Friday 16 August 2024 03:03 PM IST : By സ്വന്തം ലേഖകൻ

‘ഇവരെന്നെ ചതിക്കുകയായിരുന്നു’: കൂട്ടുപ്രതികളോട് പൊട്ടിത്തെറിച്ചു, വിതുമ്പി മാഹീൻ: പാപ്പച്ചൻ വധക്കേസ്

pappachan-

ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്തിയ സ്ഥലത്ത്  പ്രതികളുമായെത്തി അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാപ്പച്ചനെ ഇടിച്ച കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ, നാലാം പ്രതി അനൂപ് എന്നിവരെയാണ് അപകടം നടന്ന സ്ഥലത്തെ തെളിവെടുപ്പിന് എത്തിച്ചത്. 

കുറ്റകൃത്യത്തിന്റെ പുനരാവിഷ്കാരം പൂർണമായും നടന്നില്ലെങ്കിലും പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്ന വഴികളിലൂടെ അവരെ നടത്തിച്ചു. ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് അടുത്തുള്ള വിജനമായ റോഡിൽ വൈകിട്ട് നാലോടെ ആരംഭിച്ച തെളിവെടുപ്പ് ഒരു മണിക്കൂർ തുടർന്നു. മേയ് 23ന് ഉച്ചയ്ക്ക് 12.30ന് ആണ് അനിമോൻ ഓടിച്ചിരുന്ന കാറിടിച്ചു പാപ്പച്ചനു ഗുരുതരമായി പരുക്കേൽക്കുന്നതും പിന്നീട് മരിക്കുന്നതും.

രണ്ടു ജീപ്പുകളിൽ പ്രതികളുമായെത്തിയ പൊലീസ് സംഭവ സ്ഥലത്ത് ആദ്യം അനൂപിനെയാണ് ഇറക്കിയത്. കുറ്റകൃത്യ സ്ഥലത്തെ തന്റെ പങ്ക് അനൂപ് വെളിപ്പെടുത്തി. പാപ്പച്ചനുമായി താൻ എത്തുന്നതും അനിമോന് സന്ദേശം നൽകിയതും പിന്നീട് ഓടിച്ചുപോകുന്നതുമെല്ലാം അനൂപ് വിവരിച്ചു. മറ്റൊരു ജീപ്പിലായിരുന്ന അനിമോൻ, മാഹിൻ എന്നിവരെയാണ് പിന്നീടു പുറത്തിറക്കിയത്. സാംസ്കാരിക സമുച്ചയത്തിനു മുന്നിലൂടെ ഒരു റൗണ്ട് ഓടിച്ചിരുന്നു. തുടർന്ന് സൗകര്യമായ ഒരു സ്ഥലം കണ്ടെത്തി. സാംസ്കാരിക സമുച്ചയത്തിനു പിന്നിലുള്ള ഗ്രൗണ്ടിലാണ് കാർ നിർത്തിയത്.

അപ്പോഴാണ് ബൈക്കിൽ അനൂപും സൈക്കിളിൽ പാപ്പച്ചനും കടന്നു വരുന്നത്. അനിമോന്റെ കാർ കണ്ടപ്പോൾ പാപ്പച്ചനെ തനിച്ചാക്കി അനൂപ് ബൈക്ക് ഓടിച്ചു പോയി. പിന്നാലെ കാറുമായെത്തിയ അനിമോൻ പാപ്പച്ചന്റെ സൈക്കിളിൽ കാറിടിപ്പിച്ചു. ആദ്യം ബോണറ്റിലേക്കും അടുത്ത നിമിഷം നിലത്തേക്കും വീണ പാപ്പച്ചന്റെ മുകളിലൂടെ കാർ കയറ്റിയിറക്കി നിർത്താതെ പോയെന്നും അനിമോൻ പൊലീസിനോടു പറഞ്ഞു. കൊടുംക്രൂരകൃത്യമാണ് ചെയ്തതെങ്കിലും തെല്ലും കൂസലില്ലാതെയാണ് അനിമോൻ തെളിവെടുപ്പിന് പൊലീസിനു മുൻപിൽ നിലയുറപ്പിച്ചത്.

വിതുമ്പി മാഹിൻ

അനിമോന്റെ മൊഴിക്കു ശേഷമാണ് മാഹിന്റെ മൊഴിയെടുത്തത്. കൂട്ടുപ്രതികളായ അനിമോനോടും അനൂപിനോടും മാഹിൻ പൊട്ടിത്തെറിച്ചു, പിന്നീടു വിതുമ്പി. ഇവരെന്നെ ചതിക്കുകയായിരുന്നെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും മാഹിൻ പറഞ്ഞു. സാംസ്കാരിക സമുച്ചയത്തിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ച് വഴിപോക്കരാണ് അവിടെ അപകടം നടന്നെന്നു പറയുന്നത്. അവിടെയെത്തുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന പാപ്പച്ചൻ ശ്വാസമെടുക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷയിൽ കയറ്റാമെന്നു പറഞ്ഞപ്പോൾ ആംബുലൻസ് വരട്ടെ എന്നു പറഞ്ഞത് നാട്ടുകാരാണെന്നും പാപ്പച്ചനെ ആംബുലൻസിൽ കയറ്റാൻ സഹായിച്ചെന്നും മാഹിൻ വിവരിച്ചു. എന്നാൽ, മാഹിന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അപകടം നടക്കുന്ന സമയത്തും സ്ഥലത്തും മാഹിന്റെ സാന്നിധ്യമുണ്ടെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

സംസ്കാരച്ചടങ്ങുകളുടെ ദൃശ്യങ്ങൾ പരിശോധിക്കും

പാച്ചച്ചന്റെ സംസ്കാരച്ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങൾ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മേയ് 23ന് അപകടത്തിൽ‍പെട്ട പാപ്പച്ചൻ പിറ്റേന്നാണ് മരിക്കുന്നത്. 27ന് ആയിരുന്നു സംസ്കാരം. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം 27ന് രാവിലെ ശങ്കേഴ്സ് ആശുപത്രിക്കു പിന്നിലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനു ശേഷമാണ് സംസ്കരിച്ചത്. 

പ്രതികളിൽ ആരൊക്കെ അവിടെ എത്തിയിരുന്നുവെന്നും അവർ പരസ്പരം സംസാരിച്ചിരുന്നുവോയെന്നും പരിശോധിക്കും. പ്രതി മാഹിൻ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. പൂക്കൾ വാങ്ങാനും സഹായത്തിനുമെല്ലാം അയാൾ മുന്നിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർ ആരെല്ലാമെന്നും പൊലീസ് പരിശോധിക്കുന്നു. അനിമോൻ, മാഹിൻ എന്നിവരുമായി ബന്ധമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്.

സ്ഥലം പരിശോധിച്ച് എംവിഡി ഉദ്യോഗസ്ഥരും

ഇടിയുടെ ആഘാതം മോട്ടർ വാഹന വകുപ്പിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ പി.ജി. ദിനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. 50 മീറ്റർ അകലത്തിലാണ് അനിമോൻ പാപ്പച്ചനെ പിന്തുടർന്നത്. 40 – 50 കിലോമീറ്റർ വേഗത്തിലെത്തുന്ന കാറിൽ നിന്നുണ്ടാകുന്ന തരത്തിലുള്ള ആഘാതമാണ് അപകടത്തിലൂടെ ഉണ്ടായതെന്നാണ് സംഘം വിലയിരുത്തുന്നത്. വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ, ഫൊറൻസിക് വിദഗ്ധരും റവന്യു ഉദ്യോഗസ്ഥരും തെളിവെടുപ്പിൽ പങ്കെടുത്തു.

നാളെ കോടതിയിൽ ഹാജരാക്കും

തെളിവെടുപ്പു പൂർത്തിയാക്കി നാളെ വൈകുന്നേരത്തോടെ ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ, മൂന്നാം പ്രതി സരിത, നാലാം പ്രതി അനൂപ് എന്നിവരെ കോടതിയിൽ ഹാജരാക്കും. നാലു പേരുടെയും പൊലീസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൂടുതൽ കസ്റ്റഡിക്കായി അപേക്ഷ നൽകുമോയെന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് അന്വേഷണം സംഘ തലവൻ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ പറഞ്ഞു. നാളെ കേസുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കും. 5 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന അഞ്ചാം പ്രതി ഹാഷിഫിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 

ഒപ്പ്, കയ്യെഴുത്ത് പരിശോധന

സരിത, അനൂപ് എന്നിവരുടെ ഒപ്പ്, കയ്യെഴുത്ത് ഉൾപ്പെടെയുള്ള പരിശോധന ഇന്നലെ തുടങ്ങി. ഇവരുടെ കൈപ്പടയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു നിന്നു നൽകിയ പേ സ്ലിപ്പുകളിലെ അക്ഷരങ്ങളും ഒപ്പുകളും ഒന്നിലധികം തവണ ഇരുവരെയും കൊണ്ട് എഴുതിച്ചാണ് കയ്യെഴുത്തും ഒപ്പും സ്ഥിരീകരിക്കുന്നത്. ബാങ്കിലെ വിവിധ രേഖകളിലെ ഇവരുടെ കയ്യെഴുത്തുമായി അവ ഒത്തു നോക്കും.

സഹകരിക്കാതെ, കൂസാതെ സരിത

തെളിവെടുപ്പു പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സരിതയെയും അനൂപിനെയും നാളെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെയാണ് അന്തിമ തെളിവെടുപ്പ്. ബാങ്കിലെ രേഖകൾ, അവിടെ മാനേജരായിരുന്നപ്പോൾ നടത്തിയ ഇടപാടുകളിലെ രേഖകൾ തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കും. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രക സരിതയെങ്കിലും ചോദ്യം ചെയ്യലിൽ ഒട്ടും കൂസാതെയാണ് അവർ നിന്നതെന്ന് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കേസ് ആസൂത്രണം ചെയ്തത് അവരാണ്. എന്നാൽ, പുറത്തേക്ക് അവർ ഇറങ്ങിയിട്ടില്ല. പ്രതികളുടെ മൊഴികളിൽ ചിലയിടത്ത് വൈരുധ്യമുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സരിതയുടെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക തിരിമറിയുടെ വ്യാപ്തി, തിരിമറിയിലൂടെ ലഭിച്ച തുകയുടെ പങ്കുപറ്റിയത് ആരെല്ലാം, നേടിയ തുക എന്തിനായി ചെലവിട്ടു തുടങ്ങിയ കാര്യങ്ങളിൽ നാളെയോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.