Wednesday 29 December 2021 12:46 PM IST : By സ്വന്തം ലേഖകൻ

യുവതികൾക്കിടയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ; കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ! തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയയോ? ദുരൂഹത

paravur-girl-death.jpg.image.845.440

കൊച്ചി പറവൂരിൽ വീടിനു തീപിടിച്ചു സഹോദരിമാരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടുകാരും ഇതു തറപ്പിച്ചു പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിലുണ്ടായിരുന്ന ലോക്കറ്റ് പരിശോധിച്ചാണ് മരിച്ചത് വിസ്മയ ആണെന്നു വീട്ടുകാർ പറയുന്നത്. 

അതേസമയം കാണാതായ സഹോദരിയെ കണ്ടെത്താൻ വൈകുന്ന സാഹചര്യമുണ്ടായാൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി വേണ്ട സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ(22) കൈവശമുണ്ടെന്നു കരുതുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ഇവരെ കണ്ടെത്താനായില്ല. 

യുവതികൾക്കിടയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ വീടിനുള്ളിൽനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടത് കൊലപാതകത്തിലേയ്ക്കു വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ ഇക്കാര്യവും സ്ഥിരീകരിക്കാൻ ജീവിച്ചിരിക്കുന്നയാളുടെ മൊഴി വേണ്ടി വരും. 

തീപിടിത്തം നടന്ന വീടിന്റെ ചുറ്റിലുമായി ആറ് സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും യുവതി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളില്ല. പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് പെൺകുട്ടി പുറത്തു പോയതെന്നു കരുതുന്നു. വഴിയരികിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതി നടന്നു പോകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആരാണ് എന്നു വ്യക്തതയുള്ളതല്ല ദൃശ്യമെന്നു പൊലീസ് പറയുന്നു. എത്രയും പെട്ടെന്നു യുവതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ഇന്നലെ വൈകിട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കി 2 മണിക്കു വീണ്ടും വിളിച്ച് എന്തോ പ്രശ്നങ്ങളുണ്ടെന്ന മട്ടിൽ സംസാരിച്ചിരുന്നു. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്. 

പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുൻവശത്തെ വാതിൽ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി നശിച്ചു. അതിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

ശിവാനന്ദന്‍, ഭാര്യ ജിജി, മക്കളായ വിസ്മയ, ജിത്തു എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. ഇളയ മകള്‍ ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്റെ കാണാന്‍ രാവിലെ പതിനൊന്ന് മണിയോടൊണ് ശിവാനന്ദന്‍ ഭാര്യയുമൊത്ത് പോയത്. രണ്ട് മണിയോടെ വീട്ടിലുള്ള മൂത്ത മകള്‍ വിസ്മയയെ ഫോണില്‍ വിളിച്ചിരുന്നു. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ട് മാനസികാസ്വാസ്ഥ്യമുള്ള ഇളയ മകള്‍ ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. 

Tags:
  • Spotlight