ങി. അമ്മമ്മയും നാട്ടിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. അങ്ങനെ രാഷ്ട്രീയ കുടുംബമായി ഞങ്ങളുടേത്. നാട്ടുകാരുടെ പരാതികളും തര്‍ക്കങ്ങളും മറ്റും അമ്മമ്മയാണ് പരിഹരിച്ചിരുന്നത്. അന്ന് വിവാഹ നിശ്ചയങ്ങള്‍ക്ക് സ്ത്രീകളെ പുരുഷന്‍മാര്‍ക്കൊപ്പം ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. പക്ഷേ അവിടെയും അമ്മമ്മയ്ക്ക് ഒരു കസേരയുണ്ടാകും. പ്രൗഢയായ ഒരു സ്ത്രീയായിരുന്നു അവര്‍. അവരുടെ രൂപമൊന്നും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ല. അന്നൊക്കെ ആരെങ്കിലും മരിച്ചാല്‍ സമീപത്തു താമസിക്കുന്ന ആരുടെയെങ്കിലും ദേഹത്ത് പ്രേതം കേറുന്ന പതിവുണ്ട്. അത്തരം 'പ്രേതങ്ങളെ' ഒഴിപ്പിക്കാന്‍ അമ്മമ്മയെ വിളിക്കും. ഒഴിപ്പിക്കലിന് അമ്മമ്മയുടേതായ രീതിയുണ്ട്. ആദ്യം ഉപദേശിക്കും. കേട്ടില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ചിലയിടത്ത് വടിയൊക്കെ എടുക്കുന്നതു കണ്ടിട്ടുണ്ട്. 

അന്നൊക്കെ വസൂരി ദൈവകോപമായാണ് കരുതിയിരുന്നത്. കോമരങ്ങളാണ് മഞ്ഞള്‍പ്പൊടിയും മറ്റും പൂശുന്നത്. ദൈവവിശ്വാസി ആയിരുന്നെങ്കിലും വസൂരി രോഗം ആണെന്ന് അമ്മമ്മ തിരിച്ചറിഞ്ഞിരുന്നു. രോഗികളെ സഹായിക്കാന്‍ അമ്മമ്മ ധൈര്യമായി ചെല്ലും. വിഷമം പറയുന്ന ആരെയും സഹായിക്കും. ഇരുപതേക്കറോളം സ്ഥലം ഉണ്ടായിരുന്നത് ഏറെക്കുറേ മുഴുവനായി ദാനം കൊടുത്ത ആളാണ്. അമ്മാവന്‍മാരും വ്യത്യസ്തരായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ കുടുംബം നോക്കാന്‍ ആരും ശ്രദ്ധിച്ചില്ല. ഒരുകാലത്ത് വലിയ പ്രതാപികളായിരുന്നവര്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ടു ദരിദ്രരായി. താമസിക്കുന്ന വീടു വരെ ജപ്തി ചെയ്യുന്ന അവസ്ഥയിലെത്തി. പക്ഷേ, അപ്പോള്‍ രക്ഷയ്‌ക്കെത്തിയത് അമ്മമ്മ സഹായിച്ചവരാണ്. പ്രത്യുപകാരം എന്ന നിലയില്‍ അവര്‍ കടം വീട്ടുകയായിരുന്നു. – ടീച്ചര്‍ അഭിമുഖത്തില്‍ പറയുന്നു.