Monday 24 February 2020 12:30 PM IST : By സ്വന്തം ലേഖകൻ

പത്താംക്ലാസ് പരീക്ഷ എഴുതാനാകാതെ 29 വിദ്യാര്‍ഥികള്‍; നെഞ്ചുപൊട്ടി കരഞ്ഞ് രക്ഷിതാക്കള്‍, തെറ്റ് സമ്മതിച്ച് സ്‌കൂൾ!

arooja-sch

കൊച്ചി തോപ്പുംപടിയില്‍ സ്വകാര്യ സ്കൂളിന്റെ വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാനാകാതെ 29 വിദ്യാര്‍ഥികള്‍. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്കൂള്‍ ‍അക്കാര്യം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അറിയിച്ചിരുന്നില്ല. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളുടെ പേര് സിബിഎസ്ഇയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് അരൂജ സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ അറിയിച്ചത്. 

പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ചു. അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍ രംഗത്തുവന്നു. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തുമായിരുന്നു. സ്‌കൂൾ അധികൃതരിൽ നിന്ന് ഇത്തരത്തിൽ നിരവധി തവണ മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.

29 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. സിബിഎസ്ഇ അഫിലിയേഷന്‍ ലഭിച്ചിട്ടില്ലെന്ന് ലഭിച്ചിട്ടില്ലെന്ന് അരൂജ സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി. അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാനേജ്മെന്റ് പറയുന്നു. സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച സ്കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുക്കും.

Tags:
  • Spotlight