Wednesday 27 October 2021 11:36 AM IST : By സ്വന്തം ലേഖകൻ

വിദ്യാർത്ഥിനി വീട്ടിലേക്ക് ഓടിക്കയറിയത് കൈകൾ കെട്ടിയ നിലയിൽ, മുറിവ് നായ ഓടിച്ചതിനെ തുടർന്നെന്ന് പ്രതി: കൊണ്ടോട്ടിയില്‍ സംഭവിച്ചത്

kondotty

ആളൊഴിഞ്ഞ വയൽപ്രദേശത്തെ റോഡിലൂടെ നടന്നുപോയ വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരൻ പിടിയിൽ. ഇരുപത്തൊന്നുകാരിയായ വിദ്യാർഥിനിയുടെ വീടിന്റെ സമീപപ്രദേശത്തുള്ള പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പിടിയിലായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കൊണ്ടോട്ടിയിലേക്ക് പഠന ആവശ്യത്തിനായി പോവുകയായിരുന്നു വിദ്യാർഥിനി. വയൽപ്രദേശത്തെ റോഡിലൂടെ പോകുമ്പോൾ ആക്രമിച്ച ശേഷം റോഡിനോടു ചേർന്ന തോട്ടത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനി രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വിദ്യാർഥിനിയുടെ കൈകൾ കെട്ടിയ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഉടൻതന്നെ നാട്ടുകാരും പിന്നീട് പൊലീസും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പെൺകുട്ടി നൽകിയ മൊഴിയനുസരിച്ചു നടത്തിയ ഊർജിത അന്വേഷണമാണ് പതിനഞ്ചുകാരനിലേക്ക് എത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ബലപ്രയോഗത്തിനിടയിൽ പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളും പ്രധാന സൂചനയായി. നായ ഓടിച്ചതിനെ തുടർന്ന് മുറിവേറ്റതാണെന്ന് ആദ്യം പറഞ്ഞ പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

More