Monday 13 July 2020 10:37 AM IST : By സ്വന്തം ലേഖകൻ

ഇതാണോ അധികൃതരേ, ജാഗ്രത..? കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയുടെ അനുഭവം ഇങ്ങനെ!

Virus Outbreak India Representative Image

ഒപ്പം ജോലിചെയ്യുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ അനുഭവം ഇങ്ങനെ;

"രാവിലെ 9 നാണ് പരിശോധനയ്ക്കായി എത്തുന്നത്. വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോം വാങ്ങാനുള്ള നിരയിൽ ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ആളുകൾ നിൽക്കുന്നത്. പനിയും ചുമയും ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. പരിശോധനയ്ക്ക് ഊഴമെത്തും വരെ മുറ്റത്തെ പന്തലിൽ ഇരിക്കണം.

ഒരു മീറ്റർ അകലത്തിൽ കസേര ക്രമീകരിച്ചിട്ടുണ്ടെങ്കിലും രാവിലെ 50 ൽ അധികം ആളുകൾ അവിടെയുണ്ട്. ക്വാറന്റീനിൽ കഴിയുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരുമായി ആംബുലൻസിൽ പരിശോധനയ്ക്ക് എത്തിക്കുന്നവരെയെല്ലാം കൊണ്ടുവന്നിരുത്തുന്നത് ഇതേ പന്തലിൽ. 3 മണിക്കൂറോളം ഇവിടെ ഇരിക്കേണ്ടി വന്നു. ആ സമയം കൊണ്ടു രോഗം പകർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ."

ഇതാണോ അധികൃതരേ, ജാഗ്രത... 

കോവിഡ് പരിശോധനയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തുന്നവർക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ആരോപണം. സമൂഹവ്യാപനം ഭയക്കുമ്പോഴും ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരെപ്പോലും ഇരുത്തുന്നത് ഒരേ സ്ഥലത്ത്. തിരക്ക് ഒഴിവാക്കാനുള്ള ഒരു ശ്രമങ്ങളും സ്വീകരിക്കുന്നില്ലെന്നാണ് ആശുപത്രിയിൽ എത്തുന്നവരുടെ പരാതി.

പരിശോധനയ്ക്ക് എത്തുന്നവർ ആൾക്കൂട്ടത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതാണു പരിഭാന്ത്രിക്ക് കാരണം. ഉച്ചയോടെ തിരക്ക് കൂടുകയും ചെയ്യും. പരിശോധനയ്ക്ക് എത്തുന്നവർക്ക് മുൻകൂറായി സമയം അനുവദിക്കണമെന്നും ആംബുലൻസിൽ എത്തിക്കുന്നവരെ ഉൾപ്പെടെ പരിശോധനയ്ക്ക് മുൻപു പുറത്തിറക്കാതിരിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നുമാണ് ആവശ്യം. വിദേശ രാജ്യങ്ങളിലേക്കു തിരികെ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തുന്നവർ ഉൾപ്പെടെയാണു രോഗികൾക്കൊപ്പം കാത്തിരിക്കേണ്ടി വരുന്നത്.

Tags:
  • Spotlight