Saturday 15 January 2022 11:07 AM IST : By സ്വന്തം ലേഖകൻ

ചിതലെടുത്ത് ദ്രവിച്ച പലകകൾ, കാറ്റ് അടിച്ചാൽ നിലംപൊത്തുന്ന അവസ്ഥയിൽ ഒറ്റമുറി വീട്; കായലോരത്ത് അമ്മയുടെയും മകളുടെയും ദുരിതജീവിതം

kollam-girija.jpg.image.845.440

ദ്രവിച്ചു വീഴുന്ന പലകയുടെ ചുവരുള്ള ഒറ്റമുറി വീട്ടിൽ അമ്മയ്ക്കും മകൾക്കും ദുരിതജീവിതം. കൊല്ലം മങ്ങാട് മാധവപ്പള്ളി കായൽവാരം ആതിര ഭവനിൽ ഗിരിജയും 21 വയസ്സുള്ള, വിദ്യാർഥിയായ മകളുമാണ് ഒട്ടും സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയുന്നത്. ഒരു വ്യാഴവട്ടം മുൻപ്, പലകത്തുണ്ടുകൾ കൂട്ടിയോജിപ്പിച്ചു ചുവരൊരുക്കി നിർമിച്ച വീട് ജീർണിച്ചു നിൽക്കുകയാണ്. അൽപം പൊക്കത്തിൽ മണ്ണിട്ട് ഉയർത്തിയ ‘അടിസ്ഥാന’ത്തിനു മുകളിലാണ് വീട് പണിഞ്ഞത്. 

അടിസ്ഥാനത്തോടു ചേർന്നു ചിതലെടുത്തും ദ്രവിച്ചും പലക നശിച്ചു പോയി. വാതിൽപലക പോലും ദ്രവിച്ചു. ഇഴജന്തുക്കൾ കയറാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കു കൊണ്ടാണ് വിടവുകൾ അടയ്ക്കുന്നത്. കായൽ തീരത്തുള്ള വീടു ജീർണിച്ചു നിൽക്കുകയാണ്.  മഴക്കാലത്തു വലിയ ഭീതിയിൽ ആയിരുന്നു ഇവർ. കാറ്റ് അടിച്ചാൽ നിലംപൊത്തുന്ന അവസ്ഥയാണ്. യുവതിയായ മകളുമായി, സുരക്ഷിതമല്ലാത്ത വീട്ടിൽ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്. 

പട്ടികജാതി വിഭാഗത്തിൽപെട്ട ഇവർ വർഷങ്ങളായി കോർപറേഷനിൽ വീടിന് അപേക്ഷ നൽകുന്നുണ്ടെങ്കിലും കായലിൽ നിന്നു 100 മീറ്റർ അകലമില്ലെന്നു പറഞ്ഞു പട്ടികയ്ക്കു പുറത്താകുകയാണ്. അഷ്ടമുടിക്കായലിൽ നിന്നു 70 മീറ്റർ അകലത്തിലുള്ള 5 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ഇത്തവണ ലൈഫ് പദ്ധതിയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം വീടു ലഭിക്കുമോ എന്ന് ഉറപ്പില്ല. അടുത്ത കാലവർഷം അതിജീവിക്കാൻ വീടിനും ഉറപ്പില്ല. തൊഴിലുറപ്പു തൊഴിലാളിയായ ഗിരിജയുടെ ഏക വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായിരുന്ന ഭർത്താവ് ജീവിച്ചിരിപ്പില്ല.

Tags:
  • Spotlight