Saturday 21 September 2019 10:43 AM IST

അബ്ബയുടെ ഫൊട്ടോ കണ്ടിട്ടവൾ പറയും, ‘ഉമ്മായെ ഈ ഫോട്ടോ കാണിക്കല്ലേ, ഉമ്മാക്ക് വിഷമാവും’

Tency Jacob

Sub Editor

kmb-new ബഷീറിന്റെ മക്കൾ അസ്മിയും ജന്നയും

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ ആഴവും പരപ്പും അളന്നു കുറിച്ചായിരുന്നില്ല കെഎം ബഷീർ ഏവരോടും അടുത്ത് ഇടപഴകിയിരുന്നത്. ആദ്യമായി കാണുന്നവരെപ്പോലും തന്റെ സൗഹൃദച്ചെപ്പിലേക്ക് ചേർത്തു നിർത്താനുള്ള എന്തോ ഒരു മാജിക്ക് അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ബഷീറിന്റെ വിയോഗം സമ്മാനിച്ച വേദന കനലായെരിയുന്ന നിമിഷത്തിൽ ‘വനിത’ അദ്ദേഹത്തിന്റെ കുടുംബത്തിനരികിലേക്ക് എത്തി. വനിത ഓണ പതിപ്പിലായിരുന്നു ബഷീറിന്റെ കുടുംബാംഗങ്ങളുമായുള്വ ഹൃദയം നുറുക്കുന്ന സമാഗമം...ടെൻസി ജെയ്ക്കബ് തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...

*************

ഒരു മരണം നടന്ന വീടാണതെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. ഉണ്ണിവിരലുണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒൻപതു മാസക്കാരിക്ക് മരണമുണ്ടാക്കുന്ന നിശ്ശബ്ദത എവിടെ മനസ്സിലാകാൻ! ഉമ്മയുടെ മുറിയിൽ നിന്നു കുതറിച്ചാടി പുറത്തിറങ്ങിയതാണ് അവൾ. ബഷീറിന്റെ ഇളയ മകൾ, അസ്മി. അനിയത്തിയുടെ പിന്നാലെതന്നെയുണ്ട് ഇത്താത്ത ജന്ന. സങ്കടകടൽ താണ്ടുന്ന ഉമ്മയെയും കുഞ്ഞനിയത്തിയെയും ഇനി കരുതേണ്ടത് താനാണെന്നൊരു തോന്നലുണ്ട് ഈ രണ്ടാം ക്ലാസുകാരിയിൽ.

അബ്ബ ഇനി വരില്ലെന്ന് ജന്നയ്ക്കറിയാം. മരിക്കുന്നതിന് ഒരു ദിനം മുൻപാണ് ബഷീർ അവസാനമായി ഈ വീട്ടിലേക്കു വിളിച്ചത്. ആ സമയത്ത് ജന്ന ഭക്ഷണം കഴിക്കുകയായിരുന്നു. മോളുമായി സംസാരിക്കണമെന്നു പറഞ്ഞതു െകാണ്ട് അല്‍പസമയം കഴിഞ്ഞ് ബഷീറിന്റെ ഭാര്യ ജസീല തിരിച്ചു വിളിച്ചു. അന്ന് ജന്നയും അബ്ബയും കൂടി കുറെനേരം കൊഞ്ചിപ്പറഞ്ഞതാണ്.

പിന്നെ അവളുടെ അബ്ബ വന്നത് ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ്. പുറത്ത് ഒരുപാട് ആളുകൾ കാത്തു നിൽക്കുന്നതു കൊണ്ട് വീടിനുള്ളിൽ അഞ്ചു മിനിറ്റാണ് ഉപ്പയെ അവൾക്ക് കിട്ടിയത്. ഒന്നുമ്മ വച്ചു തീരുമ്പോഴേക്കും ഉപ്പയെ ഖബറടക്കാൻ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.

ഉമ്മയെ വിഷമിപ്പിക്കരുത് എന്ന നിർബന്ധമുണ്ട് ജന്നയ്ക്ക്. വീട്ടിലുള്ള ബന്ധുക്കളോടെല്ലാം ഇടയ്ക്ക് ചോദിക്കും. ‘വാട്സാപ്പി ൽ അബ്ബയുടെ ഫോട്ടോ വന്നിട്ടുണ്ടേൽ കാണിക്കോ?’ എന്ന്. കണ്ടു കഴിയുമ്പോൾ പറയും, ‘ഉമ്മായെ ഈ ഫോട്ടോയും വീഡിയോയുമൊന്നും കാണിക്കല്ലേ, ഉമ്മാക്ക് വിഷമാവും.’

kmb-1 ബഷീർ സഹോദരൻമാരായ ഉമ്മർ, അബ്ദുൽ ഖാദർ, അബ്ദു റഹിമാൻ എന്നിവരോടൊത്ത്

നിസ്കാരപ്പായയിലിരുന്ന് ബഷീറിന്റെ ഉമ്മ തസ്ബീഹ് ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെ പടച്ചോനോെടന്ന പോെല പറഞ്ഞു, ‘‘എന്റെ അള്ളാ, എനിക്കിതിനല്ലാതെ എന്തിനാവും. മരിച്ചേന്റെ കുറച്ചു മണിക്കൂറുകൾക്കു മുൻപ് എന്നെ ഫോണിൽ വിളിച്ച് ഉമ്മൂമ്മാന്റെ അസുഖത്തെക്കുറിച്ച് തിരക്കിയ മോനാണ്. പിന്നെ കേട്ടത്...’’

കണ്ടു കൊതിതീർന്നിരുന്നില്ല

വീണ്ടും കൂടുതൽ നിശ്ശബ്ദമായ ഒരിടത്തേക്കാണ് ചെന്നെത്തുന്നത്. ഉറ്റുനോക്കുന്ന ശൂന്യമായ ഇടങ്ങളിലെല്ലാം കണ്ണിൽ നിറയുന്നത് മറ്റൊരു മുഖമാണെന്ന് ആ മൗനം പറഞ്ഞു. ‘‘ബഷീറിന്റെ വലിയൊരു സ്വപ്നം സ്വന്തമായൊരു വീടായിരുന്നു. അതുകൊണ്ടാണ് ഞാനും മോളും തിരുവനന്തപുരത്തു നിന്നു വാണിയന്നൂർക്ക് പോന്നത്.’’ ജസീല വാക്കുകളിടറി അൽപനേരമിരുന്നു. ‘‘ഞാൻ ബഷീറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരാളായിരുന്നു. എന്തെങ്കിലും സാധനങ്ങൾ മേടിക്കാനുണ്ടെങ്കിൽ പോലും ആഴ്ചയവസാനം വരുന്ന ബഷീറിനെ കാത്തിരിക്കും. ഇടയ്ക്ക് ബഷീർ പറയും. ‘എന്റെ തണലിൽ മാത്രം ജീവിക്കാതെ കാര്യങ്ങൾ ചെയ്തു പഠിക്ക്.’ പക്ഷേ, എനിക്കതായിരുന്നു ഇഷ്ടം.

വീടു വച്ചതിനുശേഷം വീട്ടിൽ നിൽക്കാൻ വല്ലാത്ത പൂതിയായിരുന്നു. കണക്കു കൂട്ടിയാൽ പത്തു ദിവസമേ ഈ വീട്ടിൽ നിന്നിട്ടുണ്ടാവൂ. കോഴിക്കോട്ടേക്ക് മാറ്റം വാങ്ങി വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ വന്നത് എന്റെ ജ്യേഷ്ഠത്തിയുടെ മകന്റെ കല്യാണത്തിനാണ്. ഞായറാഴ്ച തിരിച്ചു പോകുന്നെന്നു പറഞ്ഞതു കൊണ്ട് ഞാനും മക്കളും കല്യാണവീട്ടിൽ കൂടാൻ തീരുമാനിച്ചു. തിരുവനന്തപുരത്തേക്ക് പോ യോന്നറിയാൻ വിളിച്ചപ്പോള്‍ പറയുന്നു, ‘എനിക്ക് പോകാൻ മടിയാവുന്നു. നാളെ കാലത്തു പോകാം’ എന്ന്. അതു കേട്ടതോെട ഞാൻ വേഗം വീട്ടിലേക്കു പോന്നു. പിറ്റേന്ന് കാലത്ത് യാത്ര പറഞ്ഞു പോയി.

ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സ് വ്യത്യാസമുണ്ട്. നിക്കാഹ് കഴിഞ്ഞ സമയത്തേ നിർബന്ധമായി പറഞ്ഞു, ‘ബഷീർ എന്നു വിളിച്ചാൽ മതി. ഇക്കാന്നെല്ലാം വിളിക്കുമ്പോൾ പ്രായം കൂടിയ പോലെ തോന്നും. നമുക്കെപ്പോഴും ഒരേപോലെയിരുന്നാൽ മതി.’

കല്യാണത്തിനു ശേഷമാണ് ഞാൻ ഡിഗ്രിയെടുത്തത്. ബ ഷീറിന് മലയാള സാഹിത്യം പഠിക്കണമെന്നു നല്ല മോഹമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ നിർബന്ധത്താൽ കണക്കായിരുന്നു എടുത്തത്. ഒരു ദിവസം ഞാൻ ചോദിച്ചു, ‘എന്നാൽ നമുക്കൊരുമിച്ചു പഠിച്ചാലോ?.’ അപ്പോ ചിരിച്ചോണ്ടു പറഞ്ഞു, ‘വേണ്ട, നിന്റെ വീട്ടുകാർ കളിയാക്കില്ലേ, പുതിയാപ്ല ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്’.

അഭിമുഖത്തിന്റെ പൂർണരൂപം വനിത സെപ്റ്റംബർ ആദ്യലക്കത്തിൽ വായിക്കാം

ഫോട്ടോ ഇൻസാഫ്

Tags:
  • Relationship