Monday 28 November 2022 10:27 AM IST : By സ്വന്തം ലേഖകൻ

ബസിനുള്ളിൽ മൂന്നു വയസ്സുകാരനു അപസ്മാരബാധ: പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് രണ്ടു സ്കൂൾ വിദ്യാർഥികൾ, ജീവന്‍രക്ഷ

kottarakkar456

ബസിനുള്ളിൽ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സയ്ക്കു വഴി‌യൊരുക്കി ജീവൻ രക്ഷിച്ചത് രണ്ടു സ്കൂൾ വിദ്യാർഥികൾ. അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. തൃക്കണ്ണമംഗൽ എസ്കെവി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.

ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പൊലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

സ്വന്തം സ്കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ എത്തിയത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ഓക്സിജൻ അളവു കുറവായിരുന്നു.ഡോക്ടർമാർ അടിയന്തരമായി ഓക്സിജൻ നൽകി. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളുടെ മാതൃകാ ദൗത്യത്തിൽ അഭിനന്ദന പ്രവാഹമാണ്. സ്കൂളിൽ ഇന്ന് അനുമോദന യോഗം നടക്കും. പഠനത്തിലും മിടുക്കരാണ് ഇരുവരും.

Tags:
  • Spotlight