Tuesday 25 January 2022 11:48 AM IST : By സ്വന്തം ലേഖകൻ

അമിതവേഗം പലവട്ടം യാത്രക്കാർ വിലക്കി, എന്നിട്ടും... കൊല്ലത്ത് പൊലിഞ്ഞത് ഒരു ജീവൻ, ഇരുപതിലധികം പേർക്ക് പരുക്ക്

kollam-accident

ദേശീയപാതയിൽ ശക്തികുളങ്ങരയിൽ ഒരാളുടെ ജീവൻ പൊലിയാൻ ഇടയാക്കുകയും ഇരുപതിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടത്തിനു കാരണം സ്വകാര്യബസിന്റെ അമിതവേഗമെന്ന് നിഗമനം. അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും നരഹത്യക്കും സ്വകാര്യ ബസ് ഡ്രൈവർ മങ്ങാട് സ്നേഹനഗർ - 60 മുതിരയ്യത്ത് വീട്ടിൽ അരുണിന് (29) എതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

സ്വകാര്യബസിന്റെ അമിതവേഗവും അശ്രദ്ധമായ മറികടക്കലുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം ആർടിഒ ഡി. മഹേഷ് പറഞ്ഞു. ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി തുടങ്ങി. ഇന്നലെ രാവിലെ 9.15ന് ശക്തികുളങ്ങര മരിയാലയം ജംക്‌ഷനിൽ   പെട്രോൾ പമ്പിന് എതിർവശത്താണ് അപകടമുണ്ടായത്. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യബസും ആലപ്പുഴ ഭാഗത്തേക്ക് പോയ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.

അമിതവേഗത്തിലെത്തിയ സ്വകാര്യബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് പിന്നിലേക്ക് നീങ്ങിയ മിനിലോറി രണ്ട് സ്കൂട്ടറുകളിലും ഇടിച്ച് സ്കൂട്ടർ യാത്രികർക്കും പരുക്കേറ്റു. നാട്ടുകാർ വാൻ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനി ലോറി ഡ്രൈവർ പുഷ്പനെ രക്ഷപ്പെടുത്താനായില്ല.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ, മിനിലോറിയിലെ സഹായി ആവണീശ്വരം സ്വദേശി അജികുമാർ (29), മൂക്കിന് സാരമായി പരുക്കേറ്റ ബസ് യാത്രക്കാരി ചവറ സ്വദേശിനി ദേവിക (27) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടർ യാത്രികനായ തങ്കശേരി പുന്നത്തല സ്വദേശി മണികണ്ഠന് കൈക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

∙ പരുക്കേറ്റ ബസ് യാത്രക്കാർ: അജികുമാർ (19), മണികണ്ഠൻ (42), ചവറ സ്വദേശികളായ അനുപമ (21), വിപിൻ വിനോദ്, മീനു (17), ദേവിക (27), ചിന്നക്കട സ്വദേശി ലിയോ, നീണ്ടകര സ്വദേശികളായ സന്ധ്യ (35), അഷ്ന (15), അലീന (17), കോവിൽതോട്ടം സ്വദേശി ബീന, താഹ (58), ഉണ്ണി(20), കാർത്തിക്, മൈനാഗപ്പള്ളി സ്വദേശികളായ ആദിത്യ (18), രേഷ്മ (19), രമ്യ (33), അമ്പിളിഅമ്മ (60) ,നയന (18) .

∙ അമിതവേഗത്തിലാണ് ചവറയിൽ നിന്നേ ബസ് വന്നതെന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. മറ്റ് ബസുകാരോടുള്ള കയർക്കലും അപകടകരമായ ഓവർടേക്കിങ്ങും ഒട്ടേറെത്തവണയായപ്പോൾ യാത്രക്കാർ ഡ്രൈവറോട് വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നീണ്ടകര പാലത്തിൽ പോലും അപകടകരമാം വിധമാണ് വാഹനമോടിച്ചത്.

∙ അപകടത്തെ തുടർന്ന് പരുക്കേറ്റവരിൽ ഏറെയും വിദ്യാർഥികളാണ്. പത്തോളം വിദ്യാർഥികൾക്കാണ് പരുക്കുള്ളത്. കൂട്ടിയിടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യാത്രക്കാരിൽ പലരുടെയും പരുക്ക് സാരമാണ്. കൈക്കും കാലിനും പൊട്ടലേറ്റവർ മുതൽ മുക്കിനും പല്ലിനും വരെ പരുക്കുള്ളവരുമുണ്ട്. മുൻവശത്തിരുന്നവർക്കാണ് കൂടുതൽ പരുക്കേറ്റത്.

More