Friday 07 January 2022 12:48 PM IST : By സ്വന്തം ലേഖകൻ

കനാലിൽ ഒഴുക്കിൽപ്പെട്ട് മൂന്നു വയസ്സുകാരൻ; വെള്ളത്തിലേക്ക് എടുത്തുചാടി കുഞ്ഞിനെ ശരീരത്തോടു ചേർത്തുനിർത്തി അശ്വിൻ, അദ്‌ഭുതരക്ഷ

rescue556777

കനാലിലെ ഒഴുക്കിൽപ്പെട്ട മൂന്നു വയസ്സുകാരനെ സാഹസികമായി ജീവിതത്തിലേക്കു പിടിച്ചുകയറ്റി അയൽവാസികളായ സഹോദരങ്ങൾ. ഓട്ടോഡ്രൈവറായ കോനൂർ മുല്ലപ്പറമ്പിൽ രതീഷിന്റെയും സിന്ധുവിന്റെയും മക്കളായ അശ്വിൻ കൃഷ്ണയും (14) ആദി കൃഷ്ണയും (8) ആണു 3 വയസ്സുകാരനെ ജീവിതത്തിലേക്കു പിടിച്ചു കയറ്റിയത്. ഇടതുകര കനാലിൽനിന്നു കൊരട്ടിയിലേക്കു വെള്ളമെത്തുന്ന വലിയ കനാലിൽ മര്യാദപാലത്തിനു സമീപത്താണു കുഞ്ഞ് ഒഴുക്കിൽപ്പെട്ടത്.

കനാലിനു സമീപത്തെ വീട്ടിൽ ഓടിക്കളിക്കുന്നതിനിടെ കുട്ടി കനാലിൽ വീഴുകയായിരുന്നു. ഇതുകണ്ടു സമീപത്തുണ്ടായിരുന്ന പെൺകുട്ടി നിലവിളിച്ചു. ഓടിയെത്തിയ അശ്വിനും ആദിയും കുഞ്ഞ് ഒഴുകിപ്പോകുന്നതു കണ്ടു. ഇരുവരും കനാൽ തീരത്തുകൂടി ഓടി കുഞ്ഞിനരികിലെത്തി. അശ്വിൻ ഒഴുക്കിലേക്ക് എടുത്തുചാടി കുഞ്ഞിനെ ഒരുവിധം ശരീരത്തോടു ചേർത്തുനിർത്തി.

മറുകൈ കൊണ്ടു തുഴഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും ദുഷ്കരമായി. ഉടൻ ആദി കനാലിന്റെ ഓരത്തേക്കിറങ്ങി കുഞ്ഞിനെ കയ്യിൽ വാങ്ങി. അപ്പോഴേക്കും വീട്ടുകാർ ഓടിയെത്തി. കൊരട്ടി എംഎഎം ഹൈസ്കൂളിൽ 9–ാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. എൻസിസി കെഡറ്റ് കൂടിയാണ്. കൊരട്ടി ചർച്ച് എൽപി സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണ് ആദി. 

Tags:
  • Spotlight