Wednesday 13 October 2021 11:45 AM IST : By സ്വന്തം ലേഖകൻ

മണ്ണിൽ കുളിച്ച് അവളുടെ കളിപ്പാട്ടവും സ്കൂൾ ബാഗും: സഹിക്കാനാകുന്നില്ല ആ കാഴ്ച: വേദനയായി ലിയാനയും ലുബാനയും

liyana-lubana

ഏഴു വയസുകാരി ലിയാനയും, ഏഴ് മാസക്കാരി ലുബാനയും... ഒരു നാടിന്റെ മുഴുവൻ കണ്ണീർ ചിത്രമായി അവർ മാറിയത് ഒരൊറ്റ രാത്രിയുടെ ഇടവേളയിൽ. ഒന്നുമറിയാതെ ഉമ്മയോടൊപ്പം കിടന്നുറങ്ങിയ മക്കളെ, മഴ വിതച്ച ദുരന്തം കവർന്നപ്പോൾ ഓരോ നെഞ്ചകങ്ങളും കണ്ണീരണിഞ്ഞു.

മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ പൊന്നുമക്കളുടെ മരണവാർത്ത കണ്ണീരോടെ നാട് കേൾക്കുമ്പോൾ ചില കാഴ്ചകൾ ഉള്ളുപൊള്ളിക്കുകയാണ്. എന്നും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ വീട്ടിൽ കളിചിരികൾ മാഞ്ഞതു തന്നെ ഒരു രാത്രിയുടെ ഇടവേളയിൽ. കുട്ടികളുടെ കളിപ്പാട്ടങ്ങളും സ്കൂൾ ബാഗും ഉൾപ്പെടെയുള്ളവ മണ്ണിൽ കുളിച്ചു കിടക്കുന്ന കാഴ്ചയായിരുന്നു രാവിലെ പലരും കണ്ടത്. കരിപ്പൂർ വലക്കണ്ടി പിഎംഎസ്എഎം എൽപി സകൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ലിയാന. സുമയ്യയുടെ സഹോദരിയും മാതാപിതാക്കളും മറ്റു ബന്ധുക്കളും ഈ വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ സന്തോഷത്തോടെ കിടന്നുറങ്ങിയവരാണ്.

വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു. പുലർച്ചെ 5 മണിക്കാണ് അപകടം. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രണ്ടു കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

പുലരും മുൻപേ അപകടമെത്തിയതും കുഞ്ഞുങ്ങൾ നഷ്ടമായതും അവർക്കു സഹിക്കാനും വിശ്വസിക്കാനും കഴിഞ്ഞിട്ടില്ല. പലപ്പോഴും വീട്ടുകാരെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കുട്ടികളുടെ മൃതദേഹങ്ങൾ മാതാംകുളം പുന്നത്ത് ജുമാമസ്ജിദിൽ കബറടക്കി. കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ നമസ്കാരത്തിനു നേതൃത്വം നൽകി.

സ്വപ്നം കണ്ടത് പുതിയ വീട്

പുതിയൊരു വീട് ആ കുടുംബം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. വീടിന്റെ തറ പൂർത്തിയായിരുന്നു. സംരക്ഷണഭിത്തിയും കെട്ടിയിരുന്നു. ഘട്ടംഘട്ടമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. അപകടമുണ്ടായ മുറിയുടെ തൊട്ടടുത്താണു വീടു പണിയുന്നത്. അപകടത്തിനിടയാക്കിയ കല്ലും മണ്ണും മുറി തകർത്തെത്തിയതും ഈ പുതിയ വീടുയരുന്ന മുറ്റത്തുനിന്നാണ്. രാത്രി മുതൽ പെയ്തു തുടങ്ങിയ മഴയാണു മണ്ണിടിച്ചിലിനിടയാക്കിയത്. അബൂബക്കർ സിദ്ദീഖ് കാസർകോട്ട് ബേക്കറിയിൽ ജോലിക്കാരനാണ്.  കഴിഞ്ഞ ദിവസം വീട്ടിലെത്തി ജോലി സ്ഥലത്തേക്ക്  മടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ അപകട വിവരംകേട്ട് ഉടൻ നാട്ടിലേക്കു മടങ്ങി.

മരിച്ച കുട്ടികളുടെ കുടുംബത്തിന് സഹായധനം അനുവദിക്കും

കരിപ്പൂരിൽ വീട് തകർന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര സഹായധനം അനുവദിക്കാൻ മന്ത്രി കെ.രാജൻ  കലക്ടർക്ക്  നിർദേശം നൽകി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട്  മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള റിപ്പോർട്ട്  സമർപ്പിക്കാൻ റവന്യു വകുപ്പ് സെക്രട്ടറിയോടും മന്ത്രി നിർദേശിച്ചു. 

കോഴിക്കോട് വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് ദുരിതമാകുന്നതിന് ശാശ്വത പരിഹാരം കാണാൻ എന്തു നടപടിയെടുക്കാമെന്നതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കലക്ടറെ ചുമതലപ്പെടുത്തി. കൊണ്ടോട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ജില്ലാ ഭരണകൂടം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വാഴയൂർ, പുളിക്കൽ പ്രദേശങ്ങളിലെ നിലവിലെ അവസ്ഥയും ദേശീയ പാതയിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും  പരിഹരിക്കണമെന്നും ടി.വി ഇബ്രാഹിം എംഎൽഎ ആവശ്യപ്പെട്ടു.പി. അബ്ദുൽ ഹമീദ് എംഎൽഎ, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു,  കലക്ടർ വി.ആർ.പ്രേംകുമാർ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

More