മൂന്നു തവണ ആസൂത്രണം പാളിയപ്പോഴാണ് സരിത ക്വട്ടേഷൻ സംഘത്തിലെ അനിമോനെയും മറ്റു ഭീഷണിപ്പെടുത്തിയതെന്നു പൊലിസ് പറയുന്നു. ഏകദേശം 80 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും അതിനുള്ള പലിശ ലഭിക്കാതായതോടെയാണ് പാപ്പച്ചൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ചിൽ പരാതി പറയാൻ എത്തിയത്. തുടർന്നാണ് സരിത സഹപ്രവർത്തകനായ അനൂപിന്റെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇരുവരും നേരത്തെ തന്നെ പാപ്പച്ചനുമായി അടുപ്പം സ്ഥാപിച്ചിരുന്നു. അങ്ങനെയാണ് മറ്റു ബാങ്കുകളിലെ നിക്ഷേപം തങ്ങളുടെ സ്ഥാപനത്തിലേക്ക് മാറ്റാനായി ആവശ്യപ്പെട്ടതും നിക്ഷേപിക്കാനായി പണം സരിതയെ ഏൽപിച്ചതും. പാപ്പച്ചൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും നിക്ഷേപങ്ങൾ സംബന്ധിച്ച വിവരം വീട്ടിലാർക്കും അറിയില്ലെന്നും ഇരുവർക്കും അറിയാമായിരുന്നു.
പാപ്പച്ചനെ കൊലപ്പെടുത്തിയാൽ അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ധാരണയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഒന്നാം പ്രതി അനിമോനും സരിതയും 5 വർഷങ്ങൾക്കു മുൻപ് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ അനിമോനെയും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനെയും ഏൽപിക്കുന്നത്. മേയ്18നാണ് അനിമോനും സംഘവും സരിതയെയും അനൂപിനെയും കാണുന്നത്.
അന്നുതന്നെ ആശ്രാമം മൈതാനത്തിനടുത്തുള്ള ബാറിനു സമീപത്തു വച്ച് സരിത 40000 രൂപ അഡ്വാൻസായി കൈമാറി. 2 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ ഉറപ്പിച്ചത്. മാഹിന്റെ ഓട്ടോറിക്ഷ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്താമെന്നാണ് ആദ്യം സംഘം കരുതിയത്. 20ന് ആസൂത്രണം ചെയ്തെങ്കിലും മഴയെ തുടർന്ന് പിറ്റേന്നത്തേക്ക് മാറ്റി വച്ചു. 21നും 22നും നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. 22ന് വൈകിട്ട് അനിമോനെ വിളിച്ച് സരിത ഭീഷണിപ്പെടുത്തി.
നിങ്ങൾക്കു പറ്റില്ലെങ്കിൽ പണിയറിയാവുന്ന വേറെ ആൾക്കാരെ ഏൽപിക്കുമെന്ന് സരിത പറഞ്ഞു. അങ്ങനെയാണ് ഹാഷിഫിന്റെ കൈയിലുള്ള കാർ അനിമോൻ എടുക്കുന്നത്. പാപ്പച്ചനെ വെളിയിലിറക്കാനുള്ള ദൗത്യം അനൂപ് ഏറ്റെടുത്തു. സരിത ആശ്രാമത്തിന് അടുത്ത് കാത്തുനിൽക്കുന്നുണ്ടെന്നും ചായ കുടിക്കാമെന്നും പറഞ്ഞാണ് മേയ് 23ന് ഉച്ചയ്ക്ക് അനൂപ് പാപ്പച്ചനെ വിളിക്കുന്നത്. ആശ്രാമം മൈതാനത്തിന് അടുത്ത് അനൂപും പാപ്പച്ചനും കണ്ടുമുട്ടി.
സൈക്കിളിൽ പാപ്പച്ചനും ബൈക്കിൽ അനൂപും നീങ്ങി. ഇതിനിടെ, പാപ്പച്ചനുമായി താനെത്തുന്ന വിവരം അനൂപ് അനിമോനു കൈമാറി.ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിനു മുന്നിലുള്ള റോഡിലൂടെ അൽപ ദൂരം പോയി. കാറിനെ മറികടന്നപ്പോൾ അനൂപ് മുന്നിലേക്ക് ബൈക്ക് ഓടിച്ചു പോയി. തുടർന്നാണ് പാപ്പച്ചന്റെ സൈക്കിളിൽ കാർ ഇടിക്കുന്നത്. മുന്നിലേക്ക് വീണ പാപ്പച്ചന്റെ മുകളിലൂടെ കാർ കയറ്റി.അതിനും അവിടെ ഓട്ടോറിക്ഷയുമായി കാത്തു നിന്ന മാഹിൻ സംഭവ സ്ഥലത്ത് എത്തി.ഇതിനിടെ നാട്ടുകാരും ഓടിക്കൂടി.
ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാമെന്ന് പലരും പറഞ്ഞെങ്കിലും മാഹിൻ കൂട്ടാക്കിയില്ല. ആംബുലൻസ് വിളിപ്പിച്ച് അതിലാണ് ഗുരുതരമായ പരുക്കേറ്റ പാപ്പച്ചനെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതക വിവരം പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അനിമോൻ, മാഹിൻ, ഹാഷിഫ് എന്നിവർ കൂടുതൽ തുക സരിതയിൽ നിന്നു വാങ്ങിയിട്ടുണ്ട്.
മൂവർക്കുമായി ഏകദേശം 19 ലക്ഷം കൈമാറിയെന്നാണ് വിവരം. ഹാഷിഫ് തന്നെ മൂന്നു ലക്ഷം കൈപ്പറ്റി. അങ്ങനെ 2 ലക്ഷത്തിന്റെ ക്വട്ടേഷൻ 19 ലക്ഷത്തിലെത്തി. കേസിന്റെ ചുരുൾ അഴിഞ്ഞില്ലെങ്കിൽ സരിതയെ ഭീഷണിപ്പെടുത്തി കൂടുതൽ തുക മൂവരും കൈപ്പറ്റാൻ സാധ്യതയുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫസ്റ്റ് ഹാഫ് അപകടം, കൈമാക്സ് കൊലപാതകം
‘വരൂ, ചായ കുടിക്കാം’ എന്നു പറഞ്ഞു ഫോൺ ചെയ്തു വീട്ടിൽ നിന്നു വിളിച്ചു വരുത്തുക. സൈക്കിളിൽ ചായ കുടിക്കാനെത്തിയ വയോധികനെ കാറിൽ കാത്തു കിടന്ന ക്വട്ടേഷൻ സംഘത്തിനു കാട്ടിക്കൊടുക്കുക. ക്വട്ടേഷൻ സംഘാംഗം വയോധികന്റെ ദേഹത്തുകൂടി കാർ ക്രൂരമായി കയറ്റിയിറക്കുക, ആശുപത്രിയിലെത്തിക്കാൻ മറ്റു വഴികളുണ്ടായിട്ടും, ഏറെ അകലെയല്ലാതെ ആശുപത്രികൾ ഉണ്ടായിട്ടും ആംബുലൻസ് വരട്ടെയെന്നു പറഞ്ഞു സമയം കളയാൻ ക്വട്ടേഷൻ സംഘാംഗം തന്നെ നേതൃത്വം കൊടുക്കുക... നാട് കണ്ട ഏറ്റവും ക്രൂരമായ മറ്റൊരു കൊലപാതകത്തിനു കൂടി കൊല്ലം നഗരം സാക്ഷ്യം വഹിക്കുന്നു. നഗരമധ്യത്തിൽ ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച് പൊലീസിന് ആദ്യം സംശയം ഉണ്ടായിരുന്നില്ല. അജ്ഞാത വാഹനം ഇടിച്ചു മരിച്ചതിന് കേസ് എടുക്കുകയും ചെയ്തു.
പിന്നീട് വാഹനം കണ്ടെത്തുകയും അത് ഓടിച്ചത് റൗഡി പട്ടികയിൽ ഉൾപ്പെട്ട അനിമോൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴും അപകടത്തിന് അപ്പുറം പൊലീസ് ചിന്തിച്ചില്ല. പിതാവിന്റെ മരണത്തെ തുടർന്നു നാട്ടിലെത്തിയ റേച്ചലിനോടു പാപ്പച്ചന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വലിയ വായ്പ ഉണ്ടെന്നു ചിലർ പറഞ്ഞു. ഇതിന്റെ വിവരം അന്വേഷിക്കാൻ അവിടെ എത്തിയ റേച്ചലിനോട് ബ്രാഞ്ച് മാനേജരായ യുവതി ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട്, അവിടെ നിന്ന് 25 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. സംശയം തോന്നിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അനിമോന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് സരിതയുമായി സംസാരിച്ചതായി തെളിഞ്ഞത്. റൗഡി പട്ടികയിൽ ഉൾപ്പെട്ട അനിമോനും സരിതയും തമ്മിൽ ഫോൺ കോളുകൾ എന്തിനെന്ന സംശയമാണ് വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്.
അപകട മരണത്തിന്റെ മൊഴി എടുക്കാനെന്ന വ്യാജേന പൊലീസ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നു വിവരം ശേഖരിച്ചു. ഓഡിറ്ററിൽ നിന്നാണ് ചില ക്രമക്കേടുകൾ അവിടെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. പ്രതികളെ കുറിച്ചു വിവരം ലഭിച്ച പൊലീസ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിലൊന്നും അന്വേഷണം സംബന്ധിച്ചു പ്രതികൾക്ക് ഒരു സൂചനയും ലഭിച്ചില്ല. മതിയായ തെളിവുകൾ ശേഖരിച്ച ശേഷമാണ് തിരുവനന്തപുരത്തു നിന്നു സരിതയെ കൂട്ടിക്കൊണ്ടുവന്നു കസ്റ്റഡിയിൽ എടുത്തത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അന്വേഷണം അതീവ രഹസ്യമായിരുന്നതിനാൽ പ്രതികൾക്ക് ഒളിവിൽ പോകാൻ അവസരം ലഭിച്ചില്ല.പ്രതികൾ അറസ്റ്റിലായ വിവരം ഉത്തർപ്രദേശിലുള്ള മകളെ പൊലീസ് അറിയിച്ചു.
പ്രതികളും അവരുടെ പങ്കും
ഒന്നാം പ്രതി അനിമോൻ: സ്ഥിരം കുറ്റവാളിയായ അനിമോനാണ് പാപ്പച്ചനെ വകവരുത്താൻ ഉപയോഗിച്ച കാർ അഞ്ചാം പ്രതി ഹാഷിഫിൽ നിന്നു വാടകയ്ക്കെടുത്തത്. പലർ കൈമാറി വന്ന വാഹനമാണിത്. പാപ്പച്ചനെ ഇടിച്ചുവീഴ്ത്തിയ കാറോടിച്ചത് അനിമോൻ ആണ്.
രണ്ടാം പ്രതി മാഹിൻ: കൊല്ലം നഗരത്തിലെ ഓട്ടോഡ്രൈവറായ മാഹിൻ ഒന്നാം പ്രതി അനിമോനുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കാറിടിച്ചു പാപ്പച്ചനെ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത് മാഹിൻ മാറി നിൽപുണ്ടായിരുന്നു. പാപ്പച്ചനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ പാഞ്ഞു പോയപ്പോൾ മാഹിൻ ഒന്നും അറിയാത്ത പോലെ സ്ഥലത്തെത്തുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുന്നതു താമസിപ്പിക്കാൻ ഓട്ടോയിലോ മറ്റു വാഹനത്തിലോ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ ആംബുലൻസ് വരട്ടെയെന്നു നാട്ടുകാരോടു പറഞ്ഞു മുന്നിൽ നിന്നതും മാഹിൻ ആയിരുന്നു.
മൂന്നാം പ്രതി സരിത: പാപ്പച്ചന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉൾപ്പെടെ വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന 53 ലക്ഷം രൂപ തിരിമറി നടത്തിയത് ബ്രാഞ്ച് മാനേജറായ സരിതയാണെന്നു പൊലീസ് കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോൾ പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. 2 ലക്ഷത്തിന് ഉറപ്പിച്ച ക്വട്ടേഷന്റെ പേരിൽ പലപ്പോഴായി 19 ലക്ഷം രൂപ ക്വട്ടേഷൻ സംഘം വാങ്ങിയെടുത്തു. അക്കൗണ്ടുകളിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 25 മുതൽ സസ്പെഷൻഷനിലാണ്.
നാലാം പ്രതി അനൂപ്: ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് എക്സിക്യൂട്ടീവ് ആയ അനൂപ് ആണ് സരിതയുടെ വലംകൈ ആയി പ്രവർത്തിച്ചത്. നേരത്തേ 3 തവണ പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം തക്കം നോക്കിയെങ്കിലും നടന്നിരുന്നില്ല. സംഭവ ദിവസം അനൂപാണ് പാപ്പച്ചനെ ആശ്രാമത്തേക്ക് ചായ കുടിക്കാനെന്ന പേരിൽ വിളിച്ചു വരുത്തുന്നത്. ക്വട്ടേഷൻ സംഘത്തിനു മുന്നിൽ പാപ്പച്ചനെ എത്തിച്ച ശേഷം ഇയാൾ സ്ഥലം വിട്ടു. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 25 മുതൽ സ്ഥാപനത്തിൽ നിന്നു സസ്പെൻഷനിലാണ്.
അഞ്ചാം പ്രതി ഹാഷിഫ്: കൊലപാതകത്തിന് ഉപയോഗിച്ച കാർ ഇയാളിൽ നിന്നാണ് അനിമോൻ എടുക്കുന്നത്. പലരിൽ നിന്നു കൈമറിഞ്ഞു വന്ന കാർ ഒടുവിലാണ് ഹാഷിഫിന്റെ കയ്യിലെത്തുന്നത്. പിന്നീട്, സംഭവം പുറത്തു പറയുമെന്നു വിരട്ടി സരിതയിൽ നിന്നും അനൂപിൽ നിന്നുമായി ഇയാൾ പലപ്പോഴായി പണം പറ്റി.