Tuesday 19 June 2018 11:05 AM IST : By സ്വന്തം ലേഖകൻ

ഇന്ന് ഒന്നാം പിറന്നാൾ; കൊച്ചി മാടിവിളിക്കുന്നു, മെട്രോയിൽ സൗജന്യ യാത്ര

kochi-jayasurya.jpg.image.784.410 കൊച്ചി മെട്രോ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മെട്രോ യാത്ര നടത്തിയ നടന്‍ ജയസൂര്യ മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍മാരുമൊത്ത്. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സമീപം....

ഇന്നു കൊച്ചി മെട്രോയിൽ എല്ലാവർക്കും സൗജന്യ യാത്ര. രാവിലെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി 10ന് അവസാനിക്കുന്നതു വരെ ആർക്കും എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാം. ഒരു വർഷം മുൻപ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തിൽ മെട്രോ സർവീസ് ആരംഭിച്ചത്.

യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡിൽ വൃക്ഷത്തൈകൾ നടുന്ന ക്യാംപെയ്ൻ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരിൽ ഓരോ തൈ നടുകയും അതു പരിപാലിക്കുകയും ചെയ്യും.

പിറന്നാൾ ദിനമായ 17നു മെട്രോയിൽ വൻ തിരക്കായിരുന്നു. സാധാരണ ദിവസങ്ങളിൽ 35,000 യാത്രക്കാരാണുള്ളതെങ്കിൽ 17ന് 62000 പേർ യാത്ര ചെയ്തു. 21 ലക്ഷം രൂപയായിരുന്നു ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളിൽ ഇത് 12 മുതൽ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാ‍ർ വരെ മെട്രോയിൽ യാത്ര ചെയ്തിരുന്നു.