Saturday 11 September 2021 12:02 PM IST : By സ്വന്തം ലേഖകൻ

കാലിന്റെ തുടയിൽ എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പ്പ് മുട്ടിലെടുത്തു; നടക്കാനാകാതെ ഒന്നര വയസുകാരന്‍ ചികിത്സയിൽ

child-11

കൊല്ലം തൃക്കോവില്‍വട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ പിഴവുണ്ടായെന്ന് പരാതി. കാലിന്റെ തുടയിൽ എടുക്കേണ്ട കുത്തിവെയ്പ്പ് മുട്ടിൽ എടുക്കുകയായിരുന്നു. ഇതേ തുടർന്ന് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി‌ലാണ്.  

മുഖത്തല സ്വദേശി ഷെഫീഖിന്റെ ഒന്നര വയസുകാരനായ മുഹമ്മദ് ഹംദാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്. കഴിഞ്ഞ ഒന്നിന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. തുടയിൽ എടുക്കേണ്ട കുത്തിവയ്പ് സ്ഥാനം തെറ്റിച്ച് കാലിന്റെ മുട്ടിലെടുത്തെന്നാണ് പരാതി. 

ആദ്യം ചെറിയ വേദനയില്‍ തുടങ്ങി പിന്നീട് കുഞ്ഞിന് നടക്കാനും ബുദ്ധിമുട്ടായി. കഴിഞ്ഞ അഞ്ചു ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകി. റവന്യൂ , ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിവരങ്ങളാരാഞ്ഞു. 

ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഇതിനോടകം ആവശ്യമുയര്‍‌ന്നിട്ടുണ്ട്. കുത്തിവെപ്പ് എടുത്ത നഴ്സിന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ട് സ്ഥാനം തെറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

Tags:
  • Spotlight