Saturday 07 September 2019 05:24 PM IST : By സ്വന്തം ലേഖകൻ

എബിസി എംപോറിയോക്ക് ഡിസൈൻ ലോകത്തെ പരമോന്നത അംഗീകാരമായ ‘എ ഡിസൈൻ’ അവാർഡ്

award

ഡിസൈൻ രംഗത്തെ ആഗോള അംഗീകാരമായ ഇറ്റലിയിൽ നിന്നുള്ള ഈ വർഷത്തെ ‘എ ഡിസൈൻ’ അവാർഡ് എബിസി എംപോറിയോ കൊച്ചിയുടെ രൂപകൽപനയ്ക്ക് ലഭിച്ചു. ബാംഗ്ലൂർ ആസ്ഥാനമായ അറ്റ്മോഫിലെ ആർക്കിടെക്ടുമാരായ ഫവാസ് മുഹമ്മദും അരുൺ തിലകുമാണ് എബിസി എംപോറിയോയുടെ ഡിസൈനിന് ഈ അംഗീകാരം കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈൻ ആശയങ്ങൾക്കും ഉൽപന്നങ്ങൾക്കും രൂപകൽപനകൾക്കുമാണ് ഇറ്റലിയിൽ നിന്നുള്ള ‘എ ഡിസൈൻ’ അവാർഡ് ലഭിക്കുന്നത്. ഓരോ വർഷവും ഏറ്റവും മികച്ച ഡിസൈനർമാരെയും ആർക്കിടെക്ടുകളെയും ഡിസൈൻ സ്റ്റുഡിയോകളെയും തിരഞ്ഞെടുക്കുന്ന ‘എ ഡിസൈൻ’ അവാർഡ് ഡിസൈൻ രംഗത്തെ പരമോന്നത അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്.

ലോകമെമ്പാടുമുള്ള പതിനായിരത്തിൽപരം എൻട്രികളിൽ നിന്നാണ് ‘എ ഡിസൈൻ’ അവാർഡ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ബിൽഡിങ് മെറ്റീരിയൽ രംഗത്തുള്ള ഒരു ഷോറൂമിന് ആദ്യമായി ലഭിക്കുന്ന അവാർഡാണ് ഇത്. ഈ വർഷം ഇന്ത്യയിൽ നിന്നു നാലു കാറ്റഗറികൾ മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിനകം തന്നെ വിഎംആർഡി ഡിസൈൻ അവാർഡ്, വനിതാവീട് ആർക്കിടെക്ചർ അവാർഡ് 2018, ഫോയ്ഡ് അവാർഡ് തുടങ്ങിയ പ്രശസ്തമായ നിരവധി അംഗീകാരങ്ങളും എബിസി എംപോറിയോ കൊച്ചിയുടെ ഡിസൈൻ ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.

Tags:
  • Architecture